IND vs ENG| ഓവലിൽ ഇന്ത്യക്ക് മോശം തുടക്കം; മൂന്ന് വിക്കറ്റ് നഷ്ടം
- Published by:Naveen
- news18-malayalam
Last Updated:
ഉച്ചഭക്ഷണത്തിനായി കളി നിർത്തുമ്പോൾ, ഇന്ത്യ മൂന്ന് വിക്കറ്റിന് 54 എന്ന നിലയിലാണ്. ക്യാപ്റ്റൻ വിരാട് കോഹ്‌ലി (29 പന്തിൽ 18) രവീന്ദ്ര ജഡേജ (17 പന്തിൽ രണ്ട്) എന്നിവരാണ് ക്രീസിൽ.
ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ഓവലിൽ നടക്കുന്ന നാലാം ടെസ്റ്റിൽ ഇന്ത്യക്ക് മോശം തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായി. ഓപ്പണർമാരായ രോഹിത് ശർമ (11), കെ.എല്‍ രാഹുൽ (17), ചേതേശ്വർ പൂജാര (4) എന്നിവരാണ് പുറത്തായത്. ഉച്ചഭക്ഷണത്തിനായി കളി നിർത്തുമ്പോൾ, ഇന്ത്യ മൂന്ന് വിക്കറ്റിന് 54 എന്ന നിലയിലാണ്. ക്യാപ്റ്റൻ വിരാട് കോഹ്‌ലി (29 പന്തിൽ 18) രവീന്ദ്ര ജഡേജ (17 പന്തിൽ രണ്ട്) എന്നിവരാണ് ക്രീസിൽ.
നേരത്തെ, ഓപ്പണർമാരായ രാഹുലും രോഹിതും ശ്രദ്ധയോടെയാണ് കളി തുടങ്ങിയത്. ഇംഗ്ലീഷ് ബൗളർമാരെ ശ്രദ്ധയോടെ നേരിട്ട ഇവർ സ്കോർബോർഡിലേക്ക് പതിയെ റൺസ് ചേർത്തു. ആദ്യ എട്ട് ഓവറുകളിൽ ഇംഗ്ലണ്ട് ബൗളർമാർക്ക് അധികം അവസരം നൽകാതെ മുന്നേറിയ ഇന്ത്യൻ സഖ്യത്തെ പൊളിച്ചത് ഒരിടവേളയ്ക്ക് ശേഷം ടീമിലേക്കെത്തിയ ക്രിസ് വോക്‌സ് ആയിരുന്നു. മത്സരത്തിൽ താരം എറിഞ്ഞ ആദ്യ ഓവറിൽ ഇന്ത്യയുടെ രോഹിത് ശർമയെ വിക്കറ്റ് കീപ്പർ ജോണി ബെയർസ്റ്റോയുടെ കൈകളിൽ എത്തിച്ചാണ് വോക്‌സ് കൂട്ടുകെട്ട് പൊളിച്ചത്. 27 പന്തുകളിൽ 11 റൺസ് നേടി രോഹിത് മടങ്ങുമ്പോൾ ഇന്ത്യയുടെ സ്കോർ 28.
advertisement
പിന്നീട് അഞ്ച് ഓവറുകൾക്ക് ശേഷം ഇതേ സ്‌കോറിൽ രാഹുലിനെയും മടക്കി ഒലി റോബിൻസൺ ഇന്ത്യക്ക് വീണ്ടും തിരിച്ചടി നൽകി. റോബിൻസന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങിയാണ് രാഹുൽ പുറത്തായത്. പിന്നീട് ക്രീസിൽ എത്തിയ കോഹ്ലി പൂജാരയ്ക്കൊപ്പം ചേർന്ന് ഇന്ത്യൻ ഇന്നിംഗ്‌സിനെ മുന്നോട്ട് നയിക്കാൻ ശ്രമിച്ചെങ്കിലും 39 റൺസിൽ നിൽക്കെ പൂജാരയെ മടക്കി ആൻഡേഴ്സൺ ഇന്ത്യക്ക് വീണ്ടും തിരിച്ചടി നൽകി. ആൻഡേഴ്സന്റെ മനോഹരമായ ഔട്ട് സ്വിങ്ങറിലേക്ക് ബാറ്റ് വെച്ച പൂജാരയ്ക്ക് പക്ഷെ പാളി. ലീഡ്സ് ടെസ്റ്റിലെ പ്രകടനം ഓവലിൽ ആവർത്തിക്കാൻ കഴിയാതെ വിക്കറ്റ് കീപ്പർ ബെയർസ്റ്റോയ്ക്ക് ക്യാച്ച് നൽകി താരം പുറത്ത്.
advertisement
പൂജാരയും പുറത്തായതോടെ പൂർണമായും പ്രതിരോധത്തിലായ ഇന്ത്യയെ പിന്നീട് രഹാനെയ്ക്ക് പകരം ബാറ്റിങ്ങിൽ സ്ഥാനക്കയറ്റം നേടി വന്ന ജഡേജയും കോഹ്‌ലിയും ചേർന്ന് മുന്നോട്ട് നയിക്കുകയായിരുന്നു. ഓഫ് സ്റ്റമ്പിന് പുറത്തെ പന്തുകൾ ഒഴിവാക്കി കളിച്ച ഇരുവരും മോശം പന്തുകളെ കണ്ടെത്തി റൺസ് പതുക്കെ കൂട്ടിച്ചേർത്തു.
നേരത്തെ ഇന്ത്യയ്ക്കെതിരേ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ലീഡ്‌സിൽ ഇന്നിംഗ്സ് തോൽവി വഴങ്ങിയ ടീമിൽ നിന്നും ഇന്ത്യ രണ്ട് മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്. ഇഷാന്ത് ശര്‍മയ്ക്കും മുഹമ്മദ് ഷമിക്കും പകരം ഉമേഷ് യാദവും ഷാര്‍ദുല്‍ ഠാക്കൂറും ടീമിലിടം നേടി. പരമ്പരയിൽ തുടർച്ചയായ നാലാം ടെസ്റ്റിലും ടീമിലിടം നേടാൻ അശ്വിന് കഴിഞ്ഞില്ല.
advertisement
ഇംഗ്ലണ്ടും രണ്ട് മാറ്റങ്ങളുമായാണ് മത്സരത്തിനിറങ്ങിയത്. ജോസ് ബട്ലർ, സാം കറൻ എന്നിവർക്ക് പകരം ഒലി പോപ്പും ക്രിസ് വോക്‌സും കളിക്കും. ബട്ലറുടെ അഭാവത്തിൽ ജോണി ബെയർസ്‌റ്റോ ഇംഗ്ലണ്ടിനായി വിക്കറ്റ് കാക്കും.
പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഇന്ത്യയും ഇംഗ്ലണ്ടും ഓരോ കളികള്‍ വീതം ജയിച്ച് സമനില പാലിക്കുകയാണ്. ആദ്യടെസ്റ്റ് സമനിലയായപ്പോള്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ 151 റണ്‍സിന്റെ അപ്രതീക്ഷിത വിജയംനേടി. എന്നാൽ, മൂന്നാം ടെസ്റ്റില്‍ ഇന്നിങ്സിനും 76 റണ്‍സിനും ഇന്ത്യയെ തോൽപ്പിച്ച് ഇംഗ്ലണ്ട് പരമ്പരയിൽ ഒപ്പമെത്തുകയായിരുന്നു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Sep 02, 2021 6:04 PM IST








