റംസാന്‍ വ്രതമെടുത്ത് കളിക്കാന്‍ ഇറങ്ങി; മികച്ച പ്രകടനം കാഴ്ചവച്ച മുഹമ്മദ് റിസ്വാനെ പ്രശംസിച്ച് ബാബര്‍ അസം

Last Updated:

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി20യിലെ തകര്‍പ്പന്‍ വിജയത്തിനു പിന്നാലെയാണ് റിസ്വാന്റെ സമര്‍പ്പണ ബോധത്തെ പ്രശംസിച്ച് അസം രംഗത്ത് വന്നത്

റംസാന്‍ നോമ്പ് എടുത്തിട്ടും ദീര്‍ഘനേരം വിക്കറ്റ് കീപ്പറായി നില്‍ക്കുകയും പിന്നീട് ഓപ്പണറായി ഇറങ്ങി മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്ത പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായ മുഹമ്മദ് റിസ്വാനെ പുകഴ്ത്തി ക്യാപ്റ്റന്‍ ബാബര്‍ അസം.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി20യിലെ തകര്‍പ്പന്‍ വിജയത്തിനു പിന്നാലെയാണ് റിസ്വാന്റെ സമര്‍പ്പണ ബോധത്തെ പ്രശംസിച്ച് അസം രംഗത്ത് വന്നത്. മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ബാറ്റു ചെയ്യുമ്പോള്‍ 20ഓവറും വിക്കറ്റ് കാത്ത റിസ്വാന്‍, തുടര്‍ന്ന് ഓപ്പണറായെത്തി അസമിനൊപ്പം 197 റണ്‍സിന്റെ റെക്കോര്‍ഡ് കൂട്ടുകെട്ടിലും തന്റെ പങ്ക് വഹിച്ചു.
സെഞ്ചൂറിയനില്‍ നടന്ന മൂന്നാം ടി20യില്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 204 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താന്‍, ബാബര്‍ അസമിന്റെ സെഞ്ചുറിയുടേയും റിസ്വാന്റെ അര്‍ധസെഞ്ചുറിയുടെയും കരുത്തില്‍ രണ്ട് ഓവര്‍ ബാക്കിനിര്‍ത്തി ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം നേടിയിരുന്നു. മത്സരത്തില്‍ അസം 59 പന്തില്‍ 122 റണ്‍സെടുത്ത് അവസാന നിമിഷം പുറത്തായപ്പോള്‍, റിസ്വാന്‍ 47 പന്തില്‍ അഞ്ച് ഫോറും രണ്ടു സിക്‌സും സഹിതം 73 റണ്‍സുമായി പുറത്താകാതെ നിന്നു. ഇതോടെ നാലു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ പാകിസ്താന്‍ 2-1ന് മുന്നിലെത്തുകയും ചെയ്തു.
advertisement
മത്സരത്തിന് ശേഷമുള്ള സംഭാഷണത്തിന് ഇടയിലാണ് നോമ്പെടുത്തിട്ടും ദീര്‍ഘനേരം മൈതാനത്ത് നിന്ന് പാകിസ്താന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച റിസ്വാനെ അസം പ്രശംസ കൊണ്ട് മൂടിയത്.
'റിസ്വാനുമൊത്തുള്ള കൂട്ടുകെട്ട് മികച്ചതായിരുന്നു. ക്രിക്കറ്റിനോടുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണം അംഗീകരിച്ചേ തീരൂ. കാരണം, നോമ്പെടുക്കുമ്പോള്‍ കളിക്കുന്നതുതന്നെ വളരെ ബുദ്ധിമുട്ടാണ്. അതിന് പുറമെയാണ് അദ്ദേഹം ആദ്യ ഇന്നിങ്‌സിലുടനീളം വിക്കറ്റ് കീപ്പറായി നിക്കുകയും തൊട്ടുപിന്നാലെ 18 ഓവര്‍ തുടര്‍ച്ചയായി ബാറ്റ് ചെയ്യുകയും ഉണ്ടായത്' അസം പറഞ്ഞു.
'ഒരുപാട് ധൈര്യവും ആത്മവിശ്വാസവും വേണ്ടുന്ന ഒരു പ്രവൃത്തിയാണത്. അവന്റെ ഈ പ്രകടനം മൊത്തം ടീമിന് ഒരുപാട് പ്രചോദനവും ആത്മവിശ്വാസവും നേടാന്‍ കഴിഞ്ഞു' അസം കൂട്ടിച്ചേര്‍ത്തു.
advertisement
അതേസമയം, ഐ സി സിയുടെ പുതുക്കിയ ഏകദിന ബാറ്റിങ്ങ് റാങ്കിങ്ങില്‍ പാകിസ്താന്‍ താരം ബാബര്‍ അസം വിരാട് കോഹ്ലിയെ മറികടന്ന് ഒന്നാമതെത്തി. 2017 ഒക്ടോബറിനു ശേഷം ഒന്നാമത് തുടരുന്ന വിരാട് കോഹ്ലിയെ പിന്തള്ളിയാണ് ബാബര്‍ അസം ഒന്നാമത് എത്തിയത്. 1258 ദിവസമാണ് വിരാട് കോഹ്ലി ഒന്നാമത് തുടര്‍ന്നത്. സൗത്താഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനത്തിന് പുറകെയാണ് ബാബര്‍ അസം ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. പാകിസ്താന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ റാങ്കിങ്ങില്‍ ഒന്നാമതെത്തുന്ന നാലാമത്തെ ബാറ്റ്‌സ്മാനാണ് ബാബര്‍.
advertisement
മൂന്നാം ടി20 മത്സരം തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് ഐസിസി പുതുക്കിയ റാങ്കിങ് പട്ടിക ഇറക്കിയത്. അത്തരമൊരു ഇന്നിംഗ്‌സ് കളിക്കാനായി വളരെക്കാലം കാത്തിരിക്കുകയായിരുന്നെന്ന് താരം പറഞ്ഞു.
''ഞാന്‍ അത്തരമൊരു ഇന്നിംഗ്‌സിനായി വളരെക്കാലം കാത്തിരിക്കുകയായിരുന്നു. ഞാന്‍ അതിനായി ഒരുങ്ങിയിരുന്നു, ഒരു അവസരം ലഭിച്ചാല്‍ അത് പിടിച്ചെടുക്കാമെന്ന് എനിക്ക് തോന്നി. ഇത്തരമൊരു നേട്ടത്തില്‍ എത്താന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. ഞാന്‍ എന്റെ കരുത്തില്‍ ഉറച്ചുനിന്നു, ടീമിന്റെ ആവശ്യകതകള്‍ക്കനുസൃതമായി എന്റെ ഗെയിം പ്ലാന്‍ വികസിപ്പിച്ചെടുത്തു. നിങ്ങള്‍ക്ക് ഒരു ഓവര്‍ 10 വേണമെങ്കില്‍, നിങ്ങള്‍ തീര്‍ച്ചയായും വേഗത്തില്‍ കളിക്കണം, അതിനായി നിങ്ങള്‍ റിസ്‌ക് എടുക്കണം' അദ്ദേഹം പറഞ്ഞു.
advertisement
പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും ടി 20 വെള്ളിയാഴ്ച സെഞ്ചൂറിയനില്‍ നടക്കും.
മലയാളം വാർത്തകൾ/ വാർത്ത/Sports/
റംസാന്‍ വ്രതമെടുത്ത് കളിക്കാന്‍ ഇറങ്ങി; മികച്ച പ്രകടനം കാഴ്ചവച്ച മുഹമ്മദ് റിസ്വാനെ പ്രശംസിച്ച് ബാബര്‍ അസം
Next Article
advertisement
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ട്രാവിസ് ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി രൂപ വീതം വാഗ്ദാനം ചെയ്തോ?
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി വാഗ്ദാനം ചെയ്തോ?
  • ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് ടി20 കളിക്കാന്‍ 58 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് റിപ്പോര്‍ട്ട്.

  • പാറ്റ് കമ്മിന്‍സും ട്രാവിസ് ഹെഡും ഈ വാഗ്ദാനം നിരസിച്ച് ഓസ്‌ട്രേലിയയ്ക്കായി കളിക്കാന്‍ തീരുമാനിച്ചു.

  • ഓസ്‌ട്രേലിയയുടെ ബിഗ് ബാഷ് ലീഗിനെ സ്വകാര്യവത്കരിക്കാന്‍ ഈ സംഭവങ്ങള്‍ പ്രേരണ നല്‍കിയതായി റിപ്പോര്‍ട്ട്.

View All
advertisement