ലാലിഗയിൽ ഇഞ്ചോടിഞ്ച് പോരാട്ടം; അവസാന നിമിഷം ഡെംബലെ ഗോളിൽ ബാഴ്സ
Last Updated:
ഈ ആഴ്ച നടക്കാനിരിക്കുന്ന എൽ ക്ലാസികോ പോരാട്ടത്തിൽ മെസി ഇറങ്ങുന്നത് തടയുന്നതിനായി നടന്ന ഗൂഡാലോചനയാണിത് എന്നാണ് മെസിയുടെ പ്രതികരണം വന്നതിന് പിന്നാലെ ബാഴ്‌സയുടെ ആരാധകരും പറയുന്നത്.
ലാലിഗയിൽ ബാഴ്സിലോണ കിരീട പോരാട്ടത്തിൽ അത്‌ലറ്റിക്കോ മാഡ്രിഡിന് തൊട്ടു പിറകിൽ. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ നേടിയ ഗോളിലാണ് റയൽ വല്ലദോലിദിനേ ബാഴ്സിലോണ പരാജയപ്പെടുത്തിയത്. കളിയിൽ പിറന്ന ഏക ഗോളും ഇതായിരുന്നു. ഫ്രഞ്ച് താരം ഒസ്മാൻ ഡെംബലെ ആണ് കറ്റാലൻ ക്ലബ്ബിന്റെ വിജയ ഗോൾ നേടിയത്. മത്സരത്തിന്റെ 79ആം മിനുട്ടിൽ വല്ലദോലിദ് താരം പ്ലാനോ ചുവപ്പ് കാർഡ് വാങ്ങി പുറത്തായത് കാരണം അവസാന പത്ത് മിനുട്ടോളം വല്ലദോലിദിനു 10 പേരെ വച്ച് കളിക്കേണ്ടി വന്ന അവസരം മുതലെടുത്തായയിരുന്നു ബാഴ്സിലോണ വിജയം നേടിയത്.
ഈ വിജയത്തോടെ ബാഴ്സിലോണ പോയിന്റ് പട്ടികയിൽ അത്‌ലറ്റിക്കോ മാഡ്രിഡിന് തൊട്ടു പിറകിൽ എത്തി. അത്‌ലറ്റിക്കോ മാഡ്രിഡിന് 66 പോയിന്റും ബാഴ്സിലോണക്ക് 65 പോയിന്റുമാണ് ഉള്ളത്. മൂന്നാം സ്ഥാനത്തുള്ള റയൽ മാഡ്രിഡിന് 63 പോയിന്റാണുള്ളത്. ഇനി ഒമ്പത് മത്സരങ്ങൾ മാത്രമേ ലീഗിൽ ബാക്കിയുള്ളൂ. ഈ ഒമ്പത് മത്സരങ്ങളും ജയിക്കുന്ന ടീമിന് സ്പാനിഷ് ലീഗ് കിരീടം സ്വന്തമാക്കാം.
നേരത്തെ നടന്ന പോരാട്ടത്തിൽ അത്‌ലറ്റിക്കോ മാഡ്രിഡ് സെവിയയോട് തോൽവി ഏറ്റുവാങ്ങിയത് കൊണ്ടാണ് കിരീട പോരാട്ടം ഇത്രക്കും സങ്കീർണമായത്. ലീഗിന്റെ ആദ്യ പകുതിയിൽ മറ്റ് ടീമുകളെ പിന്നിലാക്കി ബഹുദൂരം മുന്നിലായിരുന്ന അത്‌ലറ്റിക്കോ രണ്ടാം പകുതിയിൽ പക്ഷേ പിന്നോട്ട് പോകുന്ന കാഴ്ച ആയിരുന്നു കണ്ടത്. നിർണായക മത്സരങ്ങൾ തോറ്റ് ഒന്നാം സ്ഥാനം നഷ്ടമാക്കുന്നതാണ് പിന്നീട് കണ്ടത്.
advertisement
ഇനി വരാനിരിക്കുന്ന പോരാട്ടങ്ങളിൽ ഈ മാസം പതിനൊന്നിന് നടക്കുന്ന റയൽ - ബാഴ്സ എൽ ക്ലാസികോ പോരാട്ടവും മെയ് ഒമ്പതിന് നടക്കുന്ന ബാഴ്സ - അത്‌ലറ്റിക്കോ പോരാട്ടങ്ങൾ ലീഗിലെ കിരീടാവകാശിയെ നിർണയിക്കുമെന്ന് ഉറപ്പാണ്. ലീഗിലെ ടോപ് സ്കോറർ പോരാട്ടത്തിൽ 23 ഗോളുകളുമായി ലയണൽ മെസ്സി ഒന്നാം സ്ഥാനത്തും 19 ഗോളുകളുമായി ലൂയി സുവാരസ് രണ്ടാം സ്ഥാനത്തും നിൽക്കുന്നു.
advertisement
അതേസമയം, കളിക്കിടെ മെസ്സിക്കെതിരെ മനപൂര്‍വം റെഡ് കാര്‍ഡ് കാണിക്കാന്‍ റഫറി ശ്രമിച്ചതായി വിവാദം ഉയർന്നു. താരം എല്‍ ക്ലാസിക്കോ മത്സരം കളിക്കാതിരിക്കാന്‍ വേണ്ടി നടക്കുന്ന ഗൂഡാലോചനയുടെ ഭാഗമായാണ് ഇതെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തത്.
റയല്‍ വല്ലദോലിദിന് എതിരായ മത്സരത്തിൽ ആദ്യ പകുതി അവസാനിച്ചതിന് ശേഷം ഡഗൗട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു മെസിയുടെ പ്രതികരണം. 'റഫറി എനിക്ക് എതിരെ കാര്‍ഡ് കാണിക്കണം എന്നുള്ള മാനസികാവസ്ഥയിൽ ആയിരുന്നു, അവിശ്വസനീയമായ കാര്യം ' - മെസി പറഞ്ഞു.
advertisement
ഈ ആഴ്ച നടക്കാനിരിക്കുന്ന എൽ ക്ലാസികോ പോരാട്ടത്തിൽ മെസി ഇറങ്ങുന്നത് തടയുന്നതിനായി നടന്ന ഗൂഡാലോചനയാണിത് എന്നാണ് മെസിയുടെ പ്രതികരണം വന്നതിന് പിന്നാലെ ബാഴ്‌സയുടെ ആരാധകരും പറയുന്നത്.
മെസിക്ക് സസ്‌പെന്‍ഷന്‍ നേടിക്കൊടുക്കാന്‍ മനഃപൂര്‍വം നടത്തിയ ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നാണ് സ്പാനിഷ് മാധ്യമമായ ഡയറിയോ എഎസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സീസണില്‍ ഇതുവരെ നാല് തവണയാണ് മെസിക്ക് ലാ ലിഗയില്‍ റഫറിയുടെ നടപടി നേരിടേണ്ടി വന്നത്. ഒരു വട്ടം കൂടി കാര്‍ഡ് കിട്ടിയാൽ ലാ ലിഗ നിയമം അനുസരിച്ച് മെസിക്ക് സസ്‌പെന്‍ഷന്‍ ലഭിക്കും. മെസിയെ കൂടാതെ ബാഴ്‌സ മധ്യനിര താരം ഫ്രാങ്ക് ഡീ ജോങ്ങിനും ഒരു കാര്‍ഡ് കൂടി ലഭിച്ചാല്‍ സസ്‌പെന്‍ഷന്‍ ലഭിക്കും. സീസണില്‍ ബാക്കിയുള്ള ഒമ്പത് മത്സരങ്ങൾ ജയിച്ചാൽ ബാഴ്‌സയ്ക്ക് കിരീടം സ്വന്തമാക്കാം. റയലിനെതിരെ ജയിക്കാനായാൽ അത്‌ലറ്റിക്കോ മാഡ്രിഡിനെ മറികടന്ന് ബാഴ്‌സയ്ക്ക് ഒന്നാം സ്ഥാനത്ത് കയറുകയും ചെയ്യാം.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 06, 2021 3:48 PM IST