പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ക്ലബ്ബ് മാറാനൊരുങ്ങുന്നതനായി റിപ്പോര്‍ട്ടുകള്‍. നിലവിലെ പ്രീമിയർ ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിയിലേക്കായിരിക്കും റൊണാൾഡോയുടെ കൂടുമാറ്റം എന്നാണ് റിപ്പോർട്ടുകൾ.
റൊണാൾഡോയുടെ ഏജന്റായ യോർഗെ മെൻഡിസ് താരത്തിന്റെ കരാറുമായി ബന്ധപ്പെട്ട വിഷയത്തിൽ മാഞ്ചസ്റ്റർ സിറ്റിയുമായി നേരിട്ട് സംസാരിക്കുമെന്നാണ് ഫുട്‍ബോൾ രംഗത്തെ പ്രശസ്ത മാധ്യമപ്രവർത്തകനായ ഫാബ്രിസിയോ റൊമാനോ ട്വീറ്റ് ചെയ്തത്. ഇതോടൊപ്പം താൻ ക്ലബ് വിടുകയാണെന്ന കാര്യം റൊണാൾഡോ തന്റെ സഹതാരങ്ങളെ അറിയിച്ചതായും റോമാനോയുടെ ട്വീറ്റിൽ പറയുന്നുണ്ട്.
നിലവിൽ ഇറ്റലിയിൽ സീരി എയിൽ യുവന്റസിനായി കളിക്കുന്ന റൊണാൾഡോ ഇറ്റാലിയൻ ക്ലബുമായി അടുത്ത സീസണിലേക്കുള്ള കരാർ ഒപ്പിട്ടിട്ടില്ല. താരത്തിനായി ശമ്പള ഇനത്തിൽ വലിയ തുകയാണ് യുവന്റസ് ചെലവിടുന്നത്. താരത്തെ മറ്റൊരു ക്ലബ്ബിലേക്ക് കൈമാറുന്നതിലൂടെ ലഭിക്കുന്ന തുക നിലവിൽ അവർ അനുഭവിക്കുന്ന സാമ്പത്തിക ഞെരുക്കത്തിന് ഒരാശ്വാസം നൽകുമെന്ന വിലയിരുത്തൽ കൂടിയുണ്ട്. സമ്മർ ട്രാൻസ്ഫർ ജാലകം അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത് എന്നിരിക്കെ റൊണാൾഡോയുടെ കാര്യത്തിൽ ഒരു തീരുമാനം പെട്ടെന്ന് തന്നെ ഉണ്ടായേക്കും.
നേരത്തെ റൊണാൾഡോ ഈ സീസണിൽ യുവന്റസിൽ തന്നെയുണ്ടാകും എന്ന് യുവന്റസിന്റെ പരിശീലകനായ മാസിമിലിയാനോ അലെഗ്രി പറഞ്ഞിരുന്നു. എന്നാൽ അതിന് ശേഷമാണ് താരത്തിന്റെ ട്രാൻസ്ഫർ ചർച്ചകൾ അല്പം കൂടി ചൂടുപിടിച്ചത്. നിലവിലെ സാഹചര്യത്തില്‍ 25 മില്യണ്‍ യൂറോ (219 കോടിയോളം രൂപ) നല്‍കാന്‍ സന്നദ്ധരായ ക്ലബിന് റൊണാൾഡോയെ കൈമാറാനാണ് യുവന്റസിന്റെ നീക്കം. ഇത്രയും തുക ചിലവഴിച്ച് റൊണാൾഡോയെ ടീമിലെടുക്കാൻ സിറ്റിക്ക് താത്പര്യമില്ല എന്നതാണ് റിപോർട്ടുകൾ. ഇംഗ്ലീഷ് താരം ഹാരി കെയ്നിനെ സ്വന്തമാക്കാൻ ആയിരുന്നു സിറ്റിയുടെ പദ്ധതിയെങ്കിലും കെയ്ൻ ഈ സീസണിലും ടോട്ടനത്തിൽ തുടരുകയാണെന്ന് അറിയിച്ചതോടെയാണ് ആ പദ്ധതിക്ക് വിരാമമായത്. തുടർന്നാണ് റൊണാൾഡോയെ ടീമിലെടുക്കുന്നത് സംബന്ധിച്ചുള്ള അഭ്യൂഹങ്ങൾ പരന്നത്.
ചാമ്പ്യൻസ് ലീഗ് നേടുക എന്ന ലക്ഷ്യത്തോടെ റൊണാൾഡോയെ 2018ൽ വലിയ തുക മുടക്കി റയൽ മാഡ്രിഡിൽ നിന്നും ടീമിലെത്തിച്ച യുവന്റസിന് പക്ഷെ താരം ക്ലബിലെത്തി മൂന്ന് വർഷങ്ങൾ തികയുമ്പോഴും ചാമ്പ്യൻസ് ലീഗ് കിട്ടാക്കനിയാണ്, അതിനുപുറമെ അവർ കയ്യടക്കി വെച്ചിരുന്ന സീരി എ ലീഗ് കിരീടം കഴിഞ്ഞ സീസണിൽ അവർക്ക് നഷ്ടമായിരുന്നു.
സീരി എയിലെ യുവന്റ്‌സിന്റെ ആദ്യ മത്സരത്തില്‍ റൊണാൾഡോ അന്തിമ ഇലവനിൽ ഇടം നേടിയിരുന്നില്ല. ഇത് താരം ക്ലബ് വിടുന്നതിന്റെ സൂചനായാണെന്ന് ഫുട്‍ബോൾ ലോകത്ത് ചർച്ച നടന്നിരുന്നു, യുവന്റസിൽ നിന്നും ഫ്രഞ്ച് ക്ലബ് പിഎസ്ജിയിലേക്ക് ചേക്കേറിയേക്കും എന്ന വാർത്തകൾ ഉണ്ടെങ്കിലും, മെസ്സി, സെർജിയോ റാമോസ് എന്നിങ്ങനെ ഒരുപിടി സൂപ്പർ താരങ്ങളെ സ്വന്തമാക്കിയ പിഎസ്ജി റൊണാൾഡോയെ സ്വന്തമാക്കാൻ മുന്‍പോട്ട് വന്നേക്കില്ലെന്ന് ഫാബ്രിസിയോ റൊമാനൊ അടുത്തിടെ ട്വീറ്റ് ചെയ്തിരുന്നു.
അതേസമയം മാഞ്ചസ്റ്റർ സിറ്റിയിലേക്ക് റൊണാൾഡോ വരുന്നു എന്ന തരത്തിലുള്ള വാർത്തകൾ ആരാധകർ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. നേരത്തെ മാഞ്ചസ്റ്റർ യുനൈറ്റെഡിന്റെ ചുവപ്പ് ജേഴ്‌സിയിൽ കളിച്ചിട്ടുള്ള താരം ലീഗിലേക്കുള്ള തന്റെ രണ്ടാം വരവിൽ അവരുടെ ചിരവൈരികളായ മാഞ്ചസ്റ്റർ സിറ്റിയുടെ ജേഴ്‌സിയിൽ അണിനിരക്കുമോ എന്നതാണ് അവരുടെ ആകാംക്ഷ. യുണൈറ്റഡിനായി 292 കളികളിൽ നിന്നും 118 ഗോളുകൾ റൊണാൾഡോ നേടിയിട്ടുണ്ട്.
ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളാണ് റൊണാള്‍ഡോ. അഞ്ച് തവണ ബാലണ്‍ ഡി ഓര്‍ പുരസ്‌കാര ജേതാവായ താരം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ യുവന്റസിനായി 101 ഗോളുകള്‍ നേടിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.