ടീം മാനേജ്മെന്റുമായി ഭിന്നത ? രാജസ്ഥാൻ റോയൽസ് ടീമിൽ നിന്ന് റിലീസ് ചെയ്യാൻ സഞ്ജു ആവശ്യപ്പെട്ടതായി റിപ്പോർട്ട്
- Published by:Nandu Krishnan
- news18-malayalam
Last Updated:
2026-ലെ ഐപിഎല്‍ ലേലത്തിനു മുമ്പ് തന്നെ വിട്ടയക്കണമെന്നാണ് സഞ്ജു ആവശ്യപ്പെട്ടിട്ടുള്ളത്
വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനും രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനുമായ സഞ്ജു സാംസൺ തന്നെ ടീമിൽ നിന്ന് റിലീസ് ചെയ്യണമെന്ന് രാജസ്ഥാൻ മാനേജ്മെന്റിനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. സഞ്ജുവും രാജസ്ഥാൻ റോയൽസ് മാനേജ്മെന്റും തമ്മിൽ രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നും തന്നെ വിട്ടയയ്ക്കുകയോ കൈമാറ്റം ചെയ്യുകയോ വേണമെന്ന് ആവശ്യപ്പെട്ട് സഞ്ജു മാനേജ്മെന്റിനെ സമീപിച്ചതായും ക്രിക്ക്ബസിൽ വന്ന ഒരു റിപ്പോർട്ടിൽ പറയുന്നു. റോയൽസിൽ തുടരാൻ സഞ്ജു സാംസൺ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ തുറന്നു പറയുന്നതായും ഫ്രാഞ്ചൈസിയുമായി അദ്ദേഹത്തിന്റെ ബന്ധം മുമ്പത്തെപ്പോലെയല്ല എന്ന് അദ്ദേഹത്തോട് അടുപ്പമുള്ള ചില ഐപിഎൽ, അന്താരാഷ്ട്ര താരങ്ങളും സൂചിപ്പിക്കുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.2026-ലെ ഐപിഎല്‍ ലേലത്തിനു മുമ്പ് തന്നെ വിട്ടയക്കണമെന്നാണ് സഞ്ജു ആവശ്യപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ സീസണിലെ ടീമിന്റെ മോശം പ്രകടനത്തിന് പിന്നാലെയാണ് സഞ്ജുവും ടീം മാനേജ്മെന്റുമായുള്ള ഭിന്നത വർദ്ധിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സ്വന്തം ബാറ്റിംഗ് പൊസിഷൻ തിരഞ്ഞെടുക്കാൻ ടീമിൽ അവസരം നൽകാത്തതും മറ്റൊരു കാരണമായി റിപ്പോർട്ടിൽ പറയുന്നു. 2025 ഐപിഎൽ മെഗാ ലേലത്തിന് മുന്നോടിയായി രാജസ്ഥാൻ 18 കോടി രൂപയ്ക്ക് സഞ്ജുവിനെ നിലനിർത്തിയിരുന്നു. എന്നാൽ കഴിഞ്ഞ സീസണിൽ ഒമ്പത് മത്സരങ്ങൾ മാത്രം കളിച്ച സഞ്ജുവിന് ഒരു അർദ്ധസെഞ്ച്വറിയുൾപ്പെടെ 285 റൺസ് മാത്രമെ നേടാനായുള്ളു.
രാജസ്ഥാനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചതും (149), ഏറ്റവും കൂടുതൽ റൺസ് നേടിയ കളിക്കാരനും (4027) സഞ്ജുവാണ്. ഐപിഎൽ 2021 സീസണിന് മുന്നോടിയായാണ് സഞ്ജു രാജസ്ഥാന്റെ ക്യാപ്റ്റനായി നിയമിതനാകുന്നത്.കഴിഞ്ഞ നാല് വർഷത്തിനിടെ 67 മത്സരങ്ങളിൽ സഞ്ജു രാജസ്ഥാനെ നയിച്ചു. ഇതിൽ 33 മത്സരങ്ങളിൽ ടീം വിജയം നേടിയിട്ടുണ്ട്.
advertisement
സഞ്ജു ചെന്നൈ ടീമിന്റെ ഭാഗമാകുന്നു എന്ന വാർത്തകളോട് കഴിഞ്ഞ ദിവസം രാജസ്ഥൻ റോയൽസ് പ്രതികരിച്ചിരുന്നു. സഞ്ജുവിനെയോ അവരുടെ കളിക്കാരെയോ കൈമാറ്റം ചെയ്യാൻ ആർആർ പദ്ധതിയിടുന്നില്ല എന്നാണ് ടീമുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് കഴിഞ്ഞ ദിവസം റിപ്പോർട്ട് വന്നത്. എന്നാൽ സഞ്ജുവിനെ ചെന്നൈക്ക് കൈമാറണമെങ്കിൽ പകരം താരങ്ങളെ വേണമെന്നാണ് രാജസ്ഥാന്റെ നിലപാടെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മറ്റ് റിപ്പോർട്ടുകൾ ഇന്ന് പുറത്തുവന്നിരുന്നു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
August 08, 2025 2:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ടീം മാനേജ്മെന്റുമായി ഭിന്നത ? രാജസ്ഥാൻ റോയൽസ് ടീമിൽ നിന്ന് റിലീസ് ചെയ്യാൻ സഞ്ജു ആവശ്യപ്പെട്ടതായി റിപ്പോർട്ട്