റയല്‍ സോസിദാദിനെതിരെ വിജയം നേടി അത്‌ലറ്റിക്കോ മാഡ്രിഡ്; ലാലിഗ കിരീടം കയ്യെത്തും ദൂരത്ത്
- Published by:Jayesh Krishnan
- news18-malayalam
Last Updated:
വിജയത്തോടെ 36 മത്സരങ്ങളില്‍ 80 പോയിന്റുമായി ലീഗില്‍ ഒന്നാം സ്ഥാനത്ത് ലീഡ് ഉയര്‍ത്താന്‍ അത്‌ലറ്റിക്കോയ്ക്ക് ആയി
ലാലിഗയില്‍ ഫോട്ടോഫിനിഷിലേക്ക് നീങ്ങുന്ന കിരീട പോരാട്ടത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിന് വലിയ മുന്‍തൂക്കം. ഇന്നലെ റയല്‍ സോസിദാദിനെ നേരിട്ട അത്‌ലറ്റിക്കോ മാഡ്രിഡ് 2-1നാണ് വിജയിച്ചത്. അത്‌ലറ്റിക്കോ മാഡ്രിഡിന് ശേഷിക്കുന്നതില്‍ ഏറ്റവും വിഷമമുള്ള മത്സരം ആയിരുന്നു ഇത്. അതില്‍ വിജയിക്കാന്‍ ആയതോടെ അത്‌ലറ്റിക്കോ മാഡ്രിഡ് കിരീടത്തിന് അടുത്തെത്തിയിരിക്കുകയാണ്.
ആദ്യ പകുതിയില്‍ 28 മിനുട്ട് കൊണ്ട് തന്നെ അത്‌ലറ്റിക്കോ മാഡ്രിഡ് രണ്ട് ഗോളിന്റെ ലീഡ് പോക്കറ്റിലാക്കി. കരാസ്‌കോ ആണ് 16ആം മിനുട്ടില്‍ അത്‌ലറ്റിക്കോയ്ക്ക് ലീഡ് നല്‍കിയത്. യൊറന്റയുടെ പാസില്‍ നിന്നായിരുന്നു കരാസ്‌കോയുടെ ഗോള്‍. ഈ സീസണില്‍ ഈ രണ്ടു പേരും പല ഘട്ടങ്ങളിലായി അത്‌ലറ്റിക്കോ മാഡ്രിഡിന്റെ രക്ഷകരായി എത്തിയിട്ടുണ്ട്.
ഈ ഗോളിന് പിന്നാലെ 28ആം മിനുട്ടില്‍ സുവാരസിന്റെ പാസില്‍ നിന്ന് കൊറെയ രണ്ടാം ഗോളും നേടി. കളിയുടെ അവസാന നിമിഷങ്ങളില്‍ ആയിരുന്നു സുബൈല്‍ദയിലൂടെ സോസിദാദ് ആശ്വാസ ഗോള്‍ നേടിയത്. വിജയത്തോടെ 36 മത്സരങ്ങളില്‍ 80 പോയിന്റുമായി ലീഗില്‍ ഒന്നാം സ്ഥാനത്ത് ലീഡ് ഉയര്‍ത്താന്‍ അത്‌ലറ്റിക്കോയ്ക്ക് ആയി. രണ്ടാമതുള്ള ബാഴ്‌സലോണക്കു 76 പോയിന്റും മൂന്നാമതുള്ള റയലിനു 75 പോയിന്റ് വീതമാണ് ഉള്ളത്. റയല്‍ ഒരു മത്സരം കുറവാണ് കളിച്ചത്.\
advertisement
അവസാനമായി 2013-14 സീസണിലാണ് അത്‌ലറ്റിക്കോ മാഡ്രിഡ് ലാലിഗ കിരീടം നേടിയത്. അതിനു ശേഷം ഉള്ള സീസണുകളില്‍ റയലോ ബാഴ്‌സലോണയോ അല്ലാതെ വേറെ ഒരു ടീമും ലാലിഗ കിരീടം തൊട്ടിട്ടില്ല. ഇനിയുള്ള രണ്ട് മത്സരങ്ങളില്‍ ഒസാസുന, വല്ലഡോയിഡ് എന്നീ ടീമുകളെയാണ് അത്‌ലറ്റിക്കോ മാഡ്രിഡ് നേരിടേണ്ടത്.
സെല്‍റ്റ വിഗൊ, ഐബര്‍ എന്നിവരാണ് ബാഴ്‌സലോണയുടെ ഇനിയുള്ള എതിരാളികള്‍. ലെവന്റൊയോട് സമനില വഴങ്ങിയതാണ് ലീഡെടുക്കാനുള്ള സുവര്‍ണാവസരം ബാഴ്സയ്ക്ക് നഷ്ടമായത്. ആറു ഗോള്‍ ത്രില്ലറില്‍ ആദ്യ പകുതിയില്‍ രണ്ടുഗോളിനു മുന്നിട്ടു നിന്ന ശേഷമാണ് ബാഴ്സലോണ സമനില വഴങ്ങിയത്. സമനിലയോടെ കിരീട പ്രതീക്ഷകള്‍ക്കും മങ്ങലേറ്റ ബാഴ്സക്ക് ഇനി അത്‌ലറ്റികോയുടേയും റയലിന്റേയും മത്സരഫലങ്ങള്‍ക്ക് കൂടി കാത്തിരിക്കണം. അവര്‍ ബാക്കിയുള്ള മത്സരങ്ങള്‍ തോറ്റാല്‍ മാത്രമേ ഇനി ബാഴ്സക്ക് ഈ സീസണിലെ കിരീടം സ്വന്തമാവുകയുള്ളൂ.
advertisement
അത്‌ലറ്റിക് ബില്‍ബാവൊ, വിയ്യറയല്‍, ഗ്രനഡ എന്നിവരെ ആകും റയല്‍ മാഡ്രിഡ് നേരിടേണ്ടത്. അവസാന മത്സരത്തില്‍ സെവിയ്യയോട് 2-2ന് സമനിലയില്‍ കുരുങ്ങിയതാണ് റയലിന് തിരിച്ചടിയായത്. കൂട്ടത്തില്‍ ഏറ്റവും കടുപ്പമുള്ള ഫിക്‌സ്ചര്‍ ഉള്ളത് റയലിനാണ്. ഹെഡ് ടു ഹെഡില്‍ ബാഴ്‌സലോണക്ക് എതിരെയും അത്‌ലറ്റിക്കോ മാഡ്രിഡിന് എതിരെയും മുന്‍തൂക്കമുള്ള റയലിന് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നുണ്ട്. എന്തായാലും കിരീട പോരാട്ടം മെയ് 23ലെ അവസാന രാത്രി വരെ നീളും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 13, 2021 3:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
റയല്‍ സോസിദാദിനെതിരെ വിജയം നേടി അത്‌ലറ്റിക്കോ മാഡ്രിഡ്; ലാലിഗ കിരീടം കയ്യെത്തും ദൂരത്ത്


