Peng Shuai | 'പെങ് ഷുവായി വീട്ടിൽ സുരക്ഷിത; വൈകാതെ ഏവരുടെയും മുന്നിലെത്തും' - ഗ്ലോബൽ ടൈംസ് റിപ്പോർട്ട്
- Published by:Naveen
- news18-malayalam
Last Updated:
നവംബര്‍ രണ്ടിനാണ് ചൈനീസ് മുന്‍ ഉപപ്രധാനമന്ത്രി സാങ് ഗാവൊലി അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ച് ലൈംഗീകമായി പീഡിപ്പിച്ചെന്ന് പെങ് സമൂഹമാധ്യമങ്ങളിലൂടെ ആരോപിച്ചത്.
ചൈനീസ് മുന്‍ ഉപപ്രധാനമന്ത്രി സാങ് ഗാവൊലിക്കെതിരായ (Zhang Gaoli) ലൈംഗികാതിക്രമ ആരോപണങ്ങള്‍ക്ക് പിന്നാലെ അപ്രത്യക്ഷയായ ടെന്നീസ് താരം പെങ് ഷുവായിയെ (Peng Shuai) കണ്ടെത്തണം എന്ന ആവശ്യം കായിക ലോകത്ത് ശക്തമായി ഉയരുന്നതിനിടെ താരം വീട്ടിൽ സുരക്ഷിതയെന്നും വൈകാതെ തന്നെ പൊതുജനങ്ങൾക്ക് മുന്നിലേക്ക് എത്തുമെന്നും ചൈനീസ് മാധ്യമമായ ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു.
'പെങ് സ്വന്തം വീട്ടില്‍ സുരക്ഷിതയായി കഴിയുകയാണ്, വൈകാതെ തന്നെ അവർ പൊതുജങ്ങൾക്ക് മുന്നിലേക്ക് എത്തും' ഗ്ലോബല്‍ ടൈംസിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ഹു ഷിന്‍ജിന്‍ വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു ഹു ഷിന്‍ജിന്റെ പ്രതികരണം.
China tennis player Peng will reappear in public 'soon' - Global Times editor https://t.co/uWoGUSr22C pic.twitter.com/V0PhRqghZY
— Reuters (@Reuters) November 20, 2021
advertisement
നവംബര്‍ രണ്ടിനാണ് ചൈനീസ് മുന്‍ ഉപപ്രധാനമന്ത്രി സാങ് ഗാവൊലി അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ച് ലൈംഗീകമായി പീഡിപ്പിച്ചെന്ന് പെങ് സമൂഹമാധ്യമങ്ങളിലൂടെ ആരോപിച്ചത്. ടെന്നീസ് താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റ് നീക്കം ചെയ്തിരുന്നുവെങ്കിലും സംഭവം വളരെ വേഗത്തിലാണ് വിവാദമായത്. ഇതിന് പിന്നാലെ പെങ്ങിനെ കാണാതാവുകയും ചെയ്തതോടെ വിവാദം മറ്റൊരു തലത്തിലേക്ക് എത്തുകയായിരുന്നു. 2018-ല്‍ വിരമിച്ച 75-കാരനായ മുൻ ഉപപ്രധാനമന്ത്രി സാങ് ഇപ്പോള്‍ രാഷ്ട്രീയരംഗത്തില്ല.
പെങ്ങിനെ കാണാതായതിനെ പിന്നാലെ ടെന്നീസ് രംഗത്തെയും കായിക രംഗത്തെയും പ്രമുഖരായ പല താരങ്ങളും രംഗത്ത് എത്തിയിരുന്നു. നൊവാക് ജോക്കോവിച്ച്, സെറീന വില്ല്യംസ്, നവോമി ഒസാക, കോകോ ഗാഫ്, കിം ക്ലിസ്റ്റേഴ്‌സ്, സിമോണ ഹാലെപ്, ആന്‍ഡി മറെ, പെട്രൊ ക്വിറ്റോവ തുടങ്ങിയ താരങ്ങളാണ് പെങ് എവിടെയെന്ന ചോദ്യവുമായി സമൂഹമാധ്യമങ്ങളിലൂടെ രംഗത്ത് എത്തിയത്. 'പെങ് ഷുവായി എവിടെ?' (#WhereIsPengShuai) എന്ന ഹാഷ്ടാഗിലാണ് താരത്തെ കണ്ടെത്തണമെന്ന ആവശ്യം ഉന്നയിച്ച് കാമ്പെയ്ൻ നടന്നത്.
advertisement
Also read - Peng Shuai |ചൈനീസ് മുന്‍ ഉപ പ്രധാനമന്ത്രിക്കെതിരെ ലൈംഗികപീഡന ആരോപണം; ടെന്നീസ് താരത്തെ കാണാനില്ല
പെങ്ങിന്റെ തിരോധാനത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ ടെന്നീസ് അസോസിയേഷനും (ഡബ്ല്യുടിഎ) രംഗത്തെത്തി. നടപടി ഉണ്ടായില്ലെങ്കില്‍ ചൈനയില്‍ ഡബ്ല്യുടിഎ ടൂര്‍ണമെന്റുകള്‍ നടത്തില്ലെന്ന് രാജ്യാന്തര ടെന്നീസ് ഫെഡറേഷന്‍ വക്താവ് ഹീഥര്‍ ബോളര്‍ വ്യക്തമാക്കിയിരുന്നു. പെങ്ങിനെ കണ്ടെത്തുകയും വിഷയത്തില്‍ അന്വേഷണം നടത്തുകയും ചെയ്തില്ലെങ്കില്‍ ചൈനയിലെ തന്റെ കോടിക്കണക്കിന് മൂല്യം വരുന്ന ബിസിനസുകള്‍ അവസാനിപ്പിക്കുമെന്ന് വുമണ്‍ ടെന്നീസ് അസോസിയേഷന്‍ തലവന്‍ സ്റ്റീവ് സൈമണും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് താരം സുരക്ഷിതയാണെന്ന റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
advertisement
മൂന്നു തവണ ഒളിമ്പിക്സില്‍ ചൈനയെ പ്രതിനിധീകരിച്ച ടെന്നീസ് താരമാണ് പെങ്. 35-കാരിയായ പെങ് ഷുവായി ഓസ്ട്രേലിയന്‍ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍, വിംബിള്‍ഡണ്‍ കിരീടങ്ങള്‍ ചൂടിയ താരം കൂടിയാണ്. ഡബിൾസിൽ ലോക ഒന്നാം നമ്പർ താരമായിരുന്ന പെങ് സിംഗിൾസിൽ 14ാ൦ റാങ്ക് വരെയും എത്തിയിരുന്നു. ഏഷ്യൻ ഗെയിംസിൽ രണ്ട് സ്വർണവും ഒരു വെങ്കലവും താരം നേടിയിട്ടുണ്ട്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 20, 2021 6:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Peng Shuai | 'പെങ് ഷുവായി വീട്ടിൽ സുരക്ഷിത; വൈകാതെ ഏവരുടെയും മുന്നിലെത്തും' - ഗ്ലോബൽ ടൈംസ് റിപ്പോർട്ട്