നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • IND vs ENG| ഓവലിൽ ഇന്ത്യ 191 റൺസിന് പുറത്ത്; തകർപ്പൻ അർധസെഞ്ചുറിയുമായി ഷാർദുൽ ഠാക്കൂർ; വോക്‌സിന് നാല് വിക്കറ്റ്

  IND vs ENG| ഓവലിൽ ഇന്ത്യ 191 റൺസിന് പുറത്ത്; തകർപ്പൻ അർധസെഞ്ചുറിയുമായി ഷാർദുൽ ഠാക്കൂർ; വോക്‌സിന് നാല് വിക്കറ്റ്

  ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത് ക്യാപ്റ്റൻ വിരാട് കോഹ്ലി (50), ഷാർദുൽ ഠാക്കൂർ (57) എന്നിവരുടെ അർധസെഞ്ചുറികളായിരുന്നു.

  News 18

  News 18

  • Share this:
   ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ഓവലിൽ നടക്കുന്ന നാലാം ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 191 റൺസിന് പുറത്ത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങി തകർച്ച നേരിട്ട ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത് ക്യാപ്റ്റൻ വിരാട് കോഹ്ലി (50), ഷാർദുൽ ഠാക്കൂർ (57) എന്നിവരുടെ അർധസെഞ്ചുറികളായിരുന്നു. ഇവരൊഴികെ ഇന്ത്യൻ നിരയിൽ ആർക്കും തന്നെ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ല. ഷാർദുലാണ് ഇന്ത്യൻ നിരയിലെ ടോപ് സ്‌കോറർ. 33 പന്തിൽ ടി20 ശൈലിയിലാണ് താരം അർധസെഞ്ചുറി കുറിച്ചത്.

   ഒരിടവേളയ്ക്ക് ശേഷം ഇംഗ്ലണ്ട് ടീമിലേക്ക് തിരിച്ചെത്തിയ ക്രിസ് വോക്‌സാണ് ഇന്ത്യൻ നിരയെ തകർത്തത്. നാല് വിക്കറ്റ് വീഴ്ത്തിയ വോക്‌സിന് മികച്ച പിന്തുണ നൽകി ഒലി റോബിൻസൺ മൂന്നും, ജെയിംസ് ആൻഡേഴ്സൺ, ക്രെയ്ഗ് ഓവർട്ടൺ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

   മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിന് ആറ് റൺസ് എടുക്കുന്നതിനിടയിൽ രണ്ട് വിക്കറ്റ് നഷ്ടമായി. ഇംഗ്ലണ്ടിന്റെ രണ്ട് ഓപ്പണർമാരെയും മടക്കി ബുംറയാണ് ഇന്ത്യക്ക് മികച്ച തുടക്കം നൽകിയിരിക്കുന്നത്. ബേൺസ് (5) ബുംറയുടെ പന്തിൽ ബൗൾഡായപ്പോൾ മറ്റൊരു ഓപ്പണറായ ഹസീബ് ഹമീദ് വിക്കറ്റ് കീപ്പർ പന്തിന് ക്യാച്ച് നൽകി പൂജ്യത്തിന് പുറത്താവുകയായിരുന്നു.

   നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓപ്പണർമാരായ രാഹുലും രോഹിതും ശ്രദ്ധയോടെയാണ് കളി തുടങ്ങിയത്. ഇംഗ്ലീഷ് ബൗളർമാരെ ശ്രദ്ധയോടെ നേരിട്ട ഇവർ സ്കോർബോർഡിലേക്ക് പതിയെ റൺസ് ചേർത്തു. ആദ്യ എട്ട് ഓവറുകളിൽ ഇംഗ്ലണ്ട് ബൗളർമാർക്ക് അധികം അവസരം നൽകാതെ മുന്നേറിയ ഇന്ത്യൻ സഖ്യത്തെ പൊളിച്ചത് ഒരിടവേളയ്ക്ക് ശേഷം ടീമിലേക്കെത്തിയ ക്രിസ് വോക്‌സ് ആയിരുന്നു. മത്സരത്തിൽ താരം എറിഞ്ഞ ആദ്യ ഓവറിൽ ഇന്ത്യയുടെ രോഹിത് ശർമയെ വിക്കറ്റ് കീപ്പർ ജോണി ബെയർസ്റ്റോയുടെ കൈകളിൽ എത്തിച്ചാണ് വോക്‌സ് കൂട്ടുകെട്ട് പൊളിച്ചത്. 27 പന്തുകളിൽ 11 റൺസ് നേടി രോഹിത് മടങ്ങുമ്പോൾ ഇന്ത്യയുടെ സ്കോർ 28. പിന്നീട് അഞ്ച് ഓവറുകൾക്ക് ശേഷം ഇതേ സ്‌കോറിൽ രാഹുലിനെയും മടക്കി ഒലി റോബിൻസൺ ഇന്ത്യക്ക് വീണ്ടും തിരിച്ചടി നൽകി.

   ലീഡ്സ് ടെസ്റ്റില്‍ 91 റണ്‍സടിച്ച് ഫോമിലേക്ക് മടങ്ങിയെത്തിയതിന്‍റെ സൂചന നല്‍കിയ ചേതേശ്വര്‍ പൂജാര വീണ്ടും ബാറ്റിംഗില്‍ നിരാശപ്പെടുത്തി. ഇന്ത്യൻ സ്കോർ 39ൽ നിൽക്കെ ആൻഡേഴ്സന്റെ മനോഹരമായ ഔട്ട് സ്വിങ്ങറിലേക്ക് ബാറ്റ് വെച്ച പൂജാരയുടെ കണക്കുകൂട്ടൽ തെറ്റിച്ച് ബാറ്റിൽ തട്ടിയ പന്ത് വിക്കറ്റ് ബെയർസ്റ്റോയുടെ കൈകളിലേക്കാണ് ചെന്നത്. പിന്നീട് രഹാനെയ്ക്ക് പകരം ബാറ്റിങ്ങിൽ സ്ഥാനക്കയറ്റം നേടി വന്ന ജഡേജ കോഹ്‌ലിക്കൊപ്പം ഇന്ത്യയെ കൂടുതല്‍ നഷ്ടങ്ങളില്ലാതെ ആദ്യ സെഷനില്‍ 50 കടത്തിയെങ്കിലും ലഞ്ചിന് പിന്നാലെ ജഡേജയെവീഴ്ത്തി ക്രിസ് വോക്സ് ഇന്ത്യയെ വീണ്ടും പ്രതിസന്ധിയിലാക്കി.

   രാജ്യാന്തര ക്രിക്കറ്റിൽ സെഞ്ചുറിക്കായി കാത്തിരിക്കുന്ന കോഹ്‌ലിയുടെ ഊഴമായിരുന്നു അടുത്തത്. ഇന്ത്യൻ ഇന്നിങ്സിനെ മുന്നോട്ട് നയിച്ച താരത്തിന് തുടക്കത്തിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ നൽകിയ ജീവൻ മുതലെടുക്കാൻ കഴിഞ്ഞില്ല. പരമ്പരയിൽ ഓഫ് സ്റ്റമ്പിന് പുറത്ത് പോവുന്ന പന്തിലേക്ക് ബാറ്റ് വെച്ച താരം ഇംഗ്ലണ്ടിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങുകയായിരുന്നു. ഒലി റോബിൻസണായിരുന്നു വിക്കറ്റ്. അർധസെഞ്ചുറി നേടിയ കോഹ്ലി അഞ്ചാം വിക്കറ്റിൽ രഹാനെയുമൊത്ത് 36 റൺസ് കൂട്ടിച്ചേർത്തതിന് ശേഷമാണ് മടങ്ങിയത്. കോഹ്ലി പുറത്തായ അതേ മാതൃകയിൽ പിന്നാലെ തന്നെ രഹാനെയും പുറത്തായി. ചായക്ക് തൊട്ടു മുമ്പ് ക്രെയ്ഗ് ഓവര്‍ടണിന്‍റെ പന്തില്‍ സ്ലിപ്പില്‍ മോയിന്‍ അലിക്ക് ക്യാച്ച് നൽകി രഹാനെ മടങ്ങുകയായിരുന്നു. ചായക്ക് ശേഷം കളി വീണ്ടും തുടങ്ങിയതിന് പിന്നാലെ ബാറ്റിങ്ങിൽ ഇന്ത്യയുടെ ബാക്കി പ്രതീക്ഷയായിരുന്ന ഋഷഭ് പന്തിനെ മടക്കി വോക്‌സ് ഇന്ത്യയെ ഞെട്ടിക്കുകയായിരുന്നു.

   പന്ത് ഏഴാമനായി പുറത്താവുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡിണ്ടായിരുന്നത് വെറും 127 റണ്‍സായിരുന്നു. എന്നാൽ പിന്നീട് ഇംഗ്ലണ്ട് ബൗളിങ്ങിന് മേൽ ഷാർദുലിന്റെ കടന്നാക്രമണമാണ് കണ്ടത്. തുടര്‍ച്ചയായി ബൗണ്ടറികളും സിക്സറും പറത്തിയ ഷര്‍ദ്ദുല്‍ 33 പന്തില്‍ തന്‍റെ രണ്ടാം ടെസ്റ്റ് അര്‍ധസെഞ്ചുറി കുറിച്ചു. എട്ടാം വിക്കറ്റില്‍ ഉമേഷ് യാദവുമൊത്ത് 63 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തിയ ഷാർദുലിന്റെ ഇന്നിംഗ്സാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 10 റണ്‍സെടുത്ത ഉമേഷ് അവസാന ബാറ്റ്സ്മാനായി പുറത്തായി. ഷാർദുല്‍ പുറത്തായതിന് പിന്നാലെ ഒരു റണ്‍സ് കൂടി കൂട്ടിചേര്‍ക്കുമ്പോഴേക്കും ശേഷിക്കുന്ന രണ്ട് വിക്കറ്റും ഇന്ത്യക്ക് നഷ്ടമാവുകയായിരുന്നു.
   Published by:Naveen
   First published: