IND vs AUS Final ICC World Cup 2023: ഇന്ത്യയെ കണ്ണീരിലാഴ്ത്തി ഓസ്ട്രേലിയക്ക് ആറാം ലോകകപ്പ് കിരീടം; 6 വിക്കറ്റ് വിജയം 42 പന്ത് ബാക്കി നിൽക്കേ
- Published by:Rajesh V
- news18-malayalam
Last Updated:
India vs Australia(IND Vs AUS) Final ICC ODI Cricket World Cup 2023 : തുടക്കത്തിൽ മൂന്ന് വിക്കറ്റ് വീഴ്ത്തി പ്രതീക്ഷ നൽകിയെങ്കിലും സെഞ്ചുറി നേടിയ ട്രാവിസ് ഹെഡ്ഡ് ഇന്ത്യയിൽ നിന്ന് വിജയം തട്ടിയെടുത്തു
അഹമ്മദാബാദ്: ഇന്ത്യയെ 6 വിക്കറ്റിന് തോൽപിച്ച് ഓസ്ട്രേലിയ ആറാം ലോകകപ്പ് കിരീടം സ്വന്തമാക്കി. അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ തിങ്ങനിറഞ്ഞ ഇന്ത്യൻ ആരാധകരെ നിശബ്ദരാക്കിയാണ് 241 വിജയലക്ഷ്യം ഓസ്ട്രേലിയ മറികടന്നത്. തുടക്കത്തിൽ മൂന്ന് വിക്കറ്റ് വീഴ്ത്തി പ്രതീക്ഷ നൽകിയെങ്കിലും സെഞ്ചുറി നേടിയ ട്രാവിസ് ഹെഡ്ഡ് (137 റണ്‍സ്) ഇന്ത്യയിൽ നിന്ന് വിജയം തട്ടിയെടുത്തു. മറുവശത്ത് ലബുഷെയ്ൻ ഹെഡ്ഡിന് ശക്തമായ പിന്തുണ നൽകി നിലയുറപ്പിച്ചതും ഇന്ത്യൻ പ്രതീക്ഷകളെ തല്ലിക്കെടുത്തി.
ട്രാവിസ് ഹെഡ് 4സിക്സറുകളും 15 ഫോറുകളും സഹിതം 120 പന്തുകളിൽ നിന്ന് 137 റൺസ് നേടി. മാർനസ് ലബുഷെയ്ൻ 110 പന്തുകളിൽ 58 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഇന്ത്യക്കായി ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റും മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. വിജയം ഉറപ്പിച്ചശേഷം 43ാം ഓവറിലാണ് ട്രാവിസ് ഹെഡ് പുറത്തായത്. സിറാജിനെ സിക്സടിക്കാനുള്ള ശ്രമം ഗില്ലിന്റെ കൈകളിൽ അവസാനിച്ചു.
241 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസീസിന്റെ തുടക്കവും തകർച്ചയോടെയായിരുന്നു. രണ്ടാം ഓവറില്‍ 7 റൺസെടുത്ത ഓപ്പണർ ഡേവിഡ് വാർണറാണ് ആദ്യം പുറത്തായത്. മുഹമ്മദ് ഷമി എറിഞ്ഞ രണ്ടാം ഓവറിൽ സ്ലിപ്പിൽ വിരാട് കോഹ്ലിക്ക് ക്യാച്ച് നൽകിയാണ് വാർണർ പുറത്തായത്. പിന്നാലെ എത്തിയ മിച്ചൽ മാർഷിനെ അഞ്ചാം ഓവറിൽ ബുംറ പുറത്താക്കി. 15 റൺസ് നേടിയ മാർഷിനെ ബുമ്ര വിക്കറ്റ് കീപ്പർ കെ എൽ രാഹുലിന്റെ കൈകളിലെത്തിക്കുകയായിരുന്നു. 4 റൺസെടുത്ത് സ്റ്റീവ് സ്മിത്തിനെ ഏഴാം ഓവറിൽ ബുംറ പുറത്താക്കിയതോടെ ഗ്യാലറി ഇളകി മറിഞ്ഞു.
advertisement
എന്നാൽ നാലാം വിക്കറ്റിൽ ഹെഡ്ഡും ലബുഷെയ്നും ചേർന്ന് ഇന്ത്യൻ പ്രതീക്ഷകളെ തല്ലിക്കൊഴിച്ചു. സെഞ്ചുറി കൂട്ടുകെട്ട് ഉയർത്തിയതിന് പിന്നാലെ ഇരുവരും ചേർന്ന് 28ാം ഓവറിൽ ടീം സ്കോർ 150 കടത്തി. 95 പന്തിൽ ഹെഡ്ഡ് സെഞ്ചുറി പൂര്‍ത്തിയാക്കുകയും ചെയ്തു.
നേരത്തെ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 50 ഓവറില്‍ 240 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. അര്‍ധസെഞ്ചുറി നേടിയ കെ എല്‍ രാഹുലും വിരാട് കോഹ്ലിയും 47 റണ്‍സെടുത്ത രോഹിത് ശര്‍മയുമാണ് ഇന്ത്യയ്ക്ക് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. ഓസീസ് ബൗളര്‍മാര്‍ കണിശതയോടെ പന്തെറിയുകയും ഫീൽഡർമാർ മികച്ച പ്രകടനം പുറത്തെടുക്കയും ചെയ്തതോടെ റണ്‍സ് കണ്ടത്താന്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ വിഷമിച്ചു. ഈ ലോകകപ്പില്‍ ആദ്യമായാണ് ഇന്ത്യ ഓള്‍ ഔട്ടാകുന്നത്. 13 ഫോറും 3 സിക്‌സും മാത്രമാണ് ഇന്ത്യയുടെ ഇന്നിങ്‌സിലുള്ളത്. ഫസ്റ്റ് ബാറ്റിങ്ങിൽ ഈ ലോകകപ്പിലെ ഇന്ത്യയുടെ ഏറ്റവും ചെറിയ രണ്ടാമത്തെ ടോട്ടൽ കൂടിയാണിത്.
advertisement
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി രോഹിത് കഴിഞ്ഞ മത്സരങ്ങളിലെന്നപോലെ ആക്രമിച്ചുതന്നെയാണ് ബാറ്റുവീശിയത്. മറുവശത്ത് ഗില്‍ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടി. ആദ്യ നാലോവറില്‍ ഇരുവരും ചേര്‍ന്ന് 30 റണ്‍സ് അടിച്ചെടുത്തു. എന്നാല്‍ അഞ്ചാം ഓവറിലെ രണ്ടാം പന്തില്‍ ഗില്ലിനെ മിച്ചല്‍ സ്റ്റാര്‍ക്ക് പുറത്താക്കി. 7 പന്തില്‍ 4 റണ്‍സ് മാത്രമെടുത്ത താരത്തെ സ്റ്റാര്‍ക്ക് ആദം സാംപയുടെ കൈകളിലെത്തിച്ചു.
ഏഴാം ഓവറില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ തുടര്‍ച്ചയായി മൂന്ന് തവണ ബൗണ്ടറി കടത്തി വിരാട് കോഹ്ലി വരവറിയിച്ചു. പിന്നാലെ ടീം സ്‌കോര്‍ 50 കടക്കുകയും ചെയ്തു. രോഹിത്തും കോഹ്ലിയും ചേര്‍ന്ന് മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. എന്നാല്‍ അര്‍ധസെഞ്ചുറിയ്ക്കരികില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും രോഹിത് വീണു. ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ തുടര്‍ച്ചയായി സിക്‌സും ഫോറുമടിച്ച രോഹിത് തൊട്ടടുത്ത പന്തില്‍ അനാവശ്യ ഷോട്ട് കളിച്ച് പുറത്തായി. 31 പന്തില്‍ 4 ഫോറിന്റെയും 3സിക്‌സിന്റെയും സഹായത്തോടെ 47 റണ്‍സെടുത്ത രോഹിത്തിനെ ട്രാവിസ് ഹെഡ് തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്താക്കി. രോഹിത് പുറത്താകുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 76ല്‍ എത്തിയിരുന്നു. പിന്നാലെ വന്ന ശ്രേയസ്സിനും പിടിച്ചുനിൽക്കാനായില്ല. 4 റൺസെടുത്ത താരത്തെ പാറ്റ് കമ്മിൻസ് പുറത്താക്കി. ഇതോടെ ഇന്ത്യ ഒരു വിക്കറ്റിന് 76 എന്ന നിലയില്‍ നിന്ന് 81 ന് മൂന്ന് വിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു.
advertisement
പിന്നാലെ വന്ന രാഹുലിനെ കൂട്ടുപിടിച്ച് കോഹ്ലി അതീവശ്രദ്ധയോടെ ബാറ്റുവീശി. റണ്‍റേറ്റ് കുറഞ്ഞെങ്കിലും വിക്കറ്റ് വീഴാതെ മുന്നോട്ടുപോകാനാണ് കോഹ്ലിയും രാഹുലും ശ്രദ്ധിച്ചത്. ഇരുവരും 15.4 ഓവറില്‍ ടീം സ്‌കോര്‍ 100 കടത്തി. പത്തോവറിലധികം ബൗണ്ടറി പോലും നേടാനാവാതെ ഇന്ത്യ പതറി. സിംഗിളുകള്‍ മാത്രം നേടിയാണ് കോഹ്ലിയും രാഹുലും ടീമിനെ നയിച്ചത്. ആദ്യ 20 ഓവറില്‍ 115 റണ്‍സാണ് ഇന്ത്യയ്ക്ക് നേടാനായത്. ആദ്യ പത്തോവറില്‍ ഇന്ത്യ 80 റണ്‍സെടുത്തപ്പോള്‍ അടുത്ത പത്തോവറില്‍ വെറും 35 റണ്‍സ് മാത്രമാണ് നേടാനായത്. റണ്‍റേറ്റ് എട്ടില്‍ നിന്ന് അഞ്ചിലേക്ക് താഴ്ന്നു. മത്സരം പാതിവഴി പിന്നിട്ടപ്പോള്‍ 25 ഓവറില്‍ 131 റണ്‍സാണ് ഇന്ത്യ നേടിയത്. പിന്നാലെ വിരാട് കോഹ്ലി അര്‍ധസെഞ്ചുറിനേടി. താരത്തിന്റെ ഈ ലോകകപ്പിലെ ആറാം അര്‍ധസെഞ്ചുറിയാണിത്.
advertisement
27ാം ഓവറിലെ രണ്ടാം പന്തില്‍ ഫോറടിച്ചുകൊണ്ട് രാഹുല്‍ ബൗണ്ടറി വരള്‍ച്ചയ്ക്ക് വിരാമമിട്ടു. 96 പന്തുകള്‍ക്ക് ശേഷമാണ് ഇന്ത്യ ബൗണ്ടറി നേടിയത്. എന്നാല്‍ ഒരിടവേളയ്ക്ക് ശേഷം പന്തെറിയാനെത്തിയ ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി നല്‍കി. അര്‍ധസെഞ്ചുറി നേടിയ വിരാട് കോഹ്ലിയെ പുറത്താക്കി കമ്മിന്‍സ് ആരാധകരെ നിശബ്ദരാക്കി. 63 പന്തില്‍ നാല് ബൗണ്ടറിയുടെ സഹായത്തോടെ 54 റണ്‍സെടുത്ത കോഹ്ലി കമ്മിന്‍സിന്റെ ബൗണ്‍സര്‍ പ്രതിരോധിക്കുന്നതിനിടെ താരത്തിന്റെ ബാറ്റില്‍ തട്ടിയ പന്ത് വിക്കറ്റില്‍ വീണു. ഇതോടെ ഇന്ത്യ 148 ന് 4 വിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു. ആറാമനായി സൂര്യകുമാര്‍ യാദവിന് പകരം രവീന്ദ്ര ജഡേജയാണ് എത്തിയത്. ജഡേജയെ സാക്ഷിയാക്കി രാഹുല്‍ അര്‍ധസെഞ്ചുറി നേടി. 86 പന്തുകളില്‍ നിന്നാണ് താരം അര്‍ധശതകം പൂര്‍ത്തിയാക്കിയത്. ഈ ലോകകപ്പിലെ താരത്തിന്റെ രണ്ടാം അര്‍ധസെഞ്ചുറി കൂടിയാണിത്. എന്നാല്‍ മറുവശത്ത് ജഡേജ നിരാശപ്പെടുത്തി. 22 പന്തില്‍ ഒന്‍പത് റണ്‍സ് മാത്രമെടുത്ത ജഡേജയെ ഹെയ്‌സല്‍വുഡ് വിക്കറ്റ് കീപ്പര്‍ ജോഷ് ഇംഗ്ലിസിന്റെ കൈയിലെത്തിച്ചു. ഇതോടെ ഇന്ത്യ 178 ന് 5 വിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു.
advertisement
40.5 ഓവറില്‍ ടീം സ്‌കോര്‍ 200ല്‍ എത്തി. എന്നാല്‍ ഇന്ത്യയെ ഞെട്ടിച്ചുകൊണ്ട് സ്റ്റാര്‍ക്ക് രാഹുലിനെ പുറത്താക്കി. 107 പന്തുകളില്‍ നിന്ന് ഒരു ഫോറിന്റെ അകമ്പടിയോടെ 66 റണ്‍സെടുത്ത രാഹുലിനെ സ്റ്റാര്‍ക്ക് വിക്കറ്റ് കീപ്പര്‍ ഇംഗ്ലിസിന്റെ കൈയ്യിലെത്തിച്ചു. ഇതോടെ ഇന്ത്യ 203 ന് 6 വിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു. രാഹുലിന് പകരം മുഹമ്മദ് ഷമിയാണ് ക്രീസിലെത്തിയത്. എന്നാല്‍ വെറും 6 റണ്‍സെടുത്ത ഷമിയെ സ്റ്റാര്‍ക്ക് പുറത്താക്കി. ഷമിയ്ക്ക് പകരം വന്ന ബുംറയ്ക്കും പിടിച്ചുനില്‍ക്കാനായില്ല. ഒരു റണ്‍ മാത്രമെടുത്ത താരത്തെ ആദം സാംപ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. 48ാം ഓവറില്‍ ഇന്ത്യയുടെ അവസാന പ്രതീക്ഷയായിരുന്ന സൂര്യകുമാര്‍ യാദവും പുറത്തായി. ഹെയ്‌സല്‍വുഡിന്റെ ബൗണ്‍സറില്‍ താരം ഇംഗ്ലിസിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി. 28 പന്തില്‍ 18 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.അവസാന വിക്കറ്റില്‍ കുല്‍ദീപും സിറാജും ചേര്‍ന്നാണ് ടീം സ്‌കോര്‍ 240-ല്‍ എത്തിച്ചത്. ഇന്നിങ്‌സിലെ അവസാന പന്തില്‍ കുല്‍ദീപ് റണ്‍ ഔട്ടായി. 10 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. സിറാജ് 9 റണ്‍സ് നേടി പുറത്താവാതെ നിന്നു.
advertisement
ഓസ്‌ട്രേലിയയ്ക്ക് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക് 3 വിക്കറ്റെടുത്തപ്പോള്‍ ജോഷ് ഹെയ്‌സല്‍വുഡ്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. ഗ്ലെന്‍ മാക്‌സ്‌വെല്‍, ആദം സാംപ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Gujarat
First Published :
November 19, 2023 9:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
IND vs AUS Final ICC World Cup 2023: ഇന്ത്യയെ കണ്ണീരിലാഴ്ത്തി ഓസ്ട്രേലിയക്ക് ആറാം ലോകകപ്പ് കിരീടം; 6 വിക്കറ്റ് വിജയം 42 പന്ത് ബാക്കി നിൽക്കേ