ഷൂട്ട് ഔട്ടില്‍ സ്പെയിനെ അട്ടിമറിച്ച് മൊറോക്കോ ക്വാര്‍ട്ടറില്‍
- Published by:Arun krishna
- news18-malayalam
Last Updated:
നിശ്ചിത സമയത്തും അധിക സമയത്തും ഏതാനും മികച്ച ഗോള്‍ അവസരങ്ങള്‍ ഇരു ടീമിനും ലഭിച്ചിട്ടും ഒന്നും ലക്ഷ്യം കണ്ടില്ല.
പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ സ്പെയിനെ അട്ടിമറിച്ച് മൊറോക്കോ ഖത്തര്‍ ലോകകപ്പ് ക്വാര്‍ട്ടര്‍ പോരാട്ടത്തിന് ടിക്കറ്റെടുത്തു. ഷൂട്ട് ഔട്ടില്‍ സ്പാനിഷ് താരങ്ങൾക്ക് ഒറ്റ കിക്ക് പോലും ഗോളാക്കാനായില്ല. ഷൂട്ടൗട്ടിൽ കാർലോസ് സോളറെടുത്ത രണ്ടാമത്തെ കിക്കും ക്യാപ്റ്റൻ സെർജിയോ ബുസ്ക്വെറ്റ്സിന്റെ മൂന്നാം കിക്കും തടുത്തിട്ട ഗോൾകീപ്പർ യാസിൻ ബോനുവാണ് മൊറോക്കോയുടെ വിജയശില്‍പി. മറ്റൊരു സ്പാനിഷ് താരം പാബ്ലോ സറാബിയയുടെ കിക്ക് പോസ്റ്റിൽത്തട്ടി തെറിച്ചു.
മൊറോക്കോയ്ക്കായി അബ്ദൽഹമീദ് സബീരി, ഹാകിം സിയെച്ച്, അച്റഫ് ഹക്കിമി എന്നിവരുടെ കിക്കുകള്‍ ലക്ഷ്യം കണ്ടു. ബദിർ ബെനോണിന്റെ ഷോട്ട് സ്പാനിഷ് ഗോൾകീപ്പർ ഉനായ് സൈമൺ രക്ഷപ്പെടുത്തി.
നിശ്ചിത 90 മിനിറ്റിട്ടില്‍ ഇരു ടീമുകളും ഗോളടിക്കാതെ വന്നതോടെ മത്സരം അധിക സമയത്തേക്ക് നീങ്ങുകയായിരുന്നു.നിശ്ചിത സമയത്തും അധിക സമയത്തും ഏതാനും മികച്ച ഗോള്‍ അവസരങ്ങള്‍ ഇരു ടീമിനും ലഭിച്ചിട്ടും ഒന്നും ലക്ഷ്യം കണ്ടില്ല.
പതിവുപോലെ കളിയുടെ തുടക്കം മുതല്‍ പന്ത് കൈവശം വച്ചുള്ള തന്ത്രപരമായ നീക്കമാണ് സ്‌പെയിന്‍ നടത്തിയത്. മൊറോക്കോയാകട്ടെ കടുത്തപ്രതിരോധത്തില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. തുടക്കത്തില്‍ മൊറോക്കന്‍ പ്രതിരോധം മറികടക്കുന്നതിന് സ്പെയിന്‍ പണിപ്പെടുന്ന കാഴ്ചയാണ് ഖത്തറില്‍ കണ്ടത്. പന്തടക്കത്തിലും പാസിങ്ങിലും പതിവ് ആധിപത്യം പുലര്‍ത്തിയ സ്പാനിഷ് ടീമിനെതിരേ മികച്ച ആക്രമണം പുറത്തെടുക്കാന്‍ മൊറോക്കോയ്ക്കായി.
advertisement
ആക്രമണവും പ്രതിരോധവുമായി ആവേശകരമായിരുന്നു ഇരുപകുതികളുമെങ്കിലും, അതേ ആവേശം ഗോളാക്കാന്‍ ഇരുടീമുകള്‍ക്കുമായില്ല. ഇരു ടീമുകൾക്കും ചില മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും, ഫിനിഷിങില്‍ വന്ന പാളിച്ച തിരിച്ചടിയായി. രണ്ടാം പകുതിയിലും മൊറോക്കോ പ്രതിരോധം ഭേദിക്കാനാകാതെ വന്നതോടെ 63–ാം മിനിറ്റിൽ സ്പാനിഷ് പരിശീലകൻ ലൂയിസ് എൻറിക്വെ ഇരട്ടമാറ്റങ്ങൾ വരുത്തി. മാർക്കോ അസെൻസിയോയ്ക്കു പകരം അൽവാരോ മൊറാട്ടയും ഗാവിക്കു പകരം കാർലോസ് സോലറുമെത്തി. പിന്നാലെ മൊറോക്കോ നിരയിൽ ബൗഫലിനു പകരം അബ്ദ്സമദ് എസൽസോലിയും കളത്തിലിറങ്ങി.
മത്സരം 80 മിനിറ്റ് പിന്നിട്ടതിനു പിന്നാലെ മൊറോക്കോ വരുത്തിയ മൂന്ന് മാറ്റങ്ങളും നിശ്ചിത സമയത്ത് സ്കോർ ബോർഡിൽ വ്യത്യാസമൊന്നും വരുത്തിയില്ല. ഇൻജ്വറി ടൈമിന്റെ അവസാന മിനിറ്റിൽ സ്പെയിന് ഫ്രീകിക്കിൽനിന്ന് ലഭിച്ച സുവർണാവസരം പെഡ്രിക്കും വില്യംസിനും മുതലാക്കാനാകാതെ പോയതോടെ നിശ്ചിത സമയം ഗോൾരഹിതമായി .
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 06, 2022 11:22 PM IST