ലീഡ്സ് ടെസ്റ്റിലെ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടി. ഇന്ത്യയുടെ സ്റ്റാർ ഓൾ റൗണ്ടറായ രവീന്ദ്ര ജഡേജ പരിക്കിന്റെ പിടിയിലായതാണ് ഇന്ത്യക്ക് വലിയ തിരിച്ചടി നൽകുന്നത്. പരിക്കിനെ തുടർന്ന് ജഡേജയെ ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയനാക്കി. പരിക്ക് സാരമുള്ളതാണോ എന്നത് വ്യക്തമായിട്ടില്ല. മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും ഇന്ത്യൻ ടീം താരത്തെ സംബന്ധിച്ചുള്ള വാർത്ത പുറത്തുവിടുന്നത്.
ആശുപത്രിയില്‍ പരിശോധനയ്ക്കായി വിധേയനായ ജഡേജ തന്നെയാണ് പരിക്കിന്റെ വിവരം ആരാധകരുമായി പങ്കുവെച്ചത്. ആശുപത്രിയിൽ പരിശോധനാ വേഷത്തിൽ നിൽക്കുന്ന ചിത്രം, എത്തിപ്പെടാൻ അത്ര സുഖകരമല്ലാത്ത സ്ഥലം എന്ന അടിക്കുറിപ്പോടെ ജഡേജ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലാണ് പങ്കുവെച്ചത്.
![]()
ലീഡ്സ് ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ ഇന്ത്യയുടെ ഫീൽഡിങ്ങിനിടെ ബൗണ്ടറി തടയുന്നതിനിടെയാണ് ജഡേജയ്ക്ക് പരിക്കേറ്റത്. ഇതിന് പിന്നാലെ ഗ്രൗണ്ട് വിട്ട ജഡേജ പുറത്ത് പ്രാഥമിക ചികിത്സ സ്വീകരിച്ചതിന് ശേഷമാണ് വീണ്ടും തിരിച്ചെത്തിയത്. താരത്തിന് പറ്റിയ പരിക്ക് ഗുരുതരമാണെങ്കിൽ ഇന്ത്യക്ക് അത് വലിയ തിരിച്ചടിയാകും. ഇന്ത്യക്കായി ബൗളിങ്ങിലും ബാറ്റിങ്ങിലും ഫീൽഡിങ്ങിലും തിളങ്ങുന്ന താരമാണ് ജഡേജ. പരമ്പരയിൽ ഒരു അർധസെഞ്ചുറി നേട്ടം ഉൾപ്പെടെ 126 റൺസ് നേടിയ താരം രണ്ട് വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.
Also read- IND vs ENG | ലീഡ്‌സില്‍ ഇന്ത്യയ്ക്ക് തോല്‍വി; ഇന്ത്യയെ ഇന്നിങ്‌സിനും 76 റണ്‍സിനും തോല്‍പിച്ച് ഇംഗ്ലണ്ട്പരിക്ക് ഗുരുതരമാണെങ്കിൽ ജഡേജയ്ക്ക് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമായേക്കും. അങ്ങനെയെങ്കിൽ പരമ്പരയിൽ ഇതുവരെ അവസരം ലഭിക്കാത്ത ഇന്ത്യയുടെ സ്പിന്നറായ രവിചന്ദ്രൻ അശ്വിനെ ഇന്ത്യ കളത്തിൽ ഇറക്കിയേക്കും. ഏത് പിച്ചിലും വിക്കറ്റ് നേടാൻ കഴിവുള്ള താരം എന്നതിനുപുറമെ ബാറ്റിങ്ങിലും ഇന്ത്യക്ക് നിർണായക സംഭാവന നൽകാൻ അശ്വിന് കഴിയും. അശ്വിൻ മികച്ച ഫോമിലാണ് ഉള്ളതെങ്കിലും ഇംഗ്ലണ്ടിലെ സാഹചര്യങ്ങൾ പേസിന് അനുകൂലമാണ് എന്നതിനാൽ നാല് പേസർമാരും ഒരു സ്പിന്നറും അടങ്ങുന്ന ബൗളിംഗ് ആക്രമണമാണ് ഇന്ത്യ തിരഞ്ഞെടുത്തിരിക്കുന്നത്. ഇതിൽ സ്പിന്നർ സ്ഥാനത്ത് ആദ്യ മൂന്ന് മത്സരങ്ങളിലും അശ്വിനെ മറികടന്ന് ജഡേജയാണ് ടീമിൽ ഇടം പിടിച്ചത്.
പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങൾ അവസാനിച്ചപ്പോൾ ഇന്ത്യയും ഇംഗ്ലണ്ടും ഓരോ കളികൾ വീതം ജയിച്ച് സമനില പാലിക്കുന്നു. ഇന്നലെ ലീഡ്‌സിൽ അവസാനിച്ച മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ട് ഇന്ത്യയെ ഇന്നിങ്സിനും 70 റൻസിനുമാണ് തോല്പിച്ചത്. പരമ്പരയിൽ ലോർഡ്‌സിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യ ജയം നേടിയിരുന്നു. ആദ്യ ടെസ്റ്റ് സമനിലയിൽ അവസാനിച്ചിരുന്നു. പരമ്പരയിലെ നാലാം ടെസ്റ്റ് സെപ്റ്റംബർ രണ്ടിന് ഓവലിൽ വെച്ച് നടക്കും.
2007ൽ ഇംഗ്ലണ്ടിൽ രാഹുൽ ദ്രാവിഡിന്റെ കീഴിൽ ഇംഗ്ലണ്ടിൽ ടെസ്റ്റ് പരമ്പര നേടിയതിന് ശേഷം ഇതുവരെ ഇന്ത്യക്ക് ഇവിടെ പരമ്പര നേടാൻ കഴിഞ്ഞിട്ടില്ല. 2018ൽ അവസാനമായി പര്യടനം നടത്തിയപ്പോൾ 4-1നാണ് ഇന്ത്യ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടത്. ഇത്തവണ ഇവിടെ പരമ്പര നേടാൻ ഉറച്ചാണ് കോഹ്‌ലിക്ക് കീഴിൽ ഇന്ത്യൻ സംഘം എത്തിയിരിക്കുന്നത്. നിലവിൽ പരമ്പര സമനിലയിൽ നിൽക്കെ അവസാന രണ്ട് ടെസ്റ്റുകളിലെയും പ്രകടനം ഇന്ത്യക്ക് നിർണായകമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.