• HOME
  • »
  • NEWS
  • »
  • sports
  • »
  • 'മുജീബിന് വൈദ്യസഹായം നൽകാൻ ഇന്ത്യക്ക് കഴിഞ്ഞിരുന്നെങ്കിൽ'; അഫ്ഗാനിസ്ഥാന്റെ ജയം ആഗ്രഹിക്കുന്ന മറുപടിയുമായി അശ്വിൻ

'മുജീബിന് വൈദ്യസഹായം നൽകാൻ ഇന്ത്യക്ക് കഴിഞ്ഞിരുന്നെങ്കിൽ'; അഫ്ഗാനിസ്ഥാന്റെ ജയം ആഗ്രഹിക്കുന്ന മറുപടിയുമായി അശ്വിൻ

ഇന്ത്യയുടെ സെമി സാധ്യത നിശ്ചയിക്കുന്നതിൽ നിർണായകമായ അഫ്ഗാനിസ്ഥാൻ - ന്യൂസിലൻഡ് മത്സരത്തെ കുറിച്ച് പത്രസമ്മേളനത്തിൽ ഉയർന്ന ചോദ്യത്തിൽ പ്രതികരിക്കുകയായിരുന്നു അശ്വിൻ.

  • Share this:
    ടി20 ലോകകപ്പിൽ (ICC T20 World Cup) ഇന്ത്യയുടെ (Team India) സെമി സാധ്യതകൾ സ്വന്തം മത്സരങ്ങളിലെ ജയങ്ങൾക്ക് പുറമെ ഗ്രൂപ്പിലെ മറ്റ് ടീമുകളുടെ മത്സരഫലത്തെ കൂടി ആശ്രയിച്ചാണ് ഇരിക്കുന്നത്. ഇതിൽ ഇന്ത്യൻ ആരാധകർ ഏറെ കാത്തിരിക്കുന്നത് ന്യൂസിലൻഡിന്റെ (New Zealand) മത്സരഫലങ്ങളെയാണ്. നമീബിയയ്ക്കും അഫ്ഗാനിസ്ഥാനുമെതിരെയാണ് (Afghanistan) ന്യൂസിലൻഡിന് ഇനി മത്സരങ്ങൾ ബാക്കിയുള്ളത്. ഇതിൽ ഏതെങ്കിലും ഒരെണ്ണത്തിൽ കിവീസ് ടീം തോറ്റാൽ മാത്രമേ സെമിയിലേക്കുള്ള ഇന്ത്യയുടെ സാധ്യതകൾക്ക് കൂടുതൽ ജീവൻ വെക്കൂ.

    ആറ് ടീമുകൾ അടങ്ങിയ ഗ്രൂപ്പിൽ നിന്ന് രണ്ട് ടീമുകൾ മാത്രമാണ് അടുത്ത ഘട്ടത്തിലേക്ക് മുന്നേറുക. ഇതിൽ കളിച്ച നാല് മത്സരങ്ങളും ജയിച്ച് പാകിസ്ഥാൻ (Pakistan) സെമിയിലേക്ക് മുന്നേറിക്കഴിഞ്ഞു. ബാക്കിയുള്ള ഏക സ്ഥാനത്തിന് വേണ്ടിയാണ് ഇന്ത്യയും ന്യൂസിലൻഡും അഫ്ഗാനിസ്ഥാനും പോരാടുന്നത്. ഇതിൽ ഇന്ത്യയുടെ സാധ്യതകൾ ബാക്കി രണ്ട് ടീമുകളെ വെച്ച് നോക്കുമ്പോൾ പുറകിലാണ്. ആദ്യത്തെ രണ്ട് കളികൾ തോറ്റതാണ് ഇന്ത്യയെ പുറകോട്ടടിച്ചത്. ഇതോടെയാണ് ഇന്ത്യക്ക് ഇരു ടീമുകളുടെയും മത്സരഫലങ്ങളെ പ്രത്യേകിച്ച് ന്യൂസിലൻഡിന്റെ മത്സരഫലത്തെ ആശ്രയിക്കേണ്ടി വന്നത്.

    ഈ പശ്ചാത്തലത്തിൽ രസകരമായ മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യൻ സ്പിന്നറായ രവിചന്ദ്രൻ അശ്വിൻ (Ravichandran Ashwin). ഇന്ത്യയുടെ സെമി സാധ്യത നിശ്ചയിക്കുന്നതിൽ നിർണായകമായ അഫ്ഗാനിസ്ഥാൻ - ന്യൂസിലൻഡ് (Afghanistan vs New Zealand) മത്സരത്തെ കുറിച്ച് പത്രസമ്മേളനത്തിൽ ഉയർന്ന ചോദ്യത്തിൽ പ്രതികരിക്കുകയായിരുന്നു അശ്വിൻ.

    പരിക്കിന്റെ പിടിയിലുള്ള അഫ്ഗാനിസ്ഥാന്റെ സ്പിന്നറായ മുജീബുർ റഹ്‍മാന് വൈദ്യസഹായം നൽകാൻ ഇന്ത്യക്ക് കഴിഞ്ഞിരുന്നെങ്കിൽ മുജീബിനെ മത്സരത്തിനായി തയാറാക്കാൻ സാധിക്കുമായിരുന്നു എന്നായിരുന്നു അശ്വിന്റെ മറുപടി. 'ടൂർണമെന്റിൽ അഫ്ഗാനിസ്ഥാൻ മികച്ച രീതിയിലാണ് ഇതുവരെ കളിച്ചത്, വരുന്ന മത്സരങ്ങളിലും അവർ മികച്ച പ്രകടനം തുടരുമെന്ന് ആശിക്കുന്നു. ഞാൻ ആഗ്രഹിക്കുന്നത് എന്താണെന്നാൽ മുജീബിന്റെ പരിക്ക് ഭേദമാകാൻ തക്കവണ്ണമുള്ള വൈദ്യസഹായം ഇന്ത്യക്ക് നൽകാൻ കഴിരുന്നെങ്കിൽ എന്നാണ്. മികച്ച ബൗളറായ മുജീബ് സുഖം പ്രാപിച്ചാൽ അഫ്ഗാൻ ബൗളിംഗ് നിരയുടെ കരുത്ത് കൂടും. ഇതാണ് ഞങ്ങൾക്ക് ഇപ്പോൾ ആശിക്കാൻ കഴിയുക.' അശ്വിൻ പറഞ്ഞു.


    പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മുജീബ് ടീമിന് പുറത്തായിരുന്നു. നവംബർ ഏഴിനാണ് ഗ്രൂപ്പിലെ രണ്ടാം സെമി ഫൈനലിസ്റ്റ് ആരെന്ന് തീരുമാനിക്കപ്പെട്ടേക്കാവുന്ന നിർണായക പോരാട്ടത്തിൽ അഫ്ഗാനിസ്ഥാനും ന്യൂസിലൻഡും ഏറ്റുമുട്ടുന്നത്. അഫ്ഗാനിസ്ഥാൻ ജയിക്കുകയാണെങ്കിൽ ഇന്ത്യക്ക് പ്രതീക്ഷയ്ക്ക് വകയുണ്ടാകും. ഇന്ന് സ്കോട്‍ലൻഡിനെതിരെയും എട്ടിന് നമീബിയയ്ക്കെതിരെയും വമ്പൻ ജയങ്ങൾ സ്വന്തമാക്കുക കൂടി ചെയ്താൽ ഇന്ത്യക്ക് സെമിയിൽ കയറാം. മറിച്ചാണ് ഫലമെങ്കിൽ ന്യൂസിലൻഡ് സെമിയിലേക്ക് മുന്നേറും.
    Published by:Naveen
    First published: