ഐസിസി ടി20 റാങ്കിങ്: ട്രാവിസ് ഹെഡ് സൂര്യകുമാർ യാദവിനെ മറികടന്ന് ഒന്നാം നമ്പർ ബാറ്ററായി
- Published by:Sarika KP
- news18-malayalam
Last Updated:
ടി20 ലോകകപ്പിലെ തകർപ്പൻ ബാറ്റിങ് പ്രകടനമാണ് സൂര്യയെ മറികടക്കാൻ ഹെഡിനെ സഹായിച്ചത്.
ഇന്ത്യൻ സൂപ്പർതാരം സൂര്യകുമാർ യാദവിനെ മറികടന്ന് ബാറ്റർമാരുടെ ഐസിസി ടി20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തി ഓസീസ് ഓപ്പണർ ട്രാവിസ് ഹെഡ്. ഏറ്റവും പുതിയ റാങ്കിങ്ങിലാണ് ഹെഡ് ഒന്നാമനായത്. 2023 ഡിസംബർ മുതൽ സൂര്യയായിരുന്നു ഒന്നാം റാങ്കിൽ ഉണ്ടായിരുന്നത്. ടി20 ലോകകപ്പിലെ തകർപ്പൻ ബാറ്റിങ് പ്രകടനമാണ് സൂര്യയെ മറികടക്കാൻ ഹെഡിനെ സഹായിച്ചത്.
സെമി കാണാതെ ഓസ്ട്രേലിയ ലോകകപ്പിൽ നിന്ന് പുറത്തായെങ്കിലും രണ്ട് അര്‍ധ സെഞ്ചുറിയടക്കം 255 റൺസാണ് ഹെഡ് നേടിയത്. ഇന്ത്യക്കെതിരെ സൂപ്പർ എട്ടിൽ താരം 76 റൺസും നേടിയിരുന്നു. വെറും രണ്ട് പോയൻറിൻെറ വ്യത്യാസത്തിലാണ് ഹെഡ് ഇപ്പോൾ സൂര്യയെ മറികടന്നിരിക്കുന്നത്. സെമിയിലെത്തിയ ഇന്ത്യക്ക് ലോകകപ്പിൽ ഇനിയും മത്സരമുണ്ട്. മികച്ച ഫോമിലുള്ള സൂര്യക്ക് ഇനിയുള്ള മത്സരങ്ങളിലെ പ്രകടനത്തിലൂടെ ഹെഡിനെ മറികടന്ന് ഒന്നാം റാങ്ക് തിരിച്ച് പിടിക്കാനും അവസരമുണ്ട്.
ഇംഗ്ലണ്ടിൻെറ ഫിൽ സാൾട്ടും പാകിസ്ഥാൻ ബാറ്റർമാരായ ബാബർ അസമും മുഹമ്മദ് റിസ്വാനും പട്ടികയിൽ ആദ്യ അഞ്ചിൽ സ്ഥാനം പിടിച്ചു. ടോപ് ടെന്നിലേക്ക് പുതിയതായി എത്തിയ ഏക കളിക്കാരൻ വെസ്റ്റ് ഇൻഡീസിൻെറ ജോൺസൾ ചാൾസാണ്. നാല് സ്ഥാനങ്ങൾ മുന്നോട്ട് കയറിയാണ് ചാൾസ് പത്താം സ്ഥാനത്തെത്തിയത്. അഫ്ഗാനിസ്ഥാൻെറ റഹ്മാനുള്ള ഗുർബാസ് അഞ്ച് സ്ഥാനങ്ങൾ മുന്നോട്ട് കയറി 11ാം റാങ്കിലെത്തിയിട്ടുണ്ട്.
advertisement
ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ ഗംഭീര മുന്നേറ്റം നടത്തി 44 സ്ഥാനങ്ങൾ മുന്നോട്ട് കയറി ബോളർമാരുടെ പട്ടികയിൽ 24ാം റാങ്കിലെത്തി. ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവ് 20 സ്ഥാനങ്ങൾ മുന്നോട്ട് കയറി 11ാം റാങ്കിലുമെത്തിയിട്ടുണ്ട്. എട്ടാം സ്ഥാനത്തെത്തിയിട്ടുള്ള അക്സർ പട്ടേലാണ് ബോളർമാരുടെ റാങ്കിങ്ങിൽ ഏറ്റവും മുന്നിലുള്ള ഇന്ത്യൻ താരം.
ഇംഗ്ലണ്ട് സ്പിന്നർ ആദിൽ റാഷിദാണ് ബോളർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. ലോകകപ്പിൽ അഫ്ഗാനിസ്ഥാന് വേണ്ടി മിന്നുന്ന പ്രകടനം നടത്തിയ റാഷിദ് ഖാൻ രണ്ടാം സ്ഥാനത്തുണ്ട്. മൂന്ന് സ്ഥാനങ്ങൾ മുന്നോട്ട് കയറി ഓസീസ് പേസർ ജോഷ് ഹേസൽവുഡ് നാലാമതെത്തി. ശ്രീലങ്കൻ സ്പിന്നർ വനിന്ദു ഹസരങ്കയാണ് മൂന്നാമത്.
advertisement
ഓൾറൌണ്ടർമാരുടെ പട്ടികയിൽ ഓസ്ട്രേലിയയുടെ മാർകസ് സ്റ്റോയ്നിസിന് ഒന്നാം സ്ഥാനം നഷ്ടമായി. വനിന്ദു ഹസരങ്ക സ്ഥാനം തിരിച്ച് പിടിക്കുകയായിരുന്നു. ചെറിയ കാലം മാത്രം ഒന്നാം സ്ഥാനത്ത് തുടർന്ന സ്റ്റോയ്നിസ് നാലാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. അഫ്ഗാനിസ്ഥാൻെറ മുഹമ്മദ് നബി പട്ടികയിൽ രണ്ടാം റാങ്കിലെത്തിയപ്പോൾ ഇന്ത്യയുടെ ടി20 ഉപനായകൻ ഹാർദിക് പാണ്ഡ്യയാണ് മൂന്നാം സ്ഥാനത്തുള്ളത്. വെസ്റ്റ് ഇൻഡീസിൻെറ റോസ്റ്റൺ ചെയ്സാണ് ഓൾറൌണ്ടർമാരുടെ പട്ടികയിൽ ഏറ്റവും മികച്ച മുന്നേറ്റം നടത്തിയത്. 17 സ്ഥാനങ്ങൾ മുന്നോട്ട് കയറിയ അദ്ദേഹം 12ാം സ്ഥാനത്താണ് എത്തിയിരിക്കുന്നത്.
advertisement
ടി20 ടീം റാങ്കിൽ ഇന്ത്യയാണ് ഒന്നാം സ്ഥാനത്തുള്ളത്. ഏകദിന ലോക ചാമ്പ്യൻമാരായ ഓസ്ട്രേലിയയാണ് രണ്ടാമത്. ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തുണ്ട്. വെസ്റ്റ് ഇൻഡീസും ദക്ഷിണാഫ്രിക്കയും നാല്, അഞ്ച് സ്ഥാനങ്ങളിലുമുണ്ട്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
June 27, 2024 10:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഐസിസി ടി20 റാങ്കിങ്: ട്രാവിസ് ഹെഡ് സൂര്യകുമാർ യാദവിനെ മറികടന്ന് ഒന്നാം നമ്പർ ബാറ്ററായി