ന്യൂഡല്‍ഹി: ക്രിക്കറ്റ് പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ടീമാണ് രാജസ്ഥാന് റോയല്‍സ്. സഞ്ജു സാംസണ് ആണ് ടീമിനെ മുന്‍ നിരയില്‍ നിന്ന് നയിക്കുന്നത്. ടീമിനെപ്പറ്റി മനസ്സുതുറക്കുകയാണ് രാജസ്ഥാന് റോയല്‍സ് സിഇഒ ജെയ്ക്ക് ലഷ് മക്രം. ‘വിജയിക്കുക എന്നത് മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. 2018-2021 കാലഘട്ടത്തില്‍ നമുക്ക് നഷ്ടപ്പെട്ട ഒരു ശക്തമായ ഇന്ത്യന്‍ കോര്‍ ടീമിനെ സൃഷ്ടിച്ചെടുക്കുക എന്നതാണ് ഇപ്പോഴത്തെ ലേലത്തിന്റെ പ്രധാന ലക്ഷ്യം. ആ ടീമില്‍ അശ്വിനെപ്പോലെ അനുഭവ സമ്പത്തുള്ളവര്‍ ഉണ്ടായിരിക്കും. അതുകൂടാതെ ദേവദത്ത് പടിക്കല്‍, റിയാസ് പരാഗ് തുടങ്ങിയ യുവതാരങ്ങളും ഉണ്ട്’.
‘യുവാക്കളുടെ ഊര്‍ജവും അനുഭവ സമ്പന്നരുടെ അറിവും കളിയില്‍ വിജയിക്കാന്‍ നമ്മെ സഹായിക്കും. അതേസമയം നമ്മുടെ യുവതാരങ്ങളും അനുഭവ സമ്പത്തിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല. 27-28 വയസ്സുള്ള സഞ്ജു സാംസണിന് ഏകദേശം 100 ലധികം ഐപിഎല്ലില്‍ കളിച്ച എക്സ്പീരിയൻസുണ്ട്. കീരിടം ഉയര്‍ത്താന്‍ തന്നെയാണ് ഞങ്ങള്‍ ഉത്തവണ ഗ്രൗണ്ടിലിറങ്ങുക,’ ജെയ്ക്ക് പറഞ്ഞു. ടീമിലെ മലയാളി സാന്നിദ്ധ്യം കൂടിയായ സഞ്ജുവിനെപ്പറ്റി ജെയ്ക്ക് മനസ്സ് തുറന്നു. വളരെയധികം സ്വപ്നങ്ങള്‍ ഉള്ള വ്യക്തിയാണെന്നും കഠിനാധ്വാനം ചെയ്യുന്നയാളാണ് സഞ്ജുവെന്നും ജെയ്ക്ക് പറഞ്ഞു.
സഞ്ജു നമ്മുടെ സ്വന്തം ആളാണ് എന്ന് തോന്നുന്ന പ്രകൃതക്കാരനാണ്. എന്ത് കാര്യവും പഠിക്കാനുള്ള ഒരു തുറന്ന മനസ്സിന് ഉടമയാണ് സഞ്ജു സാംസണ്. അവന് സ്വയം മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ്. ക്യാപ്റ്റന്‍ എന്ന നിലയില്‍ കഴിഞ്ഞ രണ്ട് വര്‍ഷവും ടീമിനെ ഫൈനലിലേക്ക് എത്തിക്കാന്‍ സഞ്ജുവിന് ആയി. ടീമംഗങ്ങളെ ഒരുപോലെ പ്രചോദിപ്പിക്കുകയും അവരെ നല്ല രീതിയില്‍ പിന്തുണയ്ക്കുകയും ചെയ്യുന്ന വ്യക്തിയാണ് സഞ്ജു സാംസണ്. ഫീല്‍ഡില്‍ വളരെ ഉച്ചത്തില്‍ കാര്യങ്ങള്‍ സംസാരിച്ച് നില്ക്കുന്ന വ്യക്തിയല്ല സഞ്ജു.
എന്നാല്‍ പലരും ശ്രദ്ധിക്കാത്ത പല കാര്യങ്ങളും കൃത്യമായി ചെയ്ത് വിജയത്തിലേക്ക് ടീമിനെ എത്തിക്കാന്‍ ശ്രദ്ധിക്കുന്ന വ്യക്തിയാണ് സഞ്ജു. കഴിഞ്ഞ സീസണില്‍ വിജയം നേടാന്‍ കഴിയാത്തതിനെപ്പറ്റി കുമാര്‍ സംഗക്കാരയുമായി അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു,’ ജെയ്ക്ക് കൂട്ടിച്ചേര്‍ത്തു. ടീമില്‍ കുമാര്‍ സംഗക്കാരയുടെ സാന്നിദ്ധ്യം നിര്‍ണ്ണായകമാണെന്നും ജെയ്ക്ക് കൂട്ടിച്ചേര്‍ത്തു. ക്യാപ്റ്റന്‍സിയിലായാലും കോച്ചിന്റെ കാര്യത്തിലായാലും ഒരു തുടര്‍ച്ചയുണ്ടാകുന്നത് ഉചിതമാണെന്നും ജെയ്ക്ക് പറഞ്ഞു. സംഗക്കാരയുടെ സാന്നിദ്ധ്യം ടീമിന് ഒരുപാട് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
‘ഒരു മികച്ച ലീഡറാണ് സംഗക്കാര. അതുപോലെ തന്നെ മികച്ച സ്ട്രാറ്റജിസ്റ്റും. പുതിയ കാര്യങ്ങളോട് തുറന്ന സമീപനമാണ് അദ്ദേഹം സ്വീകരിക്കുന്നത്. അദ്ദേഹവും സഞ്ജുവും കൂടിച്ചേരുമ്പോള്‍ ലഭിക്കുന്ന ഒരു എനര്‍ജിയുണ്ട്. രണ്ട് പേര്‍ക്കും രണ്ട് തരത്തിലുള്ള കഴിവുകളാണ് ഉള്ളത്. അത് ടീമിന് വളരെയധികം ഉപകാരമാകും. ഫ്രാഞ്ചൈസിയുടെ വിവിധ ഘടകങ്ങളെപ്പറ്റി സംഗക്കാര എന്നോട് എപ്പോഴും സംസാരിക്കുമായിരുന്നു. ഈ വര്‍ഷം ട്രോഫി ഉയര്‍ത്തുമെന്ന കാര്യത്തില്‍ ഇപ്പോള്‍ എനിക്ക് യാതൊരു സംശയവുമില്ല’, അദ്ദേഹം പറഞ്ഞു.
അശ്വിനെയും യുസ്വേന്ദ്ര ചഹലിനേയും ടീമിലേക്ക് ഉള്‍പ്പെടുത്തിയതില്‍ തനിക്ക് വളരെയധികം സന്തോഷമുണ്ടെന്നും ജെയ്ക്ക് പറഞ്ഞു. എല്ലാവരെയും ഒരുപോലെ രസിപ്പിക്കുന്ന ചഹല്‍ ഒരു മികച്ച വിക്കറ്റ് ടേക്കറാണ്. അദ്ദേഹത്തിന്റെ എനര്‍ജി ടീമംഗങ്ങളെ ഒരുമിപ്പിച്ച് നിര്‍ത്താന്‍ ഉപകരിക്കുമെന്നും ജെയ്ക്ക് പറഞ്ഞു. അശ്വിന് എപ്പോഴും ചിന്തിച്ച് മാത്രം തീരുമാനമെടുക്കുന്ന വ്യക്തിയാണ്. വെല്ലുവിളികള്‍ സ്വീകരിക്കുന്ന വ്യക്തിയാണ് അശ്വിന് എന്നും ഇവരുടെ കോമ്പിനേഷന്‍ ടീമിനെ വിജയത്തിലേക്ക് എത്തിക്കുമെന്നും ജെയ്ക്ക് പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.