ന്യൂഡൽഹി: പരിക്ക് മൂലം ജാവലിൻ ത്രോയിലെ ലോക അ്ലറ്റിക് ചാംപ്യൻഷിപ്പിലെ വെള്ളിമെഡൽ ജേതാവ് നീരജ് ചോപ്ര 2022 കോമൺവെൽത്ത് ഗെയിംസിൽ നിന്ന് പിന്മാറി. യൂജിൻ ഒറിഗോണിൽ അടുത്തിടെ സമാപിച്ച ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലാണ് നീരജ് ചോപ്ര വെള്ളി മെഡൽ നേടിയത്. - 88.13 മീറ്റർ എറിഞ്ഞാണ് അത്ലറ്റിക് ചാംപ്യൻഷിപ്പിലെ ഇന്ത്യയുടെ രണ്ടാമത്തെ മെഡൽ എന്ന നേട്ടം നീരജ് കൈവരിച്ചത്. മത്സരത്തിനിടെ അദ്ദേഹത്തിന് നടുവേദന അനുഭവപ്പെട്ടതായി റിപ്പോർട്ട് ഉണ്ടായിരുന്നു. വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമായ നീരജ് ചോപ്രയ്ക്ക് ഡോക്ടർമാർ ഒരു മാസത്തെ വിശ്രമം നിർദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അദ്ദേഹം കോമൺവെൽത്ത് ഗെയിംസിൽനിന്ന് പിൻമാറിയത്.
നിലവിലെ ഒളിമ്പിക് ചാമ്പ്യനോട് ഒരു മാസത്തെ വിശ്രമം നിർദേശിച്ചിട്ടുണ്ടെന്ന് ഐഒഎ സെക്രട്ടറി ജനറൽ രാജീവ് മേത്ത പറഞ്ഞു. "ടീം ഇന്ത്യയുടെ ജാവലിൻ ത്രോ താരം നീരജ് ചോപ്ര ഇന്ന് യുഎസിൽ നിന്ന് എന്നെ വിളിച്ചിരുന്നു, ഫിറ്റ്നസ് ആശങ്കകൾ കാരണം 2022 ലെ ബിർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കാനാകില്ലെ അദ്ദേഹം അറിയിച്ചു," മേത്ത പറഞ്ഞു. "യൂജിനിൽ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തതിന് ശേഷം, തിങ്കളാഴ്ച നീരജ് ചോപ്രയ്ക്ക് എംആർഐ സ്കാൻ പരിശോധനയ്ക്ക് വിധേയമാക്കി. അതിന്റെ അടിസ്ഥാനത്തിൽ ഒരു മാസത്തെ വിശ്രമം അദ്ദേഹത്തിന് മെഡിക്കൽ സംഘം നിർദ്ദേശിച്ചു," മേത്ത കൂട്ടിച്ചേർത്തു.
2003-ൽ പാരീസിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ ലോങ്ജമ്പിൽ വെങ്കലം നേടിയ അഞ്ജു ബോബി ജോർജിന് ശേഷം ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ അത്‌ലറ്റായി 24-കാരനായ നീരജ് മാറിയിരുന്നു.
വ്യാഴാഴ്ച ആരംഭിക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ ചോപ്ര ഇന്ത്യയുടെ പതാകവാഹകനാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. “പുതിയ പതാകവാഹകനെ തീരുമാനിക്കാൻ ഞങ്ങൾ പിന്നീട് ഒരു മീറ്റിംഗ് നടത്തുന്നുണ്ട്,” ഇന്ത്യൻ ടീമിന്റെ ഷെഫ് ഡി മിഷൻ രാജേഷ് ഭണ്ഡാരി പിടിഐയോട് പറഞ്ഞു. ഓസ്‌ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ നടന്ന മുൻ കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിയത് നീരജ് ചോപ്രയായിരുന്നു. 2018-ൽ കോമൺവെൽത്ത് ഗെയിംസിൽ അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പ്, നീരജ് ജൂനിയർ ലോക ചാമ്പ്യനായിരുന്നു.
Also Read-
Neeraj Chopra | ചരിത്രമെഴുതി നീരജ് ചോപ്ര; ലോക അത്ലറ്റിക് ചാംപ്യൻഷിപ്പിൽ വെള്ളി മെഡൽ; നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരംഏതാനും മാസങ്ങൾക്കുശേഷം, ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ നീരജ് സ്വർണം നേടി, സ്വന്തം ദേശീയ റെക്കോർഡ് തിരുത്തിയെഴുതി. അതിനുശേഷം വ്യക്തിഗത റെക്കോർഡും ദേശീയ റെക്കോർഡും നീരജ് ചോപ്ര രണ്ടുതവണ മെച്ചപ്പെടുത്തുകയും 90 മീറ്റർ ദൂരം എന്ന മാന്ത്രിക സംഖ്യയിൽ എത്തുകയും ചെയ്തു. ടോക്കിയോ 2020 ന് ശേഷം നീരജ് ശ്രദ്ധേയമായ തിരിച്ചുവരവ് നടത്തി, പാവോ നൂർമി ഗെയിംസിൽ 89.30 മീറ്റർ എറിഞ്ഞ് ദേശീയ റെക്കോർഡ് തകർത്ത് വെള്ളി നേടി, തുടർന്ന് 89.94 മീറ്റർ എറിഞ്ഞ് ദേശീയ റെക്കോർഡ് തകർത്ത് 2022 സ്റ്റോക്ക്ഹോം ഡയമണ്ട് ലീഗിൽ രണ്ടാം സ്ഥാനത്തെത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.