അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളായി കണക്കാക്കപ്പെടുന്ന പരിശീലകനാണ് മുൻ ദക്ഷിണാഫ്രിക്കൻ താരമായ ഗാരി കിർസ്റ്റൺ (Gary Kirsten). പരിശീലക കരിയറിൽ മികച്ച റെക്കോർഡ് സ്വന്തമായുള്ള അദ്ദേഹത്തെ മുഖ്യ പരിശീലകനാക്കാനുള്ള നീക്കത്തിലാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി).
ഐസിസി ടി20 ലോകകപ്പിന് മുമ്പ് പാകിസ്ഥാന്റെ (Pakistan) മുഖ്യ പരിശീലക സ്ഥാനം ഒഴിഞ്ഞ മിസ്ബ ഉൾ ഹഖിന് (Misbah-ul-Haq) പകരം പരിശീലകനെ തേടുകയാണ് പാകിസ്ഥാൻ. ഈ സ്ഥാനത്തേക്ക് പിസിബി തയാറാക്കിയ ചുരുക്കപ്പട്ടികയിൽ മൂന്ന് പേരിൽ ഒരാളാണ് ഗാരി കിർസ്റ്റൺ. ഓസ്‌ട്രേലിയൻ പരിശീലകനായ സൈമൺ കാറ്റിച്ച് (Simon Katich), മുൻ ഇംഗ്ലണ്ട് താരമായ പീറ്റർ മൂർസ് (Peter Moores) എന്നിവരാണ് ഗാരിക്കൊപ്പം ഈ ചുരുക്കപ്പട്ടികയിലുള്ള മറ്റ് രണ്ട് അംഗങ്ങൾ.
2011ൽ മഹേന്ദ്ര സിങ് ധോണിയുടെ (MS Dhoni) കീഴിൽ ഇന്ത്യൻ ടീം ഏകദിന ലോകകപ്പ് നേടുമ്പോൾ ടീമിന്റെ മുഖ്യ പരിശീലകനായിരുന്നു ഗാരി. രണ്ട് ഐപിഎൽ ടീമുകളുടെ പരിശീലകനായി സേവനമനുഷ്ഠിച്ച അനുഭവമുള്ളയാളാണ് കാറ്റിച്ച്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സഹപരിശീലകനായിരുന്ന അദ്ദേഹം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ മുഖ്യ പരിശീലകനുമായിരുന്നു. അതേസമയം, മൂർസ് രണ്ട് തവണ ഇംഗ്ലണ്ട് ടീമിന്റെ മുഖ്യ പരിശീലകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2011 ലോകകപ്പിന് ശേഷം ദക്ഷിണാഫ്രിക്കൻ ടീമിനെ കുറച്ചുകാലം പരിശീലിപ്പിച്ച ഗാരി പാകിസ്ഥാന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത് അവർക്ക് മുതൽക്കൂട്ട് ആവും, പ്രത്യേകിച്ചും മുഖ്യ പരിശീലക സ്ഥാനത്തേക്ക് ദീർഘകാലാടിസ്ഥാനത്തിൽ വിദേശ പരിശീലകനെ നിയമിക്കുകയാണ് പിസിബിയുടെ ലക്ഷ്യമെന്ന് പരിഗണിക്കുമ്പോൾ. ടി20 ലോകകപ്പിന് മുൻപാണ് മിസ്ബാ ഉൾ ഹഖും വഖാർ യൂനിസും യഥാക്രമം മുഖ്യ പരിശീലക സ്ഥാനവും ബൗളിംഗ് പരിശീലക സ്ഥാനവും ഒഴിഞ്ഞത്. സഖ്‌ലൈൻ മുഷ്താഖിനെയാണ് പിസിബി നിലവിൽ താത്ക്കാലികമായി പാകിസ്ഥാന്റെ മുഖ്യ പരിശീലകനാക്കിയിട്ടുള്ളത്. ബൗളിംഗ് വിഭാഗം മുൻ പാക് താരം തന്നെയായ അബ്ദുൾ റസാഖ് കൈകാര്യം ചെയ്യുന്നു. എന്നാൽ പിസിബി അധ്യക്ഷ സ്ഥാനത്തേക്ക് റമീസ് രാജ എത്തിയതോടെയാണ് വലിയ മാറ്റങ്ങൾക്ക് വേദി ഒരുങ്ങുന്നത്.
ഇന്ത്യൻ എക്‌സ്‌പ്രസ് റിപ്പോർട്ട് അനുസരിച്ച്, പിസിബി ദീർഘകാലാടിസ്ഥാനത്തിൽ ഒരു വിദേശ പരിശീലകനെയാണ് പാകിസ്ഥാന്റെ മുഖ്യ പരിശീലകനാക്കാൻ ലക്ഷ്യമിടുന്നത്. ഇതിന് തിരിച്ചടിയാവുന്ന ഘടകം എന്തെന്നാൽ വിദേശ പരിശീലകരിൽ ഭൂരിഭാഗം പേരും ഫ്രാഞ്ചൈസി ക്രിക്കറ്റിൽ പരിശീലകരാകാനാണ് താത്പര്യം പ്രകടിപ്പിക്കുന്നത്. ഇവയുടെ കാലാവധി ചെറുതായതിനാലാണ് വിദേശ പരിശീലകർ ഫ്രാഞ്ചൈസി ക്രിക്കറ്റിനോട് ആഭിമുഖ്യം കാണിക്കുന്നത്. ഇത് മറികടന്നാണ് ഗാരി കിർസ്റ്റണെ പരിശീലകനാക്കാൻ പിസിബി ഒരുങ്ങുന്നത്. ഗാരിക്ക് പാകിസ്ഥാന്റെ മുഖ്യ പരിശീലക സ്ഥാനം ലഭിക്കുമ്പോൾ കാറ്റിച്ചും മൂറും പാക്കിസ്ഥാൻ സൂപ്പർ ലീഗിലെ ഏതെങ്കിലും ടീമുകളുടെ പരിശീലക സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വരും.
അതേസമയം, ലോകകപ്പിന് മുൻപ് മിസ്ബ സ്ഥാനമൊഴിഞ്ഞത് പാകിസ്ഥാന്റെ പ്രകടനത്തെ തെല്ലും ബാധിച്ചിട്ടില്ല. യുഎഇയിൽ നടക്കുന്ന ടി20 ലോകകപ്പിൽ തകർപ്പൻ പ്രകടനമാണ് അവർ നടത്തുന്നത്. ബാബർ അസമിന്റെ നേതൃത്വത്തിൽ ടൂർണമെന്റിൽ മത്സരിക്കാൻ ഇറങ്ങിയ അവർ ആദ്യത്തെ മത്സരത്തിൽ ചിരവൈരികളായ ഇന്ത്യക്കെതിരെ 10 വിക്കറ്റിനും രണ്ടാം മത്സരത്തിൽ ന്യൂസിലൻഡിനെതിരെ അഞ്ച് വിക്കറ്റിനും ജയിച്ച് സെമി ഫൈനൽ പ്രവേശത്തിന് അരികെ നിൽക്കുകയാണ്.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.