കളിക്കളത്തിൽ ലയണൽ മെസിയെ തടയാൻ അത്‌ലറ്റിക്കോ മാഡ്രിഡ് പരിശീലകൻ ഡീഗോ സിമിയോണി നൽകിയ ഉപദേശത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ന്യൂ കാസിൽ യുണൈറ്റഡ് താരം കീറൻ ട്രിപ്പിയർ. അത്‌ലറ്റിക്കോ മാഡ്രിഡിനൊപ്പം ലാ ലിഗയിൽ അർജന്റീന ഇതിഹാസത്തിനെതിരെ കളത്തിൽ ഇറങ്ങിയ ശേഷമാണ് ലയണൽ മെസ്സിയെ പ്രതിരോധിക്കുക എന്നത് എത്ര ബുദ്ധിമുട്ടാണെന്ന് മനസിലായതെന്നും ഇംഗ്ലണ്ട് ഡിഫൻഡറായ കീറൻ ട്രിപ്പിയർ പറഞ്ഞു.
ട്രിപ്പിയർ അത്‌ലറ്റിക്കോയ്‌ക്കൊപ്പം മൂന്ന് വർഷം ചെലവഴിച്ചു. എന്നാൽ മെസ്സിയെ എങ്ങനെ പ്രതിരോധിക്കാമെന്ന് കോച്ച് ഡീഗോ സിമിയോണിയ്ക്ക് പോലും അറിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സിമിയോണിയും ഒരു അർജന്റീനക്കാരാണ്. കളിയ്ക്ക് മുമ്പുള്ള മീറ്റിംഗുകളിൽ അദ്ദേഹം പറഞ്ഞിരുന്നത് ഇങ്ങനെയാണ്.. ‘നിങ്ങൾ ‘പ്രാർത്ഥിക്കുക’ അല്ലാതെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല. മെസിയെ തടയാൻ നിങ്ങൾക്ക് ഒരു പ്ലാനുകളും തയ്യാറാക്കാൻ കഴിയില്ല. കാരണം അതുല്യനായ കളിക്കാരനാണ് അദ്ദേഹം’ എന്നായിരുന്നുവെന്നും കീറൻ പറഞ്ഞു.
Also Read-റൊണാൾഡോയെ കാണാൻ ഖത്തറിൽനിന്ന് ഗാനിം അൽ മുഫ്താഹ് എത്തി; പ്രകാശപൂരിതമാക്കിയെന്ന് താരം
സിമിയോണിക്കൊപ്പം 2020-21ലെ ലാ ലിഗ കിരീടം ഉയർത്തിയ അത്‌ലറ്റിക്കോ ടീമിന്റെ ഭാഗമായിരുന്നു ട്രിപ്പിയർ. സിമിയോണിയ്ക്കൊപ്പം കളിച്ചതിലൂടെ വളരെയധികം മികച്ച അനുഭവങ്ങൾ ജീവിതത്തിൽ ഉണ്ടായെന്നും ട്രിപ്പിയർ പറഞ്ഞു.
“ഞാൻ എന്നെ കുറിച്ച് തന്നെ ഒരുപാട് കാര്യങ്ങൾ പഠിച്ചു. സ്‌പെയിനിലെ ജീവിതം, ഭക്ഷണം, കാലാവസ്ഥ അങ്ങനെ എല്ലാം ആസ്വദിച്ചു. അവിശ്വസനീയമായ രണ്ട് വർഷങ്ങളായിരുന്നു അതെന്നും” കീറൻ ട്രിപ്പിയർ പറഞ്ഞു.
കഴിഞ്ഞ ദിവസം ലോകമെമ്പാടുമുള്ളവര്‍ക്ക് പുതുവര്‍ഷാശംസകള്‍ നേര്‍ന്ന് അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി എത്തിയിരുന്നു. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും നന്ദിയര്‍പ്പിച്ചുകൊണ്ടായിരുന്നു മെസ്സിയുടെ പുതുവത്സരാശംസ.
‘ഈ വര്‍ഷത്തിന്റെ അവസാനം എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. കഴിഞ്ഞ കുറച്ചുനാളായി ഞാന്‍ കണ്ട സ്വപ്‌നം സഫലമായിരിക്കുകയാണ്. എന്നെ എല്ലാത്തിനും പിന്തുണയ്ക്കുന്ന കുടുംബം ഈ വിജയത്തില്‍ വലിയൊരു പങ്ക് വഹിച്ചു. എന്നെ ഒരിക്കലും വീഴാന്‍ അനുവദിക്കാത്ത എന്റെ സുഹൃത്തുക്കളും ഈ വിജയത്തിന് കാരണമാണ്,’ എന്നാണ് മെസ്സി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
അതേസമയം വിവിധ രാജ്യങ്ങളിലെ തന്റെ ആരാധകര്‍ക്ക് നന്ദി അറിയിക്കുന്നതായും മെസ്സി പറഞ്ഞു. വേണ്ടത്ര പ്രോത്സാഹനമില്ലായിരുന്നെങ്കില്‍ ഇന്നത്തെ നിലയില്‍ താനെത്തുമായിരുന്നില്ലെന്നും വിവിധ രാജ്യങ്ങളിലെ ജനങ്ങള്‍ തന്നെ സ്‌നേഹിക്കുന്നുണ്ട് എന്ന് അറിയുന്നതില്‍ വളരെയധികം സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘2023 എല്ലാവര്‍ക്കും വളരെയധികം സന്തോഷം നിറഞ്ഞ വര്‍ഷമായിരിക്കട്ടെ. ആയുരാരോഗ്യ സൗഖ്യവും സന്തോഷവും എല്ലാവര്‍ക്കും ഉണ്ടായിരിക്കട്ടെയെന്ന് നേരുന്നു’, മെസ്സി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും പോസ്റ്റിനോടൊപ്പം മെസ്സി ചേര്‍ത്തിരുന്നു.
2022 എന്ന വര്‍ഷം മെസ്സിയെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണ്ണായകമായ വര്‍ഷമായിരുന്നു. ഖത്തര്‍ ഫിഫ ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് കീരിടം നേടാനായി എന്നതാണ് ഏറ്റവും വലിയ നേട്ടം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.