T20 World Cup Dhawan | ലോകകപ്പ് ടീമിൽ നിന്നും ധവാന്റെ പുറത്താകൽ; പ്രതികരണവുമായി ചീഫ് സെലക്ടർ
- Published by:Naveen
- news18-malayalam
Last Updated:
രോഹിത് ശര്‍മ്മയ്‌ക്കൊപ്പം കഴിഞ്ഞ കുറെ പരമ്പരകളിൽ ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്ത കെ എൽ രാഹുൽ ആ സ്ഥാനം ഉറപ്പിച്ചിരുന്നെങ്കിലുംമൂന്നാം ഓപ്പണറായി 15 അംഗ സ്‌ക്വാഡില്‍ ധവാനുണ്ടാകും എന്നാണ് ഏവരും കരുതിയിരുന്നത്.
ആരാധകർക്ക് ഒരുപിടി സർപ്രൈസുകൾ സമ്മാനിച്ചാണ് ബിസിസിഐ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചത്. ചില സർപ്രൈസുകൾ ആരാധകരുടെ കയ്യടി വാങ്ങിയെങ്കിൽ മറ്റു ചിലത് അവരുടെ നെറ്റി ചുളിക്കാൻ ഇടയായിരുന്നു. ഇതിൽ ഇന്ത്യയുടെ ഇടം കയ്യൻ ഓപ്പണറായ ശിഖർ ധവാന് ടീമിലിടം ലഭിച്ചില്ല എന്നത് ആരാധകരിൽ അമ്പരപ്പ് ഉണ്ടാക്കിയിരുന്നു. രോഹിത് ശര്‍മ്മയ്‌ക്കൊപ്പം കഴിഞ്ഞ കുറെ പരമ്പരകളിൽ ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്ത കെ എൽ രാഹുൽ ആ സ്ഥാനം ഉറപ്പിച്ചിരുന്നെങ്കിലുംമൂന്നാം ഓപ്പണറായി 15 അംഗ സ്‌ക്വാഡില്‍ ധവാനുണ്ടാകും എന്നാണ് ഏവരും കരുതിയിരുന്നത്. പക്ഷെ ധവാനെ സെലക്ടർമാർ തഴയുകയായിരുന്നു.
ടീമിൽ മൂന്നാമതൊരു ഓപ്പണറുടെ അഭാവമുണ്ടെന്ന അഭിപ്രായം ആരാധകർക്കിടയിൽ ഉയരുന്നതിനിടെ ടീമിൽ മൂന്ന് ഓപ്പണർമാർ ഉൾപ്പെട്ടിട്ടുണ്ട് എന്ന് പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യയുടെ ചീഫ് സെലക്ടറായ ചേതൻ ശർമ.
'ശിഖര്‍ ധവാന്‍ ഇന്ത്യയുടെ പ്രധാന താരമാണ്. ശ്രീലങ്കയില്‍ ടീമിനെ നയിച്ചത് ധവാനാണ്. ധവാനെ പുറത്തിരുത്താൻ തീരുമാനിച്ചത് എന്തിനെന്ന് ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ല. ധവാന് വിശ്രമം നല്‍കുവാൻ തീരുമാനിക്കുകയായിരുന്നു. അദേഹം വേഗം തിരിച്ചുവരും. നിലവിൽ രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍ എന്നിവര്‍ക്കൊപ്പം മൂന്നാം ഓപ്പണറായും മധ്യനിരയിലും ഉപയോഗിക്കാൻ കഴിയുന്ന ഇഷാന്‍ കിഷനും ടീമിലുണ്ട്. കിഷനെ ടീമിൽ ഉൾപ്പെടുത്തിയത് ഒരുപാട് സാധ്യതകളാണ് ടീമിന് നൽകുന്നത്. ആവശ്യമെങ്കിൽ ലങ്കയിൽ ഏകദിനത്തിൽ കളിപ്പിച്ചത് പോലെ താരത്തെ ഓപ്പണറാക്കാം. ഓപ്പണറായി ഇറങ്ങിയ തരാം അവിടെ സെഞ്ചുറി നേടിയിരുന്നു. ഇതിനുപുറമെ സ്പിന്നിനെ നേരിടാൻ പ്രത്യേക മികവുള്ളതിനാൽ മധ്യനിരയിലും താരത്തെ ഉപയോഗിക്കാൻ കഴിയും. - ചേതൻ ശർമ വ്യക്തമാക്കി.
advertisement
'വിരാട് കോഹ്ലി മൂന്നാമനായി ഇറങ്ങുകയാണെങ്കിൽ ഇന്ത്യയുടെ ബാറ്റിംഗ് അദ്ദേഹത്തെ കേന്ദ്രീകരിച്ചായിരിക്കും. ഇനി അദ്ദേഹത്തെ ഓപ്പണർ ആക്കണോ എന്നുള്ള തീരുമാനം ടീം മാനേജ്‌മെന്റ് ആയിരിക്കും കൈക്കൊള്ളുക. ഇപ്പോൾ രോഹിത്, രാഹുൽ, എന്നിങ്ങനെ മൂന്ന് ഓപ്പണർമാരെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.' ചേതൻ ശർമ പറഞ്ഞു.
അതേസമയം, ഐസിസി ടൂർണമെന്റുകളിൽ മികച്ച റെക്കോർഡുള്ള ധവാനെ തഴഞ്ഞത് ഇന്ത്യൻ ടീമിനെ എങ്ങനെ ബാധിക്കും എന്നത് കണ്ടറിയണം. 2013 ചാമ്പ്യന്‍സ് ട്രോഫി, 2015 ഏകദിന ലോകകപ്പ്, 2017 ചാമ്പ്യന്‍സ് ട്രോഫി, 2014, 2016 ടി20 ലോകകപ്പ് ടീമുകളില്‍ അംഗമായിരുന്ന ധവാന്റെ അനുഭവസമ്പത്തിനെ വകവെക്കാതെയാണ് അടുത്തകാലത്തെ പ്രകടനത്തിന്റെ ബലത്തിൽ യുവതാരമായ ഇഷാൻ കിഷനെ ടീമിൽ എടുത്തിരിക്കുന്നത്.
advertisement
2021 ഐസിസി ടി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം: വിരാട് കോഹ്ലി (ക്യാപ്റ്റൻ), രോഹിത് ശർമ (വൈസ് ക്യാപ്റ്റൻ), കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുൽ ചഹാർ, രവിചന്ദ്രൻ അശ്വിൻ , അക്സർ പട്ടേൽ, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി
ഒക്ടോബർ 24ന് പാകിസ്താനുമായാണ് ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 09, 2021 9:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
T20 World Cup Dhawan | ലോകകപ്പ് ടീമിൽ നിന്നും ധവാന്റെ പുറത്താകൽ; പ്രതികരണവുമായി ചീഫ് സെലക്ടർ