വനിതാ ക്രിക്കറ്റ് ടീമിലെ കളിക്കാർക്ക് ലോകകപ്പ് സമ്മാനതുക നല്‍കിയില്ല എന്ന ആരോപണത്തിനു ശേഷം ഇന്ത്യൻ ക്രിക്കറ്റിൽ മറ്റൊരു വിവാദം കൂടി. ഇന്ത്യൻ പ്രീമിയർ ലീഗിൽ കേരളത്തില്‍ നിന്നുള്ള ടീമായിരുന്ന കൊച്ചി ടസ്കേഴ്സ് കേരളയുടെ താരങ്ങള്‍ക്ക് ഇപ്പോഴും പ്രതിഫലത്തുകയുടെ ബാക്കി കിട്ടാനുണ്ടെന്ന് ഓസ്ട്രേലിയന്‍ താരം ബ്രാഡ് ഹോഡ്ജ് വെളിപ്പെടുത്തിയിരിക്കുകയാണ്. കൊച്ചി ടസ്കേഴിസിനു വേണ്ടി കളിച്ചപ്പോഴുള്ള 35 % പണം ഇനിയും ലഭിക്കാനുണ്ട് എന്നാണ് ബ്രാഡ് ഹോഡ്ജ് പറഞ്ഞത്.
ഇക്കഴിഞ്ഞ വനിതാ ടി20 ലോകകപ്പിൽ രണ്ടാം സ്ഥാനക്കാരായ ഇന്ത്യന്‍ വനിതാ ടീമിന് ബി സി സി ഐ എന്തുകൊണ്ടാണ് ലഭിച്ച സമ്മാനതുക നല്‍കാത്തത് എന്ന വലിയ ആരോപണം ക്രിക്കറ്റ് ലോകത്തും വളരെ സജീവ ചര്‍ച്ചയായിരുന്നു. കഴിഞ്ഞ വര്‍ഷം കിട്ടിയ തുകയാണ് താരങ്ങള്‍ക്ക് നല്‍കാതിരുന്നത്. ആരോപണമുന്നയിച്ചതിന് പിന്നാലെ പല മുന്‍ താരങ്ങളടക്കം രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയത് ബി സി സി ഐക്ക് തിരിച്ചടിയായി. ഇന്ത്യന്‍ വനിതാ ടീമിനു തുക കൈമാറിയട്ടില്ല എന്ന ആരോപണം ടെലിഗ്രാഫാണ് റിപ്പോര്‍ട്ട് ചെയ്തത്. ടെലിഗ്രാഫിന്‍റെ ട്വീറ്റിന് മറുപടിയായാണ് ഇപ്പോൾ ബ്രാഡ് ഹോഡ്ജ് എത്തിയിരിക്കുന്നത്.
''പത്ത് വര്‍ഷത്തിന് മുമ്പ് കൊച്ചി ടസ്ക്കേഴ്സ് കേരളക്കായി കളിച്ച താരങ്ങള്‍ക്ക് ഇതുവരെ ബാക്കി 35 ശതമാനം പണം ലഭിച്ചിട്ടില്ല. ഏതെങ്കിലും വിധത്തില്‍ ബി സി സി ഐക്ക് ആ പണം എവിടെയെന്ന് കണ്ടെത്താന്‍ സാധിക്കുമോ?''- എന്നാണ് ഹോഡ്ജ് തമാശരൂപേണ ട്വീറ്റ് ചെയ്തിരിക്കുന്നത്. 2010ലെ ഐ പി എല്‍ താര ലേലത്തില്‍ 425,000 യു എസ് ഡോളറിനായിരുന്നു (ഇപ്പോൾ ഏകദേശം 3.09 കോടി രൂപ) കൊച്ചി ടസ്കേഴ്സ് കേരള ഹോഡ്ജിനെ സ്വന്തമാക്കുന്നത്. സീസണിലെ 14 മത്സരങ്ങളില്‍ നിന്ന് ഓസ്ട്രേലിയന്‍ താരം ടീമിനായി 285 റണ്‍ണസെടുത്തിരുന്നു. ട്വീറ്റ് പ്രകാരം കണക്ക് കൂട്ടുമ്പോള്‍ ടീം താരത്തിന് ഇനി 127,000 യു എസ് ഡോളര്‍ തുക ഇനിയും നല്‍കാനുണ്ട്. ഇന്ത്യൻ രൂപ ഏകദേശം ഒരു കോടി രൂപയിലേറെയാണ് ഇനിയും താരത്തിന് കിട്ടാനുള്ളത്.
Also Read- ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ വിജയസാധ്യതയുള്ള ടീമിനെ പ്രവചിച്ച് സൽമാൻ ബട്ട്
2011 ലെ ഒരൊറ്റ സീസണില്‍ മാത്രം ഐപിഎല്ലില്‍ കളിക്കാനുണ്ടായിരുന്ന ടീമാണ് കൊച്ചി ടസ്കേഴ്സ് കേരള. വന്‍ പ്രതീക്ഷകളുമായി കൊച്ചി ആസ്ഥാനമായി വന്ന ഈ ടീമിനെ പക്ഷേ ബാങ്ക് ഗ്യാരന്റി നല്‍കുന്നതില്‍ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി ബിസിസിഐ ഐപിഎല്ലില്‍ നിന്ന് പുറത്താക്കുകയായിരുന്നു. അത് കൊണ്ടു തന്നെ 2011 സീസണില്‍ മാത്രമാണ് അവര്‍ ഐപിഎല്ലിന്റെ ഭാഗമായത്. ബ്രണ്ടന്‍ മക്കല്ലം, ജഡേജ, ലക്ഷ്മണ്‍, തിസാര പെരേര, മുത്തയ്യ മുരളീധരന്‍, ശ്രീശാന്ത് തുടങ്ങിയ വമ്പന്‍ താരങ്ങളുമായാണ് കേരള ടീം എത്തിയത്. എന്നാല്‍ ജയവര്‍ധന നയിച്ച ടീമിനു മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. ആറ് വിജയങ്ങളുമായി എട്ടാം സ്ഥാനത്താണ് കൊച്ചി ടസ്കേഴ്സ് കേരള ഫിനിഷ് ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.