മാനെ ഗരിഞ്ച; അടിമക്കാലുകളിലെ ഫുട്‌ബോള്‍ ഊര്‍ജം
Last Updated:
#Fifa world cup russia 2018
1983 ലെ ജനുവരി മാസം 16. ഞായര്‍ മുതല്‍ ബുധനാഴ്ച വരെ നാലു ദിവസം, റിയോ ഡി ജനീറോയുടെ ഓരത്ത്, ദാരിദ്ര്യം മണക്കുന്ന ആ ചെറിയ നഗരത്തിലെ ബാറുകളില്‍ കയറിയിറങ്ങി ആ മനുഷ്യന്‍ ബോധം മറയുന്നതുവരെ കുടിച്ചു കൊണ്ടേയിരുന്നു. സമയം 8 മണി കഴിഞ്ഞിരുന്നു. ആരുടെയോ ഒക്കെ സഹായം കൊണ്ട്, ഫാക്ടറി തൊഴിലാളികള്‍ക്ക് മാത്രം നിര്‍മിച്ച താമസസ്ഥലത്തുള്ള തന്റെ വീട്ടുപടിക്കല്‍ എത്തി. അബോധവസ്ഥയില്‍ പിച്ചും പേയും പറയുന്ന അയാളെ കണ്ടു പേടിച്ചുപോയ ഭാര്യ ഒരു സഹായത്തിനായി ആ മനുഷ്യന്റെ ആദ്യഭാര്യയുടെ സഹായിയെ വിളിച്ചുവരുത്തി. അയാള്‍ അപ്പോള്‍ തന്നെ ഒരു ആംബുലന്‍സിലേക്കു അയാളെ മാറ്റി.. അത് ഗതിവേഗത്തില്‍ ബോട്ടോഫോഗോയിലെ ആശുപത്രിയിലേക്ക് കുതിച്ചു. ആംബുലന്‍സില്‍ ഹോസ്പിറ്റലില്‍ എത്തിച്ച അയാളുടെ നില അതിഗുരുതരമായിരുന്നു. ഡോക്ടര്‍മാര്‍ അയാളുടെ നെയിം കാര്‍ഡ് നോക്കി, ഒരു 'മാനുവേല്‍ ഡാ സില്‍വ ' ഏതോ ഒരു കുടിയന്‍, അയാള്‍ 'അല്‍ക്കോഹോളിക് കോമ' എന്ന അവസ്ഥയില്‍ ആണ്. ഡോക്ടര്‍മാര്‍ പിറുപിറുത്തു...
advertisement
അര്‍ദ്ധബോധാവസ്ഥയില്‍ ഏതോ നിമിഷത്തില്‍ അയാളുടെ ഓര്‍മ്മചിത്രങ്ങള്‍ അയാളെ പിന്നോട്ട് പിന്നോട്ട് വലിച്ചു കൊണ്ട് പോയി.. ഏതോ നാട്ടില്‍ ഒരു കൊച്ചു പെണ്‍കുട്ടി തന്റെ ഇളയ അനിയനെ , അവന്റെ വലുപ്പമില്ലായ്മ കണ്ടു, ഒരു പക്ഷിത്തൂവല്‍ പോലെ ഇപ്പൊ പറന്നു പോയേക്കാം എന്ന പോലെ ഉള്ള മെലിഞ്ഞ പയ്യനെ, മെല്ലെ വിളിച്ചു 'ഗാരിഞ്ചാ'... അതവിടുത്തെ ഏറ്റവും ചെറിയ പക്ഷിയായിരുന്നു.... നമ്മുടെ അടക്കാക്കിളി പോലെ.. അവന്‍ തിരിഞ്ഞു നിന്ന്, അവളെ നോക്കി പാല്‍പുഞ്ചിരി തൂകി.. അത് റോസയായിരുന്നു.. അവന്റെ മൂത്ത ചേച്ചി.
