ബ്രസീൽ താരം നെയ്മർക്ക് പരിക്ക്; അൽ-ഹിലാൽ അരങ്ങേറ്റം ഒരു മാസം വൈകും
- Published by:Anuraj GR
- news18-malayalam
Last Updated:
നെയ്മറെ ഔദ്യോഗികമായി അവതരിപ്പിക്കുന്ന ചടങ്ങ് കിങ് ഫഹദ് സ്റ്റേഡിയത്തിൽ നടന്നു
റെക്കോർഡ് പ്രതിഫലത്തിന് സൗദി പ്രോ ലീഗിൽ ചേർന്ന ബ്രസീലിയൻ സൂപ്പർതാരം നെയ്മർക്ക് പരിക്കേറ്റു. സൗദി പ്രോ ലീഗിൽ അൽ-ഹിലാൽ ടീമിന് വേണ്ടിയുള്ള നെയ്മറുടെ അരങ്ങേറ്റം ഒരുമാസം വൈകും. അതേസമയം നെയ്മറെ ഔദ്യോഗികമായി അവതരിപ്പിക്കുന്ന ചടങ്ങ് കിങ് ഫഹദ് സ്റ്റേഡിയത്തിൽ നടന്നു. അൽ-ഹിലാലിന്റെ നീല ജഴ്സിയിൽ നെയ്മർ പ്രത്യക്ഷപ്പെട്ടപ്പോൾ ആരാധകർ കരഘോഷം മുഴക്കിയും ആകാശദീപക്കാഴ്ചയൊരുക്കിയുമായിരുന്നു സ്വീകരണം. വേദിക്ക് മുകളിൽ “നെയ്‌മർ ഈസ് ബ്ലൂ” എന്ന് എഴുതിയ ഡ്രോൺ ഡിസ്‌പ്ലേയിൽ കാണികളോട് കൈവീശി പുഞ്ചിരിച്ചു.
2017-ൽ പാരീസ് സെന്റ് ജെർമെയ്‌നിൽ ചേരുമ്പോൾ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഫുട്‌ബോൾ കളിക്കാരനായിരുന്നു നെയ്മർ. സമ്പന്നമായ സൗദിയിലെ ക്ലബുകൾ റെക്കോർഡ് തുക നൽകി ലോകോത്തര ഫുട്ബോൾ താരങ്ങളുമായി കരാർ ഏർപ്പെടുന്നതിൽ ഏറ്റവും ഒടുവിലത്തേതാണ് നെയ്മറിന്‍റെ വരവ്.
സൗദി അറേബ്യയിൽ ഒരു സീസണിൽ 100 മില്യൺ യൂറോ നെയ്മർക്ക് ലഭിക്കുമെന്നാണ് സൂചന. അതേസമയം നെയ്മറെ സ്വന്തമാക്കുന്നതിനായി അൽ ഹിലാൽ 100 ദശലക്ഷം യൂറോ ഫ്രഞ്ച് ക്ലബായ പിഎസ്ജിയ്ക്ക് നൽകി. പരിക്ക് മൂലം വിശ്രമിക്കുന്ന നെയ്മർ സൗദി അറേബ്യയുടെ അൽ-ഹിലാലിന് വേണ്ടി അരങ്ങേറ്റം കുറിക്കാൻ സെപ്റ്റംബർ വരെ കാത്തിരിക്കേണ്ടിവരുമെന്ന് കോച്ച് ജോർജ്ജ് ജീസസ് പറഞ്ഞു.
advertisement
“നെയ്മറുടെ വരവ് തങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താൻ സഹായിക്കും, പക്ഷേ അദ്ദേഹത്തിന് ഇപ്പോൾ ചെറിയ പരിക്കുണ്ട്, അദ്ദേഹം കളത്തിലേക്ക് എപ്പോൾ വരുമെന്ന് ഉറപ്പിച്ച് പറയാനാകില്ല. ഒരുപക്ഷേ സെപ്റ്റംബർ പകുതിയോടെ അദ്ദേഹം അൽ-ഹിലാലിന് വേണ്ടി കളത്തിലിറങ്ങും”- ശനിയാഴ്ച കിംഗ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ 60,000 കാണികൾക്ക് മുന്നിൽ നടന്ന സ്വാഗത ചടങ്ങിന് ശേഷം ജോർജ്ജ് ജീസസ് പറഞ്ഞു.
ഫെബ്രുവരിയിൽ കണങ്കാലിനേറ്റ പരിക്കിൽ നിന്ന് മോചിതനായെങ്കിലും കഴിഞ്ഞ വർഷത്തെ ലോകകപ്പിന് ശേഷം നെയ്മർ ബ്രസീലിനായി കളിച്ചിട്ടില്ല, എന്നാൽ സെപ്തംബർ 8 ന് ബൊളീവിയയ്‌ക്കെതിരെയും നാല് ദിവസത്തിന് ശേഷം പെറുവിനെതിരെയും ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിൽ നെയ്മർ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
August 20, 2023 2:36 PM IST