സ്വിറ്റ്സർലൻഡിന്‍റെ ചെറുത്തുനിൽപ്പ് മറികടന്ന് കാനറികൾ; കാസിമിറോയുടെ ഗോളിൽ ബ്രസീലിന് ജയം
- Published by:Anuraj GR
- news18-malayalam
Last Updated:
83-ാം മിനിട്ടിൽ റോഡ്രിഗോയുടെ പാസിൽനിന്നായിരുന്നു കാസിമിറോയുടെ ഗോൾ
ദോഹ: യൂറോപ്യൻ കരുത്തരായ സ്വിറ്റസർലൻഡിനെ മറുപടിയില്ലാത്ത ഒരു ഗോളിന് വീഴ്ത്തി ബ്രസീലിന് തുടർച്ചയായ രണ്ടാം ജയം. കാസിമിറോയുടെ തകർപ്പൻ ഗോളിലാണ് കാനറികളുടെ കുതിപ്പ്. 83-ാം മിനിട്ടിൽ റോഡ്രിഗോയുടെ പാസിൽനിന്നായിരുന്നു കാസിമിറോയുടെ ഗോൾ. നേരത്തെ വിനീഷ്യസ് ജൂനിയർ ഗോളടിച്ചെങ്കിലും വാർ പരിശോധനയിൽ ഇത് ഓഫ് സൈഡണെന്ന് വ്യക്തമായി. ഈ ജയത്തോടെ, ഗ്രൂപ്പ് ജിയിൽനിന്ന് ബ്രസീൽ പ്രീ ക്വാർട്ടർ ഉറപ്പിച്ചു. രണ്ടു കളികൾ ജയിച്ച ബ്രസീൽ ആറ് പോയിന്‍റുമായി ഒന്നാമതാണ്. സ്വിറ്റ്സർലൻഡ് മൂന്ന് പോയിന്‍റുമായി രണ്ടാമതാണ്.
ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇന്ന് നടന്നത്. ആദ്യപകുതിയിൽ ഇരു ടീമുകളും ആക്രമണപ്രത്യാക്രമണങ്ങളുമായി മുന്നേറി. മികച്ച കുറിയ പാസുകളുമായി ബ്രസീൽ മുന്നേറിയപ്പോൾ ലോങ് പാസുകളിലൂടെയായിരുന്നു സ്വിറ്റ്സർലൻഡ് ആക്രമണം. ആദ്യ പകുതി ഗോൾരഹിതമായി അവസാനിച്ചു.
രണ്ടാം പകുതിയിൽ ആക്രമണം കനപ്പിച്ചാണ് ബ്രസീൽ ഇറങ്ങിയത്. നിരന്തരം സ്വിസ് ഗോൾമുഖത്ത് കാനറികൾ മൂളിപ്പറന്നുവന്നു. ശക്തമായ പ്രതിരോധം തീർത്താണ് സ്വിസ് പട ചെറുത്തുനിൽപ്പ് നടത്തിയത്. ആദ്യ പകുതിയിൽ പന്തടക്കത്തിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പമായിരുന്നെങ്കിൽ രണ്ടാം പകുതിയിൽ ബ്രസീൽ ആധിപത്യം നേടുന്നതാണ് കണ്ടത്.
advertisement
തുടർച്ചയായുള്ള ആക്രമണത്തിനൊടുവിൽ 63-ാം മിനിട്ടിൽ വിനീഷ്യസ് ജൂനിയർ പന്ത് സ്വിസ് വലയിലെത്തിച്ചു. ആഹ്ലാദാരവങ്ങൾക്കിടെയാണ് റഫറി വാർ പരിശോധനയിലേക്ക് കടന്നത്. എന്നാൽ റിച്ചാർലിസൺ ഓഫ് സൈഡാണെന്ന് വ്യക്തമായതോടെ ഗോൾ നിഷേധിച്ചു. തുടർന്ന് സ്വിറ്റ്സർലൻഡ് കൂടുതൽ ആക്രമിച്ചുകളിക്കാൻ തുടങ്ങി. എന്നാൽ കൌണ്ടർ അറ്റാക്കുകളിലൂടെയായിരുന്നു ബ്രസീലിന്‍റെ മറുപടി.
അതിനിടെ റിച്ചാർലിസണിനെയും റാഫീഞ്ഞ്യയെയും തിരിച്ചുവിളിച്ച് ഗബ്രിയേൽ ജീസസിനെയും ആന്‍റണിയെയും ഇറക്കി. മത്സരം സമനിലയിലേക്ക് പോകുമെന്ന ഘട്ടത്തിലാണ് ബ്രസീൽ ആരാധകരെ ആനന്ദനൃത്തത്തിൽ ആറാടിച്ചുകൊണ്ട് കാസിമിറോയുടെ തകർപ്പൻ ഗോൾ പിറന്നത്. വിനീഷ്യസ് ജൂനിയർ ഒരുക്കിയ അവസരത്തിൽനിന്നാണ് റോഡ്രിഗോയുടെ അസിസ്റ്റിൽ കാസിമിറോ ലക്ഷ്യം കണ്ടത്. മത്സരം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ റോഡ്രിഗോയ്ക്ക് ലഭിച്ച അവസരം സ്വിസ് ഗോളി രക്ഷപ്പെടുത്തി.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 28, 2022 11:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
സ്വിറ്റ്സർലൻഡിന്‍റെ ചെറുത്തുനിൽപ്പ് മറികടന്ന് കാനറികൾ; കാസിമിറോയുടെ ഗോളിൽ ബ്രസീലിന് ജയം