പുരുഷ, വനിതാ ടീമുകളുടെ ലീഗ് കിരീടനേട്ടം ആഘോഷമാക്കി ബാഴ്സലോണ ആരാധകർ. നഗരത്തിൽ വമ്പൻ പരേഡു നടത്തിയാണ് ആരാധകർ കിരീടനേട്ടം ആഘോഷമാക്കിയത്. എസ്പാന്യോളിനെ തോൽപ്പിച്ചാണ് ഞായറാഴ്ച ബാഴ്‌സലോണയുടെ പുരുഷ ടീം ലാലിഗ കിരീടം നേടിയത്. ഏപ്രിൽ അവസാനമാണ് ബാഴ്‌സയുടെ വനിതാ ടീം തുടർച്ചയായ നാലാം ലിഗ എഫ് കിരീടം സ്വന്തമാക്കിയത്. രണ്ട് ഓപ്പൺ-ടോപ്പ് ബസുകളിലായാണ് കളിക്കാർ പരേഡിനെത്തിയത്. പോപ്പ് ഗാനങ്ങൾ പ്ലേ ചെയ്തു കൊണ്ട് മറ്റൊരു ബസും അകമ്പടിയായുണ്ടായിരുന്നു. മഴയെ പോലും വകവെയ്ക്കാതെയാണ് ആരാധകർ ബാഴ്സയുടെ വിജയം ആഘോഷമാക്കാൻ തെരുവിൽ അണിനിരന്നത്.
ബാഴ്സ പ്രതിരോധനിരയിലെ റൊണാൾഡ് അരൗജോ ഉറുഗ്വേ പതാക ചുറ്റിയാണ് എത്തിയത്. ലാ ലിഗയിലെ ടോപ് സ്കോറർ റോബർട്ട് ലെവൻഡോവ്സ്കി സൺഗ്ലാസും ബാഴ്സലോണയുടെ സ്കാർഫ് ധരിച്ചെത്തി. ഇതിനിടെ ബാഴ്സ കോച്ച് സാവി, ആരാധകർക്ക് ഒരു ക്യാൻ ബിയറും എറിഞ്ഞു കൊടുത്തിരുന്നു. സാവിയുടെ പേര് ഇടക്കിടെ ആരാധകർ ഉച്ചത്തിൽ പറയുന്നതും കേൾക്കാമായിരുന്നു. ‘ലീഗ് നമ്മുടേതാണ്, ഭാവിയും’ എന്നെഴുതിയ ടീ ഷർട്ടുകളാണ് പുരുഷ വനിതാ താരങ്ങൾ ധരിച്ചിരുന്നത്.
Also read-IPL ഷോയിൽ വിവാദ കൊമേഡിയൻ മുനവർ ഫറൂഖി; സ്റ്റാർ സ്പോർട്സ് ബഹിഷ്കരിക്കണമെന്ന് ആഹ്വാനം
”ആരാധകരും ഞങ്ങളും ഏറെ ആവേശഭരിതരായിരുന്നു. ഈ അഭിമാന നേട്ടത്തിന്റെ സന്തോഷം അവരുമായി പങ്കിടാൻ സാധിച്ചത് വലിയ കാര്യം തന്നെയാണ്”, ഗോൾകീപ്പർ മാർക്ക്-ആന്ദ്രെ ടെർ സ്റ്റെഗൻ ക്ലബ് ടെലിവിഷനോട് പറഞ്ഞു.
ബാഴ്‌സലോണയുടെ വനിതാ ടീം ചാമ്പ്യൻസ് ലീഗ് ഫൈനലിലും എത്തിയിട്ടുണ്ട്. ജൂൺ മൂന്നിന് ഐൻഡ്‌ഹോവനിൽ നടക്കുന്ന ഫൈനലിൽ ഇവർ വോൾഫ്‌സ്ബർഗിനെ നേരിടും. പുരുഷ ടീം ഗ്രൂപ്പ് ഘട്ടത്തിൽ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായിരുന്നു. “ഞങ്ങൾ ആരാധകർക്കൊപ്പം ലിഗ എഫ് കിരീട നേട്ടം ആഘോഷമാക്കി. പക്ഷേ ഞങ്ങളുടെ മനസ് ഇപ്പോൾ ഐൻഡ്‌ഹോവനിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. ഞങ്ങൾ ഇനിയും മികച്ച പ്രകടനം കാഴ്ച വെയ്ക്കും” രണ്ട് തവണ വനിതാ ബാലൺ ഡി ഓർ നേടിയ ബാഴ്സ താരം അലക്സിയ പുട്ടെല്ലസ് പറഞ്ഞു.
ആരാധകരിൽ ചിലർ വീടുകളുടെ ബാൽക്കണിയിൽ നിന്ന് പതാകകൾ വീശിയാണ് ബാഴ്സ താരങ്ങളെ സ്വീകരിച്ചത്. ചിലർ കെട്ടിടങ്ങളുടെ മുകളിലും മറ്റും കയറി നിന്നാണ് ഈ കാഴ്ചകൾ കണ്ടത്. ആരാധകരിൽ ചിലർ ബാഴ്സലോണയുടെ മുൻ താരം മെസിയുടെ പേരും ഇടക്കിടെ വിളിച്ചു പറയുന്നുണ്ടായിരുന്നു. ഫ്രാൻസിലെ കരാർ അവസാനിച്ചു കഴിഞ്ഞാൽ ബാഴ്‌സലോണ അദ്ദേഹത്തെ തിരികെ വിളിക്കുമെന്ന പ്രതീക്ഷയും ചിലർ പങ്കുവെച്ചു. മെസിയെ തിരിച്ചെത്തിക്കാന്‍ സാധ്യമാകുന്ന എല്ലാ വഴികളും നോക്കുന്നുണ്ടെന്ന് ക്ലബ്ല് പ്രസിഡന്റ് ജോവാൻ ലാപോർട്ടയും പറഞ്ഞു. ബാഴ്‌സലോണയുടെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോററായ മെസി 2021ലാണ് ക്ലബ്ബ് വിട്ടത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.