ഇന്ത്യൻ ഫാസ്റ്റ് ബൗളർ ദീപക് ചാഹറിന്റെ ഭാര്യ ജയ ഭരദ്വാജിൽനിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ഹൈദരാബാദിൽ നിന്നുള്ള രണ്ട് പേർ ചേർന്നാണ് ബിസിനസിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് 10 ലക്ഷം രൂപ തട്ടിയെടുത്തതെന്ന് പരാതിയിൽ പറയുന്നു. ബിസിനസ് തുടങ്ങാമെന്ന വ്യാജേന ഇരുവരും കൈപ്പറ്റിയ പണം തിരികെ നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് ചാഹർ കുടുംബം പോലീസിൽ പരാതി നൽകി.
ദീപക്കിന്റെ പിതാവ് ലോകേന്ദ്ര ചാഹർ ആഗ്രയിലെ ഹരി പർവ്വത് പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ ഫയൽ ചെയ്തു. പണം തിരികെ നൽകാൻ ചാഹർ കുടുംബം ആവശ്യപ്പെട്ടപ്പോൾ വധഭീഷണി മുഴക്കിയതായി എഫ്‌ഐആറിൽ പറയുന്നു. ധ്രുവ് പരീഖ്, കമലേഷ് പരീഖ് എന്നിവരാണ് കേസിലെ പ്രതികളെന്നാണ് റിപ്പോർട്ട്. ഇവരിൽ ഒരാൾ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനിലെ (എച്ച്‌സിഎ) ജീവനക്കാരനായിരുന്നു. പ്രതികൾ 2022 ഒക്ടോബർ 7 ന് ജയയിൽ നിന്ന് പണം വാങ്ങി, ഇതുവരെ തുക തിരികെ നൽകിയിട്ടില്ല.
ദീപക്കും ജയയും കഴിഞ്ഞ വർഷം ആഗ്രയിൽ വച്ചാണ് വിവാഹിതരായത്. ഇന്ത്യൻ പേസർ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനായാണ് കളിക്കുന്നത്. ഐപിഎൽ 2021 മത്സരത്തിന് ശേഷം സ്റ്റേഡിയത്തിലെ സ്റ്റാൻഡിൽ വെച്ചാണ് ചാഹർ ജയയെ പ്രൊപ്പോസ് ചെയ്തത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ നിമിഷനേരം കൊണ്ടാണ് വൈറലായത്. 2022 ജൂൺ 2-ന് ഇരുവരും വിവാഹിതരായി.
ദേശീയ ടീമിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിലാണ് ചാഹർ. നടുവേദനയെത്തുടർന്ന് ഐപിഎൽ 2022-ൽ നിന്ന് പുറത്തായതിന് ശേഷം ചാഹറിന് കരിയറിൽ താളം നഷ്ടപ്പെട്ടു. ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരവ് നടത്തിയെങ്കിലും ഫോം വീണ്ടെടുക്കാനായിട്ടില്ല. ടീമിൽ സ്ഥാനം നിലനിർത്തുന്നതിന് മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ്, ഉമ്രാൻ മാലിക് എന്നിവരിൽനിന്ന് കനത്ത വെല്ലുവിളിയാണ് ചാഹർ നേരിടുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.