• HOME
  • »
  • NEWS
  • »
  • sports
  • »
  • Team India Covid | രവി ശാസ്ത്രിക്ക് പിന്നാലെ രണ്ട് പരിശീലകർക്ക് കൂടി കോവിഡ്; ഇന്ത്യൻ ക്യാമ്പിൽ ആശങ്ക

Team India Covid | രവി ശാസ്ത്രിക്ക് പിന്നാലെ രണ്ട് പരിശീലകർക്ക് കൂടി കോവിഡ്; ഇന്ത്യൻ ക്യാമ്പിൽ ആശങ്ക

ബൗളിംഗ് പരിശീലകന്‍ ഭരത് അരുണ്‍, ഫീല്‍ഡിംഗ് പരിശീലകന്‍ ആര്‍ ശ്രീധര്‍ എന്നിവര്‍ക്കാണ് ഇന്നലെ നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചത്.

Bharat Arun (L), R Sridhar (R)

Bharat Arun (L), R Sridhar (R)

  • Share this:
    ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ വിട്ടൊഴിയാതെ കോവിഡ് ഭീതി. ഇന്ത്യയുടെ മുഖ്യ പരിശീലകനായ രവി ശാസ്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഇന്ത്യയുടെ പരിശീലക സംഘത്തിലെ മറ്റ് രണ്ട് പരിശീലകർക്കും കോവിഡ് സ്ഥിരീകരിച്ചു. ബൗളിംഗ് പരിശീലകന്‍ ഭരത് അരുണ്‍, ഫീല്‍ഡിംഗ് പരിശീലകന്‍ ആര്‍ ശ്രീധര്‍ എന്നിവര്‍ക്കാണ് ഇന്നലെ നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചത്.

    ഞായറാഴ്ചത്തെ പതിവ് ആന്‍റിജൻ പരിശോധനയിൽ പോസിറ്റീവായതോടെ ശാസ്ത്രിയേയും ഒപ്പം ശാസ്ത്രിയുമായി അടുത്ത സമ്പർക്കം പുലർത്തിയിരുന്നവരേയും ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നലത്തെ പരിശോധനയിൽ ശാസ്ത്രിയോടൊപ്പം ഇവരും പോസിറ്റീവ് ആയതോടെ പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ഇന്ത്യൻ ടീമിനൊപ്പം ഇരുവർക്കും ചേരാൻ കഴിയില്ല. ഇവർ ഓവലിൽ ക്വാറന്റീനിൽ കഴിയും. മാഞ്ചസ്റ്ററിലെ അഞ്ചാം ടെസ്റ്റ് ശാസ്ത്രിക്ക് നഷ്ടമാകും എന്നത് നേരത്തെ ഉറപ്പായിരുന്നു.

    സെപ്റ്റംബർ പത്തിനാണ് ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അവസാനത്തെയും അഞ്ചാമത്തെയും ടെസ്റ്റ് മാഞ്ചസ്റ്ററിൽ അരംഭിക്കുക. കോവിഡ് പോസിറ്റീവ് ആയ ഇന്ത്യൻ പരിശീലകർ 10 ദിവസം ക്വാറന്‍റീനിൽ കഴിയണം. ഇവര്‍ക്ക് പുറമെ ടീം ഫിസിയോ തെറാപിസ്റ്റ് നിതിൻ പട്ടേലിനെയും ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ട്. ശാസ്ത്രിയുടേയും മറ്റ് രണ്ട് പരിശീലകരുടെയും അസാന്നിധ്യത്തിൽ ഇന്ത്യയുടെ ബാറ്റിംഗ് പരിശീലകനായ വിക്രം റാത്തോഡിന് ആയിരിക്കും ടീമിന്റെ ചുമതല.

    ഓവല്‍ ടെസ്റ്റിന്‍റെ നാലാം ദിനത്തെ മത്സരം പുരോഗമിക്കുന്നതിനിടെയാണ് രവി ശാസ്‌ത്രിക്ക് പ്രാഥമിക പരിശോധനയില്‍ കോവിഡ് സ്ഥിതീകരിച്ചതായി ബിസിസിഐ അറിയിച്ചത്. രവി ശാസ്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇന്ത്യന്‍ ടീം അംഗങ്ങളെ ഇന്നലെ വൈകിട്ടും ഇന്ന് രാവിലെയുമായി കോവിഡ് പരിശോധനകൾക്ക് വിധേയരാക്കിയിരുന്നെങ്കിലും എല്ലാവരുടെയും ഫലം നെഗറ്റീവാണ്.

    കഴിഞ്ഞ ദിവസം ടീം ഹോട്ടലിൽ രവി ശാസ്ത്രിയുടെ പുസ്തകപ്രകാശന ചടങ്ങ് നടന്നിരുന്നു. ഈ ചടങ്ങിൽ പുറമെ നിന്നുള്ളവരും ഉണ്ടായിരുന്നതിനാൽ, ഇവിടെ വെച്ചാവും ശാസ്ത്രിക്ക് കോവിഡ് ബാധ ഏറ്റതെന്നാണ് കരുതുന്നത്. കോവിഡ് ബാധിച്ചതിനാല്‍ ഈ മൂന്ന് പരിശീലകരുടെയും നാട്ടിലേക്കുള്ള മടക്കവും നീളും. ക്വാറന്റീൻ കാലാവധിയിൽ തുടർച്ചയായ രണ്ട് ടെസ്റ്റുകളിൽ നെഗറ്റീവ് ആയാൽ മാത്രമേ ഇവർക്ക് ഇന്ത്യയിലേക്ക് മടങ്ങാൻ സാധിക്കുകയുള്ളൂ.

    അതേസമയം, ഓവൽ ടെസ്റ്റിൽ തകർപ്പൻ ജയമാണ് വിരാട് കോഹ്‌ലിയും സംഘവും ഇന്നലെ നേടിയത്. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ ഉയർത്തിയ 368 റൺസ് വിജയലക്ഷ്യത്തിലേക്ക് 291 റൺസ് അകലെ 77/0 എന്ന നിലയിൽ അഞ്ചാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിനെ 210 റൺസിന് പുറത്താക്കിയ ഇന്ത്യ 157 റൺസിന്റെ ഗംഭീര വിജയമാണ് സ്വന്തമാക്കിയത്.

    ഓവൽ ടെസ്റ്റ് ജയിച്ചതോടെ ഇന്ത്യ അഞ്ച് മത്സര പരമ്പരയിൽ 2-1 എന്ന നിലയിൽ മുന്നിലെത്തി. മാഞ്ചസ്റ്ററിൽ നടക്കുന്ന അവസാന ടെസ്റ്റിൽ പരമ്പരയിൽ മുൻ‌തൂക്കം നേടിയതിന്റെ ആത്മവിശ്വാസത്തോടെയാകും ഇന്ത്യൻ സംഘം ഇറങ്ങുക. 2007ല്‍ ഇംഗ്ലണ്ടില്‍ രാഹുല്‍ ദ്രാവിഡിന്റെ കീഴില്‍ ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര നേടിയതിന് ശേഷം ഇതുവരെ ഇന്ത്യക്ക് ഇവിടെ പരമ്പര നേടാന്‍ കഴിഞ്ഞിട്ടില്ല. 2018ല്‍ അവസാനമായി പര്യടനം നടത്തിയപ്പോള്‍ 4-1നാണ് ഇന്ത്യ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടത്. ഇത്തവണ ഇവിടെ പരമ്പര നേടാന്‍ ഉറച്ചാണ് കോഹ്ലിക്ക് കീഴില്‍ ഇന്ത്യന്‍ സംഘം എത്തിയിരിക്കുന്നത്. നിലവില്‍ പരമ്പരയിൽ മുന്നിൽ നിൽക്കുന്ന ഇന്ത്യക്ക് മാഞ്ചസ്റ്റർ ടെസ്റ്റ് സമനിലയായാലും പരമ്പര സ്വന്തമാക്കാൻ കഴിയും.
    Published by:Naveen
    First published: