2022 ലോകകപ്പിലെ അര്‍ജന്റീനയുടെ വിജയം ടീമിന്റെ ആരാധകരെ ഏറെ ആവേശത്തിലാക്കിയ ഒന്നായിരുന്നു. എന്നാല്‍ ലോകകപ്പ് വിജയത്തിന് ശേഷം ലയണല്‍ മെസ്സിയുമായി താന്‍ ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്ന് മുന്‍ അര്‍ജന്റീനൻ താരം കാര്‍ലോസ് ടെവസ്. മെസേജുകളുടെയും കോളുകളുടെയും പ്രളയത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ഫോണ്‍ ചിലപ്പോള്‍ പൊട്ടിത്തെറിച്ചിട്ടുണ്ടാകാമെന്നും താരം പറഞ്ഞു.
‘ലോകകപ്പ് നേട്ടത്തിന് ശേഷം ഞാന്‍ ലയണല്‍ മെസിക്ക് ആശംസകൾ അയച്ചിട്ടില്ല. ആശംസാപ്രവാഹം കൊണ്ട് അദ്ദേഹത്തിന്റ ഫോണ്‍ നിലച്ചിട്ടുണ്ടാകും. എന്റെ മക്കൾ ലോകകപ്പിലെ മെസിയുടെ ഗോൾ ആഘോഷിക്കുന്നത് കണ്ടതിൽ വളരെ സന്തോഷമുണ്ട്.’ കഴിഞ്ഞ ദിവസം അര്‍ജന്റീനൻ മാധ്യമമായ റേഡിയോ മിട്രെയോട് സംസാരിക്കവെ ടെവസ് പറഞ്ഞു.
‘ഖത്തർ ലോകകപ്പ് ഞാന്‍ അത്ര കാര്യമായി പിന്തുടര്‍ന്നിരുന്നില്ല, എന്നാല്‍ ഫ്രാന്‍സിന്റെ മത്സരങ്ങളാണ് ഞാന്‍ കൂടുതലും കണ്ടിരുന്നത്. അവരായിരുന്നു എന്റെ ഇഷ്ടപ്പെട്ട ടീം’ ടെവസ് പറഞ്ഞു. ഫുട്‌ബോള്‍ താരമെന്ന നിലയില്‍ കളിക്കളം വിട്ട ടെവസ് കുറച്ചു കാലം അര്‍ജന്റീന ക്ലബായ റൊസാരിയോ സെന്‍ട്രലിന്റെ പരിശീലകനായിരുന്നു. പിന്നീട് റൊസാരിയോ വിട്ട ഇദ്ദേഹത്തെ അര്‍ജന്റീന സ്‌പോര്‍ട്ട്‌സ് ക്ലബ്ബായ ഇന്‍ഡിപെന്‍ഡെന്റ് പരിശീലകനായി തിരഞ്ഞെടുത്തെങ്കിലും അദ്ദേഹം ഓഫര്‍ നിരസിക്കുകയായിരുന്നു.
ഇപ്പോൾ കുടുംബത്തോടൊപ്പം ജീവിതം ആസ്വദിക്കുന്ന തിരക്കിലാണ് ടെവസ്. അർജന്റീനൻ ദേശീയ ടീമിനായി 75 മത്സരങ്ങൾ കളിച്ച ടെവസ് 2004 ഏഥൻസിൽ നടന്ന ഒളിമ്പിക്സിൽ സ്വർണ്ണ മെഡൽ നേടിയിരുന്നു. ലോകകപ്പിലെ എക്സ്ട്രാ ടൈം 3-3ന് അവസാനിച്ചപ്പോള്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് അര്‍ജന്റീന ലോകചാമ്പ്യന്മാരായത്. 4-3 എന്ന സ്‌കോറിനാണ് അര്‍ജന്റീന ഷൂട്ടൌട്ടില്‍ അര്‍ജന്റീനയ്ക്കുവേണ്ടി മെസി, ഡിബാല, പര്‍ഡേസ്, മോണ്ടിയല്‍ എന്നിവര്‍ ലക്ഷ്യം കണ്ടു. ഫ്രാന്‍സിന് വേണ്ടി എംബാപ്പെ, കോളോ മൌനി എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ കോമാന്‍, ഷുവാമെനി എന്നിവര്‍ കിക്ക് നഷ്ടപ്പെടുത്തി.
അര്‍ജന്റീനയുടെ മൂന്നാമത് ലോകകപ്പ് കിരീടമാണിത്. 1986ന് ശേഷം ഇതാദ്യമായാണ് അര്‍ജന്റീന ലോകകപ്പ് വിജയിക്കുന്നത്. ലയണല്‍ മെസി മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോളും ഏറ്റവുമധികം ഗോളടിച്ചതിനുള്ള ഗോള്‍ഡന്‍ ബൂട്ട് പുരസ്‌ക്കാരം ഫ്രഞ്ച് താരം കീലിയന്‍ എംബാപ്പെയും നേടി. മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൌ അര്‍ജന്റീനയുടെ എമിലിയാനോ മാര്‍ട്ടിനെസിനാണ്.
മികച്ച യുവതാരമായി തെരഞ്ഞെടുക്കപ്പെട്ടത് അര്‍ജന്റീനയുടെ എന്‍സോ ഫെര്‍ണാണ്ടസാണ്. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ടു ഗോള്‍ വീതമടിച്ച് സമനില പാലിച്ചതോടെ മത്സരം അധികസമയത്തേക്ക് നീളുകയായിരുന്നു. അധികസമയത്ത് ഇരു ടീമുകളും ഓരോ ഗോളടിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് കടന്നത്.
അര്‍ജന്റീനയും ഫ്രാന്‍സും തമ്മിലുള്ള ലോകകപ്പ് ഫൈനല്‍ പോരാട്ടം അടിയും തിരിച്ചടിയുമായാണ് മുന്നേറിയത്. അധികമസയത്തില്‍ സമനില പിടിച്ച് ഫ്രാന്‍സ്(3-3) മത്സരം ഷൂട്ടൗട്ടിലേക്ക് നീട്ടിയെടുക്കുകയായിരുന്നു. എന്നാല്‍ എമിലിയാനോ മാര്‍ട്ടിനെസിന്റെ മികവ് ഫ്രാന്‍സിന് മുന്നില്‍ വിലങ്ങുതടിയായി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.