Cristiano Ronaldo | മാഞ്ചസ്റ്റർ ഇന്ന് ചുവക്കും; രണ്ടാം വരവിൽ യുണൈറ്റഡിൽ റൊണാൾഡോയ്ക്ക് ഇന്ന് ആദ്യ മത്സരം
- Published by:Naveen
- news18-malayalam
Last Updated:
ഇന്ത്യൻ സമയം വൈകീട്ട് 7:30ന് ന്യൂകാസിൽ യുണൈറ്റഡിനെതിരായ മത്സരത്തിൽ റൊണാൾഡോ ഓൾഡ് ട്രാഫോഡിലെ രണ്ടാം വരവിലെ ആദ്യ മത്സരം കളിക്കും
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തന്റെ പഴയ തട്ടകമായ ഓൾഡ് ട്രാഫോഡിൽ തിരിച്ചെത്തിയ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്ക് യുണൈറ്റഡ് ജേഴ്‌സിയിൽ ഇന്ന് ആദ്യ മത്സരം. ഇന്ത്യൻ സമയം വൈകീട്ട് 7:30നാകും ഓൾഡ് ട്രാഫോഡിൽ റൊണാൾഡോ വീണ്ടും അവതരിക്കുക. ന്യൂകാസിൽ യുണൈറ്റഡാണ് എതിരാളികൾ.
ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കായി നിർത്തിവെച്ചിരുന്ന ലീഗ് മത്സരങ്ങൾ വീണ്ടും ആരംഭിക്കുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മത്സരമാണ് എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമാകുന്നത്. യുണൈറ്റഡിനായി കിരീടങ്ങൾ നേടുക എന്ന ലക്ഷ്യത്തോടെയാണ് താൻ എത്തിയിരിക്കുന്നത് എന്ന് റൊണാൾഡോ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 2012ൽ പ്രീമിയർ ലീഗ് നേടിയതിന് ശേഷം പിന്നീട് ഓൾഡ് ട്രാഫോഡിലെ ചുവന്ന ചെകുത്താന്മാർക്ക് ലീഗ് കിരീടം നേടാൻ കഴിഞ്ഞിട്ടില്ല. ചാമ്പ്യൻസ് ലീഗിലും നിരാശയായിരുന്നു ഫലം. 36ാ൦ വയസ്സിൽ യുണൈറ്റഡിലേക്ക് തിരിച്ചുവരുന്ന റൊണാൾഡോ തന്റെ ടീമിന്റെ ഈ കിരീട വരൾച്ചയ്ക്ക് അന്ത്യം കുറിക്കാൻ തന്നെയാകും ലക്ഷ്യമിടുന്നുണ്ടാവുക.
advertisement
വിഖ്യാതമായ ഏഴാം നമ്പർ ജേഴ്‌സി തന്നെയാണ് റൊണാൾഡോയ്ക്ക് യുണൈറ്റഡിലും ലഭിച്ചിരിക്കുന്നത്. നേരത്തെ ഏഴാം നമ്പർ ഉപയോഗിച്ചിരുന്ന ഉറുഗ്വായ് താരം എഡിൻസൺ കവാനി റൊണാൾഡോയ്‌ക്കായി ഈ നമ്പർ ഒഴിഞ്ഞുകൊടുക്കുകയായിരുന്നു. താരം ഉറുഗ്വായ് ജേഴ്‌സിയിൽ ധരിക്കുന്ന 21ാ൦ നമ്പർ സ്വീകരിക്കുകയായിരുന്നു.
🥁 Ladies and gentlemen: the #PL is back! 👊#MUFC | #MUNNEW
— Manchester United (@ManUtd) September 11, 2021
advertisement
ന്യൂകാസിലിനെതിരായ മത്സരത്തിലൂടെ യുണൈറ്റഡിന്റെ മുന്നേറ്റനിരയിലേക്ക് തിരിച്ചെത്തുന്ന റൊണാൾഡോയ്‌ക്കൊപ്പം ബ്രൂണോ ഫെർണാണ്ടസ്, മേസൺ ഗ്രീൻവുഡ്, ജെയ്ഡൻ സാഞ്ചോ, പോൾ പോഗ്‌ബ, എഡിൻസൺ കവാനി എന്നിവർ കൂടി അണിനിരക്കുന്നതോടെ യുണൈറ്റഡിനെ പിടിച്ചു കെട്ടാൻ ന്യൂകാസിൽ നിര ശെരിക്കും പാടുപെടും. റയൽ മാഡ്രിഡിൽ റൊണാൾഡോയുടെ സഹതാരമായിരുന്ന റാഫേൽ വരാനും യുണൈറ്റഡ് നിരയിൽ കളിക്കുന്നുണ്ട്.
2003 മുതൽ 2009 വരെ യുണൈറ്റഡ് താരമായിരുന്ന റൊണാൾഡോ 292 കളിയിൽ 118 ഗോൾ നേടിയിരുന്നു. റൊണാൾഡോ യുണൈറ്റഡിൽ ഉണ്ടായിരുന്ന കാലത്ത് ഓൾഡ് ട്രാഫോഡിലേക്ക് എത്തിയത് ചാമ്പ്യൻസ് ലീഗ് കിരീടം ഉൾപ്പടെ എട്ട് ട്രോഫികൾ. ആ നല്ലകാലത്തേക്ക് റൊണാൾഡോ വീണ്ടും യുണൈറ്റഡിനെ കൂട്ടിക്കൊണ്ട് പോകും എന്ന പ്രതീക്ഷയിലാണ് ലോകമെമ്പാടുമുള്ള ആരാധകർ. റൊണാൾഡോ യുണൈറ്റഡിൽ ചേർന്നതോടെ ടീമിന്റെ കിരീട സാധ്യതകൾ വർധിക്കുമെന്ന് യുണൈറ്റഡിന്റെ ഫ്രഞ്ച് മിഡ്ഫീൽഡർ പോൾ പോഗ്ബ അടുത്തിടെ വെളിപ്പെടിയിരുന്നു.
advertisement
'റൊണാൾഡോയുടെ സാന്നിധ്യം യുണൈറ്റഡ് താരങ്ങൾക്ക് പുത്തൻ ഉണർവ് നൽകും. പ്രീമിയർ ലീഗിൽ ഉൾപ്പടെ കിരീട സാധ്യത വർധിച്ചു. ആധുനിക ഫുട്ബോളിലെ ഇതിഹാസ താരമായ റൊണാൾഡോയ്‌ക്കൊപ്പം കളിക്കാനായി കാത്തിരിക്കുകയാണെന്നും' - പോഗ്‌ബ കൂട്ടിച്ചേര്‍ത്തു.
Also read- Cristiano Ronaldo | 'മാഞ്ചസ്റ്ററിൽ അവധിക്കാലം ആഘോഷിക്കാൻ വന്നതല്ല, കിരീടങ്ങൾ നേടുക എന്നതാണ് ലക്ഷ്യം' - റൊണാൾഡോ
ട്രാന്‍സ്‌ഫര്‍ വിന്‍ഡോ അടയ്‌ക്കുന്നതിന്‍റെ തൊട്ടുമുമ്പ് യുവന്റസിൽ നിന്ന് അപ്രതീക്ഷിതമായിട്ടായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള റൊണാൾഡോയുടെ കൂടുമാറ്റം. രണ്ട് വര്‍ഷത്തെ കരാറിലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ തിരികെയെത്തുന്നത്. ഒരു വര്‍ഷത്തേക്ക് കൂടി കരാര്‍ പുതുക്കാനുള്ള ഓപ്ഷനുമുണ്ട്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 11, 2021 1:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Cristiano Ronaldo | മാഞ്ചസ്റ്റർ ഇന്ന് ചുവക്കും; രണ്ടാം വരവിൽ യുണൈറ്റഡിൽ റൊണാൾഡോയ്ക്ക് ഇന്ന് ആദ്യ മത്സരം