ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം; റയൽ മാഡ്രിഡ് - ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി - ഡോർട്‌മുണ്ട്
- Published by:Rajesh V
- news18-malayalam
Last Updated:
സ്പാനിഷ് ലീഗിലെ വമ്പന്മാരായ റയൽ, ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പ്രമുഖ ടീമുകളായ മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, ജർമൻ ക്ലബായ ബോറുസ്സിയ ഡോർട്മുണ്ട് എന്നിവരാണ് അവസാന നാലിലെത്താനുള്ള ശ്രമത്തിനായി ഇന്ന് മത്സരത്തിന് ഇറങ്ങുന്നത്.
ഇന്ന് രാത്രി ഫുട്ബോൾ പ്രേമികളെ കാത്തു നിൽക്കുന്നത് രണ്ട് വലിയ പോരാട്ടങ്ങളാണ്. യൂറോപ്പിലെ രാജാക്കന്മാർ ആരെന്ന് തീരുമാനിക്കാനുള്ള പരീക്ഷയിൽ അവസാന എട്ടിൽ ഇടം പിടിച്ചവർ ഇന്ന് രാത്രി കിരീടത്തിനോട് ഒരു പടി കൂടി അടുക്കുവാൻ വേണ്ടി ഫുട്ബോൾ മൈതാനത്തേക്ക് ഇന്ന് ഇറങ്ങും. സ്പാനിഷ് ലീഗിലെ വമ്പന്മാരായ റയൽ, ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പ്രമുഖ ടീമുകളായ മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, ജർമൻ ക്ലബായ ബോറുസ്സിയ ഡോർട്മുണ്ട് എന്നിവരാണ് അവസാന നാലിലെത്താനുള്ള ശ്രമത്തിനായി ഇന്ന് മത്സരത്തിന് ഇറങ്ങുന്നത്.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ലിവർപൂൾ ഇന്ന് മാഡ്രിഡിൽ വെച്ച് ലാലിഗ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിനെ നേരിടും. ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിന്റെ ആദ്യ പാദത്തിൽ ഇരു ടീമുകളും നേർക്കുനേർ വരുമ്പോൾ ആവേശകരമായ പോരാട്ടം തന്നെ ആണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. അവസാനമായി ഇരു ടീമുകളും നേർക്കുനേർ വന്നത് മൂന്ന് വർഷം മുമ്പ് ഒരു ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ആയിരുന്നു. അന്ന് റയൽ മാഡ്രിഡാണ് വിജയവും കിരീടവും സ്വന്തമാക്കിയത്. അന്നത്തെ മത്സരത്തിൽ സലായെ പരുക്കേൽപ്പിച്ച റാമോസ് ഇന്ന് റയൽ മാഡ്രിഡ് നിരയിൽ കളിക്കാൻ ഇറങ്ങില്ല. റാമോസ് മാത്രമല്ല പരുക്ക് കാരണം ഹസാഡ്, കാർവഹാൽ എന്നിവരും റയൽ നിരയിൽ ഉണ്ടാവില്ല.
advertisement
ലിവർപൂൾ നിരയിൽ ദീർഘകാല പരിക്കുകൾ ആണ് പ്രശ്നമായി ഉള്ളത്. എങ്കിലും ദിയെഗോ യോട്ടയുടെ തിരിച്ചുവരവ് ലിവർപൂളിനെ ശക്തരാക്കിയിട്ടുണ്ട്. ആഴ്സണലിനെതിരെ അവസാന മത്സരത്തിൽ നേടിയ വിജയവും ലിവർപൂളിന് പ്രതീക്ഷ നൽകുന്നു.
മാഡ്രിഡിൽ ഇന്ന് പന്തുരുളുമ്പോൾ ജയത്തിൽ കുറഞ്ഞതൊന്നും ഇരു ടീമുകളും ആഗ്രഹിക്കുന്നുണ്ടാകില്ല. പരിക്ക് അലട്ടുന്നുണ്ടെങ്കിലും ഒരൽപം മുൻതൂക്കം റയലിന് തന്നെയാണ്, ലാ ലിഗയിൽ അവർ തകർപ്പൻ ഫോമിലാണ് കളിക്കുന്നത്. സ്റ്റാർ സ്ട്രൈക്കർ കരീം ബെൻസിമയുടെ ഫോമിനെ ആശ്രയിച്ചിരിക്കും ഇന്ന് റയലിൻ്റെ പ്രകടനം. താരം കഴിഞ്ഞ കുറേ മത്സരങ്ങളിലായി റയലിൻ്റെ സ്ഥിരം ഗോൾ വേട്ടക്കാരനാണ്. മറുവശത്ത്, ഹോം ഗ്രൗണ്ടിൽ അല്ല ആദ്യപാദം എന്നുള്ളത് ലിവർപൂളിന് ചെറിയ തോതിൽ ഒരു ആത്മവിശ്വാസം നൽകിയേക്കും. കാരണം ലിവർപൂളിന് ഈയിടെയായി അവരുടെ ഹോം ഗ്രൗണ്ടിൽ നടക്കുന്ന മത്സരങ്ങളിൽ എല്ലാം തോൽവി ആണ് സംഭവിക്കുന്നത്. ഇവിടെ റയലിൻ്റെ മൈതാനത്ത് ഗോൾ നേടാനായാൽ അത് രണ്ടാം പാദത്തിൽ അവർക്ക് എവെ ഗോളിൻ്റെ പിൻബലം നൽകും. ഇരു ടീമുകളും തങ്ങളുടെ ശെരിക്കുള്ള പ്രകടനം പുറത്തെടുത്താൽ തീ പാറുന്ന പ്രകടനത്തിന് ആവും ഫുട്ബോൾ ലോകം സാക്ഷ്യം വഹിക്കുക.
advertisement
മാഞ്ചസ്റ്റർ കീഴടക്കാൻ ഡോർട്മുണ്ട്
ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ ഇന്ന് നടക്കുന്ന മറ്റൊരു ആവേശകരമായ പോരാട്ടത്തിൽ ജർമ്മൻ ക്ലബായ ഡോർട്മുണ്ട് ഇംഗ്ലീഷ് ക്ലബായ മാഞ്ചസ്റ്റർ സിറ്റിയെ നേരിടും. മാഞ്ചസ്റ്ററിൽ വെച്ചാണ് ആദ്യ പാദ മത്സരം നടക്കുന്നത്. ഗംഭീര ഫോമിൽ ഉള്ള സിറ്റിക്ക് തന്നെ ആണ് ഫുട്ബോൾ നിരക്ഷകർ മുൻ തൂക്കം നൽകുന്നത്. സിറ്റിയുടെ എല്ലാ പ്രധാന താരങ്ങളും ഫിറ്റ് ആണ് എന്നുള്ളത് അവർക്ക് ഒരു വലിയ മുൻതൂക്കം തന്നെയാണ്.
മറുവശത്ത്,ഡോർട്മുണ്ട് അത്ര നല്ല ഫോമിൽ അല്ല. ബുണ്ടസ് ലീഗയിൽ അവർ അടുത്ത വർഷത്തെ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടുമോ എന്ന് പോലും സംശയത്തിൽ ആണ്. പരിക്ക് കാരണം ജെയ്ഡൻ സാഞ്ചോയും, വിറ്റ്സലും ഇന്ന് ഡോർട്മുണ്ട് നിരയിൽ ഉണ്ടാവുകയും ഇല്ല. എന്നാൽ ഹാലണ്ടിൻ്റെ ഒറ്റയാൻ പ്രകടനം ഏതു കളിയുടെയും ഫലം മാറ്റാൻ പോന്നതാണ്. അതിൽ തന്നെയാകും ഡോർട്മുണ്ടിന്റെ പ്രതീക്ഷയും.
advertisement
ഇന്ന് രാത്രി 12.30നണ് ഇരു മത്സരങ്ങളും. സോണി നെറ്റ് വർക്കിൽ തത്സമയം കളി കാണാം.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 06, 2021 6:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം; റയൽ മാഡ്രിഡ് - ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി - ഡോർട്മുണ്ട്