IND vs ENG | ജോ റൂട്ടിന് പിന്നെയും സെഞ്ച്വറി; ലീഡ്സില്‍ ഇംഗ്ലണ്ടിന് 345 റണ്‍സിന്റെ ശക്തമായ ലീഡ്

Last Updated:

ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ (121) സെഞ്ചുറി പ്രകടനമാണ് ഇംഗ്ലണ്ടിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ടെസ്റ്റില്‍ 23ാ0 സെഞ്ചുറി കുറിച്ച റൂട്ട് പരമ്പരയിലെ മൂന്നാം സെഞ്ചുറിയാണ് നേടിയത്.

Joe Root
Joe Root
വിക്കറ്റ് നഷ്ടമില്ലാതെ 120 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ആരംഭിച്ച ഇംഗ്ലണ്ടിനായി ഓപ്പണര്‍മാരായ റോറി ബേണ്‍സും ഹസീബ് ഹമീദും ശ്രദ്ധയോടെയാണ് മുന്നേറിയത്. ഒന്നാം വിക്കറ്റില്‍ 135 റണ്‍സ് കൂട്ടിച്ചേര്‍ത്തതിന് ശേഷമാണ് സഖ്യം വേര്‍പിരിഞ്ഞത്. റോറി ബേണ്‍സിനെ(61) ക്ലീന്‍ ബൗള്‍ഡാക്കി മുഹമ്മദ് ഷമിയാണ് ഇന്ത്യക്ക് ആശ്വാസം നല്‍കുന്ന ബ്രേക്ക്ത്രൂ സമ്മാനിച്ചത്. 153 പന്തില്‍ ആറ് ബൗണ്ടറിയും ഒരു സിക്‌സും പറത്തിയാണ് ബേണ്‍സ് 61 റണ്‍സെടുത്തത്. പിന്നീട് ക്രീസില്‍ ഹമീദും റൂട്ടും ചേര്‍ന്ന് പതിയെ ഇംഗ്ലണ്ട് ഇന്നിങ്‌സിനെ മുന്നോട്ട് നയിച്ചു. ഇന്ത്യന്‍ പേസര്‍മാരെ ശ്രദ്ധയോടെ പ്രതിരോധിച്ച് മുന്നേറിയ ഹമീദിനെ പുറത്താക്കി ജഡേജ ഇന്ത്യക്ക് ചെറിയൊരാശ്വാസം വീണ്ടും നല്‍കി. 68 റണ്‍സെടുത്ത ഹമീദിനെ ജഡേജ ബൗള്‍ഡാക്കുകയായിരുന്നു.
advertisement
രണ്ട് വിക്കറ്റ് വീഴ്ത്തിയതോടെ മത്സരത്തിലേക്ക് തിരിച്ചവരാമെന്ന പ്രതീക്ഷ ഇന്ത്യന്‍ ക്യാമ്പില്‍ ഉയര്‍ന്നെങ്കിലും പരമ്പരയില്‍ മികച്ച ഫോമില്‍ ബാറ്റ് ചെയ്യുന്ന റൂട്ട് ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തി. മികച്ച സ്‌ട്രൈക്ക് റേറ്റോടെ ബാറ്റ് ചെയ്ത റൂട്ട് ഇംഗ്ലണ്ട് സ്‌കോര്‍ബോര്‍ഡിലേക്ക് പെട്ടെന്ന് റണ്‍സ് കൂട്ടിച്ചേര്‍ത്ത് കൊണ്ട് അവരുടെ ലീഡ് ഉയര്‍ത്തി. മറുവശത്ത് പരമ്പരയിലെ ആദ്യ മത്സരം കളിക്കാന്‍ ഇറങ്ങിയ ഡേവിഡ് മലാന്‍ തന്റെ ക്യാപ്റ്റന് മികച്ച പിന്തുണ നല്‍കിക്കൊണ്ട് മറുവശം കാത്തു.
advertisement
പിന്നീട് ചായയ്ക്ക് തൊട്ടു മുമ്പുള്ള ഓവറില്‍ മലാനെ പുറത്താക്കി മുഹമ്മദ് സിറാജാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ലെഗ് സൈഡിലൂടെ പോയ പന്തിനെ റിഷഭ് പന്ത് കൈയിലൊതുക്കിയെങ്കിലും പന്തോ ഇന്ത്യന്‍ ഫീല്‍ഡര്‍മാരോ ക്യാച്ചിനായി അപ്പീല്‍ ചെയ്തില്ല. റിവ്യൂ എടുക്കാന്‍ സിറാജ് കോഹ്ലിയെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു, തുടര്‍ന്ന് റിവ്യൂ എടുത്തതോടെയാണ് ഇന്ത്യക്ക് അനുകൂലമായ വിധി വന്നത്. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 139 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.
റൂട്ട് ഒരറ്റത്ത് മികച്ച രീതിയില്‍ ബാറ്റിംഗ് തുടര്‍ന്നപ്പോള്‍ 29 റണ്‍സെടുത്ത ബെയര്‍‌സ്റ്റോയേയും ഏഴ് റണ്‍സെടുത്ത ബട്‌ലറെയും പുറത്താക്കി ഷമി ഇന്ത്യയ്ക്ക് ചെറിയ പ്രതീക്ഷ നല്‍കി. പിന്നീട് ക്രീസില്‍ എത്തിയ മൊയീന്‍ അലിയുമായി ചെറിയ കൂട്ടുകെട്ട് ഉണ്ടാക്കിയ റൂട്ട് ബുംറയുടെ മികച്ച ഒരു പന്തില്‍ ബൗള്‍ഡായി പുറത്താവുകയായിരുന്നു. 165 പന്തില്‍ 14 ഫോറുകള്‍ സഹിതം 121 റണ്‍സ് നേടിയാണ് റൂട്ട് പുറത്തായത്. രണ്ടാം ദിനത്തിന്റെ തുടക്കത്തില്‍ നിറം മങ്ങിയ പ്രകടനത്തിന്റെ നിരാശ അല്‍പമെങ്കിലും തീര്‍ക്കാന്‍ ബുംറയ്ക്ക് ഈ വിക്കറ്റ് നേട്ടത്തിലൂടെ കഴിഞ്ഞു. പിന്നാലെ തന്നെ മൊയീന്‍ അലിയെ ജഡേജ അക്സര്‍ പട്ടേലിന്റെ കൈകളില്‍ എത്തിക്കുകയായിരുന്നു.
advertisement
ഇന്ത്യക്കായി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റും രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
മലയാളം വാർത്തകൾ/ വാർത്ത/Sports/
IND vs ENG | ജോ റൂട്ടിന് പിന്നെയും സെഞ്ച്വറി; ലീഡ്സില്‍ ഇംഗ്ലണ്ടിന് 345 റണ്‍സിന്റെ ശക്തമായ ലീഡ്
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement