നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • IND vs ENG | രോഹിത് ശര്‍മ്മ ഫോമിലെത്തിയാല്‍ ഇന്ത്യ ഇംഗ്ലണ്ടിനെ തരിപ്പണമാക്കും: ആശിഷ് നെഹ്റ

  IND vs ENG | രോഹിത് ശര്‍മ്മ ഫോമിലെത്തിയാല്‍ ഇന്ത്യ ഇംഗ്ലണ്ടിനെ തരിപ്പണമാക്കും: ആശിഷ് നെഹ്റ

  'അവന് തിളങ്ങാനായാല്‍ ഇന്ത്യയുടെ കിരീട സാധ്യത ഇരട്ടിക്കും.'

  rohit sharma

  rohit sharma

  • Share this:
   ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ ടെസ്റ്റ് പരമ്പര മത്സരങ്ങള്‍ നാളെ ആരംഭിക്കുകയാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ നിരാശപ്പെടുത്തുന്ന തോല്‍വിക്ക് ശേഷം ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരക്കുള്ള അവസാന വട്ട തയാറെടുപ്പിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഇന്ത്യയെ സംബന്ധിച്ച് അഭിമാന പോരാട്ടമാണ്.

   ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ തോറ്റപ്പോള്‍ ഇന്ത്യയുടെ മികവിനെ ചോദ്യം ചെയ്ത് രംഗത്ത് വന്നവര്‍ക്ക് ഈ പരമ്പരയിലെ മികച്ച പ്രകടനം കൊണ്ട് മറുപടി നല്‍കാനാകും ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും സംഘവും ലക്ഷ്യമിടുന്നത്. ഇംഗ്ലണ്ടിനെ അവരുടെ നാട്ടില്‍ തോല്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ അത് ഇന്ത്യന്‍ സംഘത്തിനും വലിയൊരു നേട്ടമാകും പ്രത്യേകിച്ചും 2007ന് ശേഷം ഇംഗ്ലണ്ടില്‍ ഇതുവരെയും പരമ്പര ജയിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല എന്ന കാര്യം കൂടി പരിഗണിക്കുമ്പോള്‍.

   ഇപ്പോള്‍ വിരാട് കോഹ്ലി നയിക്കുന്ന ഇന്ത്യന്‍ ടീമിന്റെ സാധ്യതകളെക്കുറിച്ച് പ്രവചനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ആശിഷ് നെഹ്റ. 'രോഹിത് ശര്‍മ എല്ലാ മത്സരവും കളിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. രോഹിതിന്റെ മികച്ച പര്യടനമായിരിക്കും ഇതെന്നാണ് കരുതുന്നതും. അവന് തിളങ്ങാനായാല്‍ ഇന്ത്യയുടെ കിരീട സാധ്യത ഇരട്ടിക്കും. മികച്ച തുടക്കം ലഭിച്ചാല്‍ വലിയ അടിത്തറ ഉണ്ടാക്കാന്‍ ഇന്ത്യക്ക് സാധിച്ചേക്കും.'- നെഹ്റ പറഞ്ഞു.

   'ബൗളിംഗിന്റെ കാര്യത്തില്‍ ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ എന്നിവര്‍ക്കാണ് ആദ്യ ടെസ്റ്റില്‍ മുഖ്യ പരിഗണന. ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് തുടങ്ങിയ പിച്ചുകളിലാണ് കൂടുതല്‍ പേസിന്റെ ആവശ്യം വരുന്നത്. ഇവിടെ പ്രതീക്ഷിക്കുന്ന അത്ര ടേണ്‍ ലഭിക്കാറില്ല. എല്ലാ പിച്ചിലും സ്വിങ് ലഭിക്കുമെന്നും കരുതരുത്.'- നെഹ്റ ചൂണ്ടിക്കാണിച്ചു.

   ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യക്ക് കളിക്കാനുള്ളത്. മത്സരങ്ങള്‍ ഓഗസ്റ്റ് 4 മുതല്‍ സെപ്റ്റംബര്‍ 14 വരെ നോട്ടിങ്ഹാം, ലണ്ടന്‍, ലീഡ്‌സ്, മാഞ്ചെസ്റ്റര്‍ എന്നിവിടങ്ങളിലാണ് നടക്കുക. അതേസമയം പരമ്പര ആരംഭിക്കുന്നതിന് തൊട്ടു മുമ്പ് ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. ഓപ്പണര്‍ മായങ്ക് അഗര്‍വാളിന് പരിശീലനത്തിനിടെ പരിക്കേറ്റു. ഇതോടെ ആദ്യ ടെസ്റ്റില്‍ മായങ്ക് കളിക്കില്ലെന്ന് ഉറപ്പായി കഴിഞ്ഞു. പരിശീലനത്തിനിടെ ഇന്ത്യയുടെ പേസര്‍ മുഹമ്മദ് സിറാജിന്റെ ബൌണ്‍സര്‍ തലയില്‍ കൊണ്ടാണ് മായങ്ക് അഗര്‍വാളിന് പരിക്കേറ്റത്.

   നേരത്തെ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെ പരിക്കിനെ തുടര്‍ന്ന് ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. ഇതോടെ ഓപ്പണിങ് സ്ഥാനത്തേക്ക് പകരക്കാരെ കണ്ടെത്താന്‍ ഇന്ത്യ ബുദ്ധിമുട്ടുമെന്നാണ് സൂചന. കെ. എല്‍ രാഹുല്‍ പകരക്കാരനാകുമെന്നാണ് സൂചന. മധ്യനിരയില്‍ ഇറങ്ങാന്‍ ഇഷ്ടപ്പെട്ടിരുന്ന രാഹുല്‍ വീണ്ടും ഓപ്പണറായി എത്തും. ബംഗാള്‍ ഓപ്പണര്‍ അഭിമന്യു ഈശ്വരനാണ് ഓപ്പണിങ് സ്ഥാനത്തേക്ക് പരിഗണിക്കുന്ന മറ്റൊരു താരം.

   ഇന്ത്യന്‍ സ്‌ക്വാഡ്:

   വിരാട് കോഹ്ലി, രോഹിത് ശര്‍മ, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ, ഹനുമ വിഹാരി, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുമ്ര, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ്, സൂര്യകുമാര്‍ യാദവ്, പൃഥ്വി ഷാ, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ, അഭിമന്യു ഈശ്വരന്‍.
   Published by:Sarath Mohanan
   First published:
   )}