advertisement

മനുവേലിന്റെ കാലുകള്‍ കാറ്റടിച്ചെന്നവണ്ണം ഇരുഭാഗങ്ങളിലേക്കും വളഞ്ഞിരുന്നു. പക്ഷെ അവന്‍ ഒരു പൂമ്പാറ്റയെ പോലെ ഓടുമായിരുന്നു. അച്ഛന്‍ അമാരോ അവര്‍ സമ്പാദിച്ചതെല്ലാം കുടിച്ചു കുടിച്ചു നശിപ്പിച്ചിരുന്നു.. 14 വയസ്സില്‍ മറ്റെല്ലാ പയ്യന്മാരെ പോലെയും മാനുവല്‍ തുണി മില്ലിലെ ജോലിയില്‍ പ്രവേശിച്ചു. അവന്‍ ഒരു മടിയനായിരുന്നു, ഒരു പണിയും അയാള്‍ മുഴുമിപ്പിച്ചില്ല, സദാസമയവും ഫാക്ടറിയിലെ പെണ്‍തൊഴിലാളികളോട് പഞ്ചാരവര്‍ത്തമാനം പറഞ്ഞു നടന്നു അയാള്‍. പലവട്ടം അവനെ പുറത്താക്കിയെങ്കിലും വേഗത്തില്‍ തന്നെ അവരവനെ വീണ്ടെടുത്തു. കാരണം ഫാക്ടറി തൊഴിലാളികളുടെ ഇടയില്‍ നടക്കാറുള്ള കാല്പന്തുകളി അവര്‍ക്ക് അഭിമാനപോരാട്ടമായിരുന്നു. അത് ജയിക്കണമെങ്കില്‍ അവര്‍ക്കു അവരുടെ ഗാരിഞ്ചയെ വേണമായിരുന്നു. ജോലി കഴിഞ്ഞാല്‍ ഉടനെ അയാള്‍ ഉല്ലസിച്ചു കാല്പന്തുകളി കളിച്ചു, അതിലും ആവേശത്തില്‍ മീന്‍ പിടിച്ചും നീന്തിയും വേട്ടയാടിയും സന്തോഷിച്ചു.
advertisement
19 വയസ്സില്‍ അയാളുടെ കളി കണ്ട ഒരാള്‍ ബൊറ്റാഫെഗോ ക്ലബ്ബിലേക്ക് പറഞ്ഞുവിട്ടു. ട്രയല്‍സില്‍ അന്നത്തെ ബ്രസീലിയന്‍ ലെഫ്റ്റ് ബാക് നെല്‍സണ്‍ സാന്റോസും ഉണ്ടായിരുന്നു. വലതു വിങ്ങില്‍ ഗാരിഞ്ച നെല്‍സണ് സാന്‍ഡോസിനെ പലവട്ടം ഡ്രിബില്‍ ചെയ്തു കയറി. ഒരു തവണ ഇരു കാലുകള്‍ക്കുമിടയിലൂടെ പന്തെടുത്ത ഗാരിഞ്ച, നൃത്ത ചുവടുകളോടെ മുന്നോട്ട് കുതിച്ചു. ബിറ്റാഫാഗോയിലെ അയാളുടെ അരങ്ങേറ്റം തന്നെ നാടകീയമായിരുന്നു. ടീം പിന്നിട്ടു നില്‍ക്കുമ്പോളാണ് അയാള്‍ ഇറങ്ങിയത്. പിന്നീടങ്ങോട്ട് ചിത്രത്തില്‍ അവനും അവന്റെ ടീമും മാത്രമേ ഉണ്ടായിരുന്നുള്ളു. 3 ഗോളുകള്‍ നേടി ഗാരിഞ്ച തന്റെ വരവറിയിച്ചു.
advertisement

എല്ലു വെള്ളമാക്കി പണിയെടുക്കുന്ന, അന്തിപട്ടിണി മാത്രം കൂട്ടുള്ള ബ്രസീലിയന്‍ വര്‍ക്കിംഗ് ക്ലാസ്, ആണ്‍ പെണ്‍ ഭേദമന്യേ ഗാരിഞ്ചയെന്ന അവരുടെ കുഞ്ഞുപക്ഷിയുടെ കളി കാണുവാന്‍ ഓടിയെത്തി. ബോട്ടഫെഗോയുടെ നല്ല രാശി തെളിഞ്ഞു തുടങ്ങി. വലതുവിങ്ങില്‍ അയാള്‍ക്ക് പന്ത് കിട്ടിയാല്‍ പിന്നെ കാണികള്‍ക്കതൊരു വിരുന്നായിരുന്നു. വേഗം കൊണ്ടും,ബാലന്‍സ് കൊണ്ടും, ഭാവന കൊണ്ടും അയാള്‍ അത്ഭുദം കാട്ടി. അതിനുമപ്പുറം അയാള്‍ മനസ്സില്‍ തോന്നിയതൊക്കെ കളിക്കളത്തില്‍ ചെയ്തു കാട്ടി.
