ഐപിഎൽ 2024ന് ആവേശ തുടക്കം; ആദ്യമത്സരത്തിൽ സിഎസ്കെയും ആർസിബിയും നേർക്കുനേർ
- Published by:Sarika KP
- news18-malayalam
Last Updated:
വനിതാ പ്രീമിയർ ലീഗിൽ ഇത്തവണ സ്മൃതി മന്ദാനയുടെ നേതൃത്വത്തിൽ ആർസിബിക്ക് കിരീടം നേടാൻ സാധിച്ചത് അവരുടെ ആത്മവിശ്വാസം ഉയർത്തിയിട്ടുണ്ട്.
ഇന്ത്യൻ പ്രീമിയർ ലീഗിൻെറ ആവേശകരമായ പുതിയൊരു സീസണിന് ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ തുടക്കമാവാൻ പോവുകയാണ്. ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയിട്ടുള്ള ചെന്നൈ സൂപ്പർ കിങ്സും ഇതുവരെ കിരീടം നേടാൻ സാധിക്കാത്ത റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലാണ് ഉദ്ഘാടന മത്സരം. വനിതാ പ്രീമിയർ ലീഗിൽ ഇത്തവണ സ്മൃതി മന്ദാനയുടെ നേതൃത്വത്തിൽ ആർസിബിക്ക് കിരീടം നേടാൻ സാധിച്ചത് അവരുടെ ആത്മവിശ്വാസം ഉയർത്തിയിട്ടുണ്ട്.
ഐപിഎല്ലിലെ നിലവിലെ ജേതാക്കളായ ചെന്നൈ ഇതുവരെ ലീഗിൽ അഞ്ച് കിരീടങ്ങളാണ് നേടിയിട്ടുള്ളത്. ഏറ്റവും കൂടുതൽ ഐപിഎൽ കിരീടങ്ങളെന്ന നേട്ടം ടീം മുംബൈ ഇന്ത്യൻസുമായി പങ്കുവെക്കുകയാണ്. ഇന്ത്യയുടെ മുൻ നായകൻമാരായ വിരാട് കോഹ്ലിയും എംഎസ് ധോണിയും തമ്മിലാണ് മത്സരത്തിൽ നേർക്കുനേർ വരുന്നത്.
മത്സരത്തിന് തലേദിവസം തന്നെ തങ്ങളുടെ പുതിയ ക്യാപ്റ്റനെ ചെന്നൈ സൂപ്പർ കിങ്സ് പ്രഖ്യാപിച്ചിട്ടുണ്ട്. എംഎസ് ധോണിക്ക് പകരം റുതുരാജ് ഗെയ്ക്വാദാണ് ഇനി ചെന്നൈയെ നയിക്കാൻ പോകുന്നത്. ഇത്തവണത്തേത് ധോണിയുടെ അവസാന ഐപിഎൽ സീസൺ ആയിരിക്കുമെന്നും ഇതോടെ ഉറപ്പായിരിക്കുകയാണ്.
advertisement
കാവേരി ഡെർബിയെന്നും സതേൺ ഡെർബിയെന്നുമെല്ലാം ചെന്നൈ – ആർസിബി പോരാട്ടം അറിയപ്പെടുന്നുണ്ട്. മുൻ ചെന്നൈ ഓപ്പണർ ഫാഫ് ഡുപ്ലെസിസാണ് ആർസിബിയെ നയിക്കുന്നത്. ധോണിയും കോഹ്ലിയും രോഹിത് ശർമയുമൊന്നും ക്യാപ്റ്റനല്ലാത്ത ഐപിഎല്ലാണ് ഇത്തവണ നടക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട്. സീസൺ തുടങ്ങുന്നതിന് മുമ്പ് തന്നെ ഹാർദിക് പാണ്ഡ്യയെ ട്രേഡിങ്ങിലൂടെ മുംബൈ ടീമിലെത്തിച്ച് പുതിയ ക്യാപ്റ്റനായി പ്രഖ്യാപിച്ചിട്ടുണ്ട്.
advertisement
സ്വന്തം തട്ടകത്തിൽ ചെന്നൈ കൂടുതൽ കരുത്ത് കാണിക്കുന്ന ടീമാണ്. പുത്തൻ താരങ്ങളെയും ടീമിലെത്തിച്ചാണ് ഇത്തവണ സിഎസ്കെ തുടങ്ങുന്നത്. കഴിഞ്ഞ സീസണിലെ മിന്നും താരം ഓപ്പണർ ഡെവോൺ കോൺവെ ഇല്ലാത്തത് ടീമിന് തിരിച്ചടിയായിട്ടുണ്ട്. എങ്കിലും കിവീസ് താരങ്ങളായ ഡാരിൽ മിച്ചലും രചിൻ രവീന്ദ്രയും ടീമിൻെറ ബാറ്റിങ് നിരയ്ക്ക് മുതൽക്കൂട്ടാവും. ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാൻ, ഇന്ത്യൻ താരങ്ങളായ ശാർദുൽ താക്കൂർ, സമീർ റിസ്വി, അവിനാഷ് ആരവല്ലി എന്നിവരെയെല്ലാം ടീം ഇത്തവണത്തെ താരലേലത്തിൽ എത്തിച്ചിട്ടുണ്ട്.
advertisement
പുതിയ കളിക്കാരെ ആർസിബിയും ലേലത്തിൽ ടീമിലെത്തിച്ചിട്ടുണ്ട്. വിൻഡീസ് പേസർ അൽസാരി ജോസഫ്, കിവീസ് പേസർ ലോക്കി ഫെർഗൂസൻ, ഇംഗ്ലീഷ് ഓൾറൌണ്ടർ ടോം കറൻ, ഇന്ത്യൻ താരങ്ങളായ യഷ് ദയാൽ, സ്വപ്നിൽ സിങ്, സൌരവ് ചൌഹാൻ എന്നിവരെല്ലാം ആർസിബിക്കായി ആദ്യ സീസൺ കളിക്കാൻ ഒരുങ്ങുകയാണ്. ഐപിഎല്ലിൽ ഇതുവരെ ചെന്നൈയും ആർസിബിയും 31 തവണ ഏറ്റുമുട്ടിയപ്പോൾ 20 മത്സരത്തിലും ചെന്നൈയാണ് വിജയിച്ചത്.
മത്സരം എപ്പോൾ: മാർച്ച് 22ന് വെകിട്ട് 7.30ന്
എവിടെ: എംഎ ചിദംബരം സ്റ്റേഡിയം ചെപ്പോക്ക്, ചെന്നൈ
advertisement
എങ്ങനെ കാണാം: ജിയോ സിനിമ ആപ്പിലും വെബ്സൈറ്റിലും
ടീമിലെ മാറ്റങ്ങൾ: കോൺവെയ്ക്ക് പകരം രചിൻ രവീന്ദ്രയെ ചെന്നൈ ഓപ്പണറായി പരീക്ഷിച്ചേക്കും. നാലാം നമ്പറിൽ ഡാരിൽ മിച്ചലിനെ കളിപ്പിക്കാനാണ് സാധ്യത. വിരാട് കോഹ്ലിയും ക്യാപ്റ്റൻ ഡുപ്ലെസിസും ചേർന്ന് ആർസിബി ഇന്നിങ്സ് ഓപ്പൺ ചെയ്യും.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
March 22, 2024 6:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഐപിഎൽ 2024ന് ആവേശ തുടക്കം; ആദ്യമത്സരത്തിൽ സിഎസ്കെയും ആർസിബിയും നേർക്കുനേർ