Carlos Alcaraz | ലോക ടെന്നീസിൽ പുതുയുഗപ്പിറവി; യുഎസ് ഓപ്പൺ കിരീടത്തിന് പിന്നാലെ ലോകറാങ്കിങിൽ ഒന്നാമതെത്തി കാർലോസ് അൽകരാസ്
- Published by:user_57
- news18-malayalam
Last Updated:
ലോക ടെന്നീസിൽ ഒന്നാം റാങ്കിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി അൽകരാസ്
കാർലോസ് അൽകരാസ് (Carlos Alcaraz) എന്ന 19കാരൻ ലോക ടെന്നീസിൽ പുതിയ ചരിത്രം രചിച്ചിരിക്കുകയാണ്. സ്പാനിഷ് താരമായ അൽകരാസ് യുഎസ് ഓപ്പണിൽ കിരീടം നേടുകയും ഒപ്പം ടെന്നീസ് ലോകറാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തിരിക്കുകയാണ്. സെപ്തംബർ 11ന് പുറത്തിറങ്ങിയ റാങ്കിങിലാണ് ഈ യുവതാരം നേട്ടത്തിലേക്കുയർന്നത്. യുഎസ് ഓപ്പണിലെ കിരീടനേട്ടത്തിന് പിന്നാലെയാണ് അൽകരാസ് ഒന്നാം റാങ്കിലെത്തിയത്. ലോക ടെന്നീസിൽ ഒന്നാം റാങ്കിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി അൽകരാസ് മാറിയിരിക്കുകയാണ്. നോർവെയുടെ കാസ്പർ റൂഡിനെ തോൽപ്പിച്ചാണ് അൽകരാസ് യുഎസ് ഓപ്പണിൽ കിരീടം നേടിയത്.
പുരുഷ വിഭാഗം ഗ്ലാൻറ്സ്ലാമിലെ ഏറ്റവും പ്രായം കുറഞ്ഞ ജേതാവ് കൂടിയാണ് ഈ 19കാരൻ. 2005ൽ ഫ്രഞ്ച് ഓപ്പൺ നേടിക്കൊണ്ട് ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻറ് സ്ലാം ജേതാവായി മാറിയ റാഫേൽ നദാലിൻെറ റെക്കോർഡാണ് തകർന്നത്. ടെന്നീസിൽ അൽകരാസിൻെറ റോൾ മോഡലാണ് നദാൽ.
ടെന്നീസിലെ പുതിയ സൂപ്പർതാരത്തെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ:
- സ്പെയിനിന്റെ തെക്കുകിഴക്കൻ മേഖലയിലെ എൽ പാൽമർ എന്ന ചെറുപട്ടണത്തിലാണ് അൽകരാസിൻെറ ജനനം. പിതാവ് നടത്തിയിരുന്ന സെമി-പ്രോ എന്ന പരിശീലന അക്കാദമിയിൽ നിന്നാണ് അദ്ദേഹം ടെന്നീസ് പഠിച്ചത്.
- കഠിന പരിശീലനം നടത്തിയാണ് അൽകരാസ് ഇന്നത്തെ നേട്ടങ്ങളിലേക്ക് എത്തിയിരിക്കുന്നത്. ഒരു ജൂനിയർ കളിക്കാരനെന്ന നിലയിൽ തന്നെ അദ്ദേഹം നിരവധി സ്പാനിഷ്, യൂറോപ്യൻ കിരീടങ്ങൾ നേടിയിരുന്നു. 2020ൽ 16 വയസ്സുള്ളപ്പോൾ, ആൽബർട്ട് റാമോസ് വിനോലസിനെ പരാജയപ്പെടുത്തിയാണ് അൽകരാസ് തന്റെ ആദ്യ എടിപി വിജയം സ്വന്തമാക്കുന്നത്. കൗമാര പ്രായത്തിൽ തന്നെ സ്പെയിനിലെയും യൂറോപ്പിലെയും സൂപ്പർതാരമായി അൽകരാസ് മാറി.
- മികച്ച പരിശീലകരുടെ കയ്യൊപ്പ് അൽകരാസിൻെറ നേട്ടങ്ങൾക്ക് പിന്നിലുണ്ട്. ചെറുപ്പത്തിൽ പിതാവ് തന്നെയായിരുന്നു ഗുരു. മുൻ ലോക ഒന്നാം നമ്പർ താരമായിരുന്ന ജുവാൻ കാർലോസ് ഫെറേറോയാണ് അദ്ദേഹത്തെ നിലവിൽ പരിശീലിപ്പിക്കുന്നത്. ഫെറേറോ ഫ്രഞ്ച് ഓപ്പൺ നേടിയ 2003ലാണ് അൽകരാസ് ജനിക്കുന്നത്. പരിശീലകനും ശിഷ്യനും തമ്മിൽ അങ്ങനെയൊരു യാദൃശ്ചികമായ ബന്ധവുമുണ്ട്! 15ാം വയസ്സ് മുതൽ ഫെറേറോക്ക് കീഴിലാണ് അൽകരാസ് ടെന്നീസ് പരിശീലിക്കുന്നത്. ലോക ടെന്നീസിൽ അൽകരാസ് 30 ഗ്രാൻറ് സ്ലാം കിരീടങ്ങൾ നേടുന്നതാണ് ഫെറേറോയുടെ സ്വപ്നം.
- ലോക റാങ്കിങ്ങിലെ ഒന്നാം സ്ഥാനം താൻ ചെറുപ്പം മുതൽ തന്നെ സ്വപ്നം കാണുന്നതാണെന്ന് അൽകരാസ് പറയുന്നു. റാഫേൽ നദാലിനെ ആരാധിച്ചുകൊണ്ടാണ് അദ്ദേഹം വളർന്നത്. ഇന്ന് നദാലിൻെറ പിൻഗാമിയെന്ന നിലയിലാണ് യുവതാരം വിലയിരുത്തപ്പെടുന്നത്. എന്നാൽ നദാലുമായി തന്നെ താരതമ്യം ചെയ്യരുതെന്നാണ് അൽകരാസിൻെറ അഭ്യർഥന. “നദാലിന് പകരക്കാരൻ ആവാൻ ആർക്കും സാധിക്കില്ല. മികച്ച പ്രൊഫഷണൽ താരമാവാൻ വേണ്ടിയാണ് ഞാൻ ശ്രമിക്കുന്നത്,” അൽകരാസ് പറഞ്ഞു.
- മെയിൽ നദാലിനെയും അപ്പോഴത്തെ ലോക ഒന്നാം നമ്പർ താരം നൊവാക് ജോകോവിച്ചിനെയും തോൽപ്പിച്ചാണ് അൽകരാസ് മാഡ്രിഡ് ഓപ്പൺ ഫൈനലിലെത്തിയത്.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 12, 2022 2:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Carlos Alcaraz | ലോക ടെന്നീസിൽ പുതുയുഗപ്പിറവി; യുഎസ് ഓപ്പൺ കിരീടത്തിന് പിന്നാലെ ലോകറാങ്കിങിൽ ഒന്നാമതെത്തി കാർലോസ് അൽകരാസ്