IND vs NZ | രണ്ടാം ദിനത്തിൽ കിവീസ് ആധിപത്യം; ഒന്നാം ഇന്നിങ്സിൽ വിക്കറ്റ് നഷ്ടമില്ലാതെ 129 റൺസ്

Last Updated:

അഞ്ച് വർഷത്തിനിടെ ആദ്യമായാണ് ഇന്ത്യൻ മണ്ണിൽ സന്ദർശക ടീമിന്റെ ഓപ്പണര്‍മാര്‍ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തുന്നത്. ഇന്ത്യൻ മണ്ണിൽ ന്യൂസീലന്‍ഡ് ഓപ്പണര്‍മാരുടെ ഏഴാമത്തെ മാത്രം സെഞ്ചുറി കൂട്ടുകെട്ടാണിത്

Image: ICC, Twitter
Image: ICC, Twitter
ഇന്ത്യക്കെതിരായ (India) ടെസ്റ്