advertisement
അന്നേ വരെ ലോകം കാണാത്ത ഡ്രിബ്ലിങ് മികവ് അയാള്‍ കാണികള്‍ക്കായി കാഴ്ചവെച്ചു. മജീഷ്യന്‍ തന്റെ മാന്തികച്ചെപ്പു തുറക്കും പോലെ ഫെയ്ന്റുകള്‍ കൊണ്ടും, ഷിമ്മി കൊണ്ടും, അയാള്‍ എതിരാളികളുടെ കണ്‍കെട്ടി. ഹിപ്നോട്ടിസ് ചെയ്ത പോലെ ഒന്നും രണ്ടും, മൂന്നും പ്രതിരോധക്കാര്‍ അയാളുടെ പിന്നാലെ മാത്രം ഓടുവാന്‍ വിധിക്കപ്പെട്ടു. ഇരു കാലുകളും നിരന്തരം പന്തിനു മേലെ വീശിയെടുത്തു മുന്നോട്ടു കുതിച്ചപ്പോള്‍ ആവേശം മൂത്ത കാണികള്‍ കണ്‍കെട്ടിലെന്ന പോലെ കൂവിയാര്‍ത്തു വിളിച്ചു പറഞ്ഞു 'പെടലാട ' 'പെടലാടാ '. ലെഫ്റ് വിങ്ങില്‍ തന്നെ തടയാനെത്തുന്ന പ്രതിരോധക്കാരന്‍ കണ്ണിമ ചിമ്മിയെടുക്കും നേരം ഗാരിഞ്ച അയാളെയും കടന്നു മുന്നോട്ട് പോവുമെങ്കിലും, അപ്പോഴാണ് ഗാരിഞ്ച ഗാരിഞ്ചയാവുക...അയാള്‍ ആ പഴയ കുട്ടിയാവും, 'പന്ത് വേണേല്‍ വന്നെടുത്തോ' എന്ന പോലെ അയാള്‍ വീണു പോയ ആ പ്രതിരോധക്കാരന്‍ തിരിച്ചുവരും വരെ കാത്ത് നില്‍ക്കും. എതിരാളി പിന്നെയും വരുമെങ്കിലും ആദ്യത്തേതു പോലെ തന്നെ കബളിപ്പിക്കപ്പെടാനായിരിക്കും അയാളുടെ വിധി. ഡബിള്‍ ടീമിങ്ങും, ട്രിപ്പിള്‍ ടീമിങ്ങും വന്നാലും ഗാരിഞ്ച പന്ത് ആര്‍ക്കും വിട്ടു കൊടുത്തില്ല. അയാള്‍ അയാള്‍ക്ക് തോന്നിയ സമയം വരെ ഈ തൊട്ടുകളി കളിച്ചു കൊണ്ടേയിരുന്നു. അയാളെ തടയുവാനായി പോയ പ്രതിരോധക്കാര്‍ ആയിരക്കണക്കിന് കാണികളുടെ മുന്നില്‍ വെറുമൊരു ചിരിവസ്തുവായി മാറി. ഗാരിഞ്ച വിദഗ്ദനായ റിങ് മാസ്റ്ററും, പന്ത് അയാളുടെ അരുമ മൃഗവുമായി രൂപം പ്രാപിച്ചു.
advertisement
മാസ്റ്റര്‍ വിചാരിക്കുന്ന പോലെ പന്ത് കാണാതാവുകയും ശൂന്യതയില്‍ നിന്നും തിരിച്ചുവരികയും ചെയ്തു. ചിലപ്പോഴത് അയാളുടെ പിന്നാലെയോടുകയും ചിലപ്പോള്‍ അയാളുടെ കാല്‍ക്കല്‍ ഒട്ടി നിന്നും നന്ദി കാട്ടി. അയാളുടെ ചെയ്തികളില്‍ വീണു പോയ എതിരാളികള്‍ അക്ഷരാര്‍ഥത്തില്‍ കാണികള്‍ക്ക് കോമാളികളുടെ കുറവ് നികത്തി. കാണികളെ ഗാരിഞ്ച തന്റെ കണ്‍കെട്ട് കൊണ്ട് ചിരിപ്പിച്ചു നിര്‍ത്തി. അയാളുടെ ഓരോ നീക്കങ്ങള്‍ക്കും നിറഞ്ഞെത്തിയ കാണികള്‍ 'ഓലെ ഓലെ ' ശബ്ദമുയര്‍ത്തി. ലോകസിനിമയ്ക്കു ചാര്‍ലി ചാപ്ലിന്‍ ഉണ്ടെങ്കില്‍, കാല്പന്തുകളിക്ക് ഗാരിഞ്ചയുണ്ടല്ലോ എന്ന് പില്‍ക്കാലത്തു ലോകം വിലയിരുത്തി, ഫുട്ബോള്‍ ലോകം അഹങ്കരിച്ചു.

1958 ലോകകപ്പില്‍ അയാളും ടീമില്‍ ഉണ്ടായിരുന്നു. ആദ്യത്തെ കളികളില്‍ ഒന്നിലും അയാള്‍ ടീമില്‍ ഇടം പിടിച്ചില്ല. അനാവശ്യമായി ഡ്രിബിള്‍ ചെയ്തു സമയം നശിപ്പിക്കുന്നുവെന്നതും, കോച്ച് പറയുന്ന തന്ത്രം ഇയാള്‍ കേള്‍ക്കാറില്ല എന്നുമായിരുന്നു പ്രധാന ആരോപണങ്ങള്‍. ആദ്യ രണ്ടു ലോകകപ്പിലെ പരാജയം ബ്രസീലിനെ വല്ലാതെ വേട്ടയാടിയിരുന്നു. അതിന്റെ പ്രധാന കാരണം കളിക്കാര്‍ അവര്‍ക്കു തോന്നിയ പോലെയുള്ള ഫ്രീ സ്റ്റൈല്‍ കളിക്കുന്നു എന്നതായിരുന്നു ബ്രസീലുകാര്‍ കണ്ടെത്തിയത്. അവര്‍ യൂറോപ്യന്‍ ഫുട്ബോള്‍ പോലെ തന്ത്രപരമായി കളിക്കണം എന്നാണ് പരിശീലകരുടെ നയം. ഗാരിഞ്ചയെ ഇറക്കിയാല്‍ അയാള്‍ ഇതൊന്നും കേള്‍ക്കില്ല എന്ന് അവര്‍ക്കറിയാമായിരുന്നു. വ്യര്‍ത്ഥമായ സ്വപ്നം മാത്രമാണ് 'സുന്ദര ഫുട്ബോള്‍ ' എന്നും അതിന്റെ കാലം എങ്ങോ കഴിഞ്ഞു എന്നും പരിശീലകര്‍ വിശ്വസിച്ചു.
ലോകകപ്പിലെ ബ്രസീല്‍ സോവിയറ്റ് മത്സരം. കോച്ച് തീരെ പതറിയിരുന്നു. ശാസ്ത്രീയ ഫുട്ബോള്‍ കളിക്കുന്ന, നല്ല പവര്‍ ഗെയിം കളിക്കുന്ന സോവിയറ്റ് ടീം, അവരോടു ജയിക്കാന്‍ മാത്രം മികവ് ബ്രസീലിനു ഇല്ല അയാള്‍ വിചാരിച്ചു. ടീമിലെ മുതിര്‍ന്നവര്‍ ഒറ്റക്കെട്ടായി രണ്ടു യുവതാരങ്ങളെ കളിപ്പിക്കണമെന്നു വാശിപിടിച്ചു. ഒരാള്‍, ഒരു 17-കാരന്‍ പയ്യന്‍, പേര് പെലെ. മറ്റെയാള്‍ ഒരു മാനേ ഗാരിഞ്ച.
പിറ്റേന്ന് കളിസമയമായി. ടച്ച് ലൈനിന്റെ ഓരത്ത് ഗാരിഞ്ചയെന്ന തുണിമില്‍ തൊഴിലാളി, ഒരു മുഴുകുടിയന്റെ മകന്‍ കണ്ണടച്ച് നിന്നു. കാറ്റടിച്ചു പറന്നുപൊങ്ങിയ ഒരില, ചുഴലിക്കാറ്റില്‍ അകപ്പെട്ട പോലെ ഗാരിഞ്ച, പല നൂറ്റാണ്ടുകള്‍ക്ക് മുന്‍പേയുള്ള ഒരു രാത്രിയിലേക്ക് എടുത്തെറിയപ്പെട്ടു. അവിടെ പ്രാണഭയം കൊണ്ടൊരുകൂട്ടമാളുകള്‍ വിയര്‍പ്പും, വിശപ്പും, ക്ഷീണവും, ഇരുട്ടും, വകവെക്കാതെയോടിക്കൊണ്ടേയിരുന്നു. തൊണ്ടക്കുഴിയില്‍ പതഞ്ഞു പൊങ്ങുന്ന കരച്ചിലുപോലും അടക്കിപിടിച്ചവര്‍ ഓടിക്കൊണ്ടേയിരുന്നു... അഗ്യൂസ് ബാലസില്‍, ഇപ്പനേമാ നദീ തീരത്ത്, ഒടുവില്‍ ബാരിഗ മലയില്‍..പക്ഷെ അവിടെയുവരുടെ നായ്പ്പാച്ചിലിന് ഫലമുണ്ടായില്ല. വെള്ളക്കാര്‍ അവരുടെ ഗ്രാമങ്ങള്‍ക്ക് തീകൊളുത്തി. അവരെ പിടിച്ചു കെട്ടി
ക്യുബ്രാങ്കുലോ നഗരത്തിലെത്തിച്ചു. അവരെ പിന്നീട് വിവിധ പ്ലാന്റേഷനുകളിലേക്ക് അടിമകളായി അയക്കുകയാണുണ്ടായത്.

ബാരിഗ മലയില്‍ ആദ്യം എത്തിച്ചേര്‍ന്ന റെഡ് ഇന്ത്യന്‍സ് കൂട്ടത്തിലാണ് ജോസ് സാന്‍ഡോസ് ജനിച്ചത്. ജോസ് 18 വയസില്‍ അന്റോണിയോയെ കല്യാണം കഴിച്ചു. 1894 ല്‍ അവര്‍ക്കു മനുവേല്‍ ജനിച്ചു, മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം അമാരോയും, പിന്നെ നാലു പെണ്‍മക്കളും. മാനുവല്‍ തന്റെ 14 വയസില്‍ ജോലി തേടി വീട് വിട്ടിറങ്ങി. പല ജോലിയും നന്നായി ചെയ്തു. അയാള്‍ ഇതിനിടെ എഴുത്തും വായനയും സ്വയത്തമാക്കി. അഡ്ലൈഡിനെ അയാള്‍ക്കിഷ്ടമായിരുന്നു. അവളുടെ അച്ഛന്റെ സമ്മതമില്ലാതെ മനുവേലും അഡ്ലൈഡ് ഉം കല്യാണം കഴിച്ചു. പിടിച്ചു നില്‍ക്കുവാനായി അവര്‍, പൗ ഗ്രാന്‍ഡെ നഗരത്തില്‍ ചേക്കേറി. കായികശേഷിയും അധ്വാനിക്കുവാന്‍ മനസുമുള്ള ആര്‍ക്കും ജീവിക്കാനുള്ള വക ആ നഗരം തരുമെന്ന ഉറച്ച വിശ്വാസം മാനുവലിനുണ്ടായിരുന്നു.
മാനുവല്‍ തന്റെ കായികശേഷിയും, അധ്വാനവും കൊണ്ട് വളരെ പെട്ടെന്നു തന്നെ പേരെടുത്തു. തൊഴിലാളികളുടെയും, അമേരിക്കന്‍ ഫാബ്രില്‍ എന്ന വന്‍ കമ്പനിയുടെ ഉടമസ്ഥരുടെയും ഏറ്റവും പ്രിയപ്പെട്ടവനായി. താമസിയാതെ അയാള്‍ മില്ലിന്റെ തൊട്ടടുത്തു മണ്‍പാത്രങ്ങളും മറ്റും നിര്‍മിച്ചു കൊടുക്കുന്ന ഷോപ്പുണ്ടാക്കി, പിന്നാലെ അമേരിക്കന്‍ ഫാബ്രിലിനു ഓട് സപ്ലൈ ചെയുന്ന ഒരേയൊരാളും മാനുവല്‍ ആയി. ഒന്ന് പച്ച പിടിച്ചപ്പോള്‍ നാട്ടിലെവിടെയോ ഉള്ള അച്ഛനമ്മമാരെയും, പെങ്ങള്‍മാരെയും കൂടെക്കൂട്ടുവാന്‍ സമയമായി എന്നയാള്‍ക്ക് തോന്നി. പക്ഷെ അപ്പോഴേക്കും അച്ഛനും അമ്മയും മരിച്ചു പോയിരുന്നു. നാലു പെങ്ങള്‍മാരെയും അയാള്‍ പൗ ഗ്രാന്‍ഡെയില്‍ എത്തിച്ചു. അനിയന്‍ ആമേരോ അപ്പോളവിടെ ഇല്ലായിരുന്നു.

അമാരോ ചെരുപ്പുകുത്തി ആയിരുന്നു. എഴുത്തും വായനയും അറിയിയാത്തത് കൊണ്ട് തന്നെ വേറെയൊരു ജോലിയും അയാള്‍ക്കറിയില്ലായിരുന്നു... തന്റെ ഏട്ടന്‍ പൗ ഗ്രനേഡിലേക്ക് ക്ഷണിക്കുമ്പോള്‍ അമാരോയുടെ ഭാര്യ മരിയ ഗര്‍ഭിണി ആയിരുന്നു. 1924 ല്‍ റോസാ ജനിച്ചതിനു ശേഷം അമാരോ പൗ ഗ്രാന്‍ഡിലേക്ക് പുറപ്പെട്ടു. അമാരോ ഏട്ടനെ ഇഷ്ടിക കമ്പനിയില്‍ സഹായിച്ചു. മരിയ കോണ്‍ട്രാക്ടര്‍മാര്‍ക്ക് ഭക്ഷണം ഉണ്ടാക്കിയും പണമുണ്ടാക്കി. അവര്‍ക്ക് രണ്ടു പെണ്മക്കള്‍ കൂടി ജനിച്ചു.. നാലാമനായി ഒരാണ്‍കുട്ടിയും. തന്റെ രക്ഷിതാവായ മനുവേലിന്റെ അതേ പേരാണ് അമാരോ തന്റെ ഏകമകനു നല്‍കിയത്. മാനുവല്‍ ഡോസ് സാന്റോസ്... പക്ഷെ മനുവേലിന്റെ വലതുകാല്‍ ഉള്ളിലേക്ക് വളഞ്ഞതും, ഇടതു കാല്‍ പുറത്തോട്ടു വളഞ്ഞതും ആയിരുന്നു. മാത്രമല്ല ആ കാലിനു ആറോളം സെന്റിമീറ്റര്‍ നീലക്കുറവും ഉണ്ടായിരുന്നു.
ഗാരിഞ്ച കണ്ണ് തുറന്നു, ഇടത്തോട്ടും വലത്തോട്ടും വളഞ്ഞിരിക്കുന്ന തന്റെ കാലിലേക്ക് നോക്കി. ഓടിയോടി തളര്‍ന്ന ഒരുപാടു അടിമക്കാലുകള്‍ ആണിതെന്ന് അയാള്‍ക്ക് തോന്നി. അയാളൊന്നു ചിരിച്ചോ? ഇല്ല, ഒടുക്കമിതാ അതേ വെള്ളക്കാര്‍ കൊണ്ടുവന്ന കളി, അത് ജയിക്കുവാനായി തന്റെ ഈ അടിമകാലുകളില്‍ വിശ്വാസം കൊടുത്തിരിക്കുന്നു തന്റെ രാജ്യം... ആ കറുത്ത കാലുകളില്‍
നൂറ്റാണ്ടുകളായി ഓടിയോടി കരുത്താര്‍ജ്ജിച്ച അടിമക്കാലുകളുടെ സത്ത കിനിഞ്ഞിറങ്ങി.
#ഹരികുമാര്‍ സി
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 11, 2018 2:24 PM IST