ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ഓവലിൽ നടക്കുന്ന നാലാം ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ അവസാനം വിവരം ലഭിക്കുമ്പോൾ, ഏഴ് വിക്കറ്റ് നഷ്ടത്തിൽ 160 റൺസ് എന്ന നിലയിൽ തകർച്ച നേരിടുകയാണ്. ഷാര്‍ദുല്‍ ഠാക്കൂർ ( 21 പന്തിൽ 31), ഉമേഷ് യാദവ് (15 പന്തിൽ ആറ് ) എന്നിവരാണ് ക്രീസിൽ. ഓപ്പണർമാരായ രോഹിത് ശർമ (11), കെ.എല്‍ രാഹുൽ (17), ചേതേശ്വർ പൂജാര (4), രവീന്ദ്ര ജഡേജ (10), വിരാട് കോഹ്ലി (50), അജിങ്ക്യ രഹാനെ (14), ഋഷഭ് പന്ത് (9) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഇംഗ്ലണ്ടിനായി ക്രിസ് വോക്‌സ് മൂന്നും, ഒലി റോബിൻസൺ രണ്ട് വിക്കറ്റും വീഴ്ത്തി.
നേരത്തെ, ഓപ്പണർമാരായ രാഹുലും രോഹിതും ശ്രദ്ധയോടെയാണ് കളി തുടങ്ങിയത്. ഇംഗ്ലീഷ് ബൗളർമാരെ ശ്രദ്ധയോടെ നേരിട്ട ഇവർ സ്കോർബോർഡിലേക്ക് പതിയെ റൺസ് ചേർത്തു. ആദ്യ എട്ട് ഓവറുകളിൽ ഇംഗ്ലണ്ട് ബൗളർമാർക്ക് അധികം അവസരം നൽകാതെ മുന്നേറിയ ഇന്ത്യൻ സഖ്യത്തെ പൊളിച്ചത് ഒരിടവേളയ്ക്ക് ശേഷം ടീമിലേക്കെത്തിയ ക്രിസ് വോക്‌സ് ആയിരുന്നു. മത്സരത്തിൽ താരം എറിഞ്ഞ ആദ്യ ഓവറിൽ ഇന്ത്യയുടെ രോഹിത് ശർമയെ വിക്കറ്റ് കീപ്പർ ജോണി ബെയർസ്റ്റോയുടെ കൈകളിൽ എത്തിച്ചാണ് വോക്‌സ് കൂട്ടുകെട്ട് പൊളിച്ചത്. 27 പന്തുകളിൽ 11 റൺസ് നേടി രോഹിത് മടങ്ങുമ്പോൾ ഇന്ത്യയുടെ സ്കോർ 28. പിന്നീട് അഞ്ച് ഓവറുകൾക്ക് ശേഷം ഇതേ സ്‌കോറിൽ രാഹുലിനെയും മടക്കി ഒലി റോബിൻസൺ ഇന്ത്യക്ക് വീണ്ടും തിരിച്ചടി നൽകി.
ലീഡ്സ് ടെസ്റ്റില്‍ 91 റണ്‍സടിച്ച് ഫോമിലേക്ക് മടങ്ങിയെത്തിയതിന്‍റെ സൂചന നല്‍കിയ ചേതേശ്വര്‍ പൂജാര വീണ്ടും ബാറ്റിംഗില്‍ നിരാശപ്പെടുത്തി. ഇന്ത്യൻ സ്കോർ 39ൽ നിൽക്കെ ആൻഡേഴ്സന്റെ മനോഹരമായ ഔട്ട് സ്വിങ്ങറിലേക്ക് ബാറ്റ് വെച്ച പൂജാരയുടെ കണക്കുകൂട്ടൽ തെറ്റിച്ച് ബാറ്റിൽ തട്ടിയ പന്ത് വിക്കറ്റ് ബെയർസ്റ്റോയുടെ കൈകളിലേക്കാണ് ചെന്നത്. പിന്നീട് രഹാനെയ്ക്ക് പകരം ബാറ്റിങ്ങിൽ സ്ഥാനക്കയറ്റം നേടി വന്ന ജഡേജ കോഹ്‌ലിക്കൊപ്പം ഇന്ത്യയെ കൂടുതല്‍ നഷ്ടങ്ങളില്ലാതെ ആദ്യ സെഷനില്‍ 50 കടത്തിയെങ്കിലും ലഞ്ചിന് പിന്നാലെ ജഡേജയെവീഴ്ത്തി ക്രിസ് വോക്സ് ഇന്ത്യയെ വീണ്ടും പ്രതിസന്ധിയിലാക്കി.
രാജ്യാന്തര ക്രിക്കറ്റിൽ സെഞ്ചുറിക്കായി കാത്തിരിക്കുന്ന കോഹ്‌ലിയുടെ ഊഴമായിരുന്നു അടുത്തത്. ഇന്ത്യൻ ഇന്നിങ്സിനെ മുന്നോട്ട് നയിച്ച താരത്തിന് തുടക്കത്തിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ നൽകിയ ജീവൻ മുതലെടുക്കാൻ കഴിഞ്ഞില്ല. പരമ്പരയിൽ ഓഫ് സ്റ്റമ്പിന് പുറത്ത് പോവുന്ന പന്തിലേക്ക് ബാറ്റ് വെച്ച താരം ഇംഗ്ലണ്ടിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങുകയായിരുന്നു. ഒലി റോബിൻസണായിരുന്നു വിക്കറ്റ്. അർധസെഞ്ചുറി നേടിയ കോഹ്ലി അഞ്ചാം വിക്കറ്റിൽ രഹാനെയുമൊത്ത് 36 റൺസ് കൂട്ടിച്ചേർത്തതിന് ശേഷമാണ് മടങ്ങിയത്. കോഹ്ലി പുറത്തായ അതേ മാതൃകയിൽ പിന്നാലെ തന്നെ രഹാനെയും പുറത്തായി. ചായക്ക് തൊട്ടു മുമ്പ് ക്രെയ്ഗ് ഓവര്‍ടണിന്‍റെ പന്തില്‍ സ്ലിപ്പില്‍ മോയിന്‍ അലിക്ക് ക്യാച്ച് നൽകി രഹാനെ മടങ്ങുകയായിരുന്നു. ചായക്ക് ശേഷം കളി വീണ്ടും തുടങ്ങിയതിന് പിന്നാലെ ബാറ്റിങ്ങിൽ ഇന്ത്യയുടെ ബാക്കി പ്രതീക്ഷയായിരുന്ന ഋഷഭ് പന്തിനെ മടക്കി വോക്‌സ് ഇന്ത്യയെ ഞെട്ടിക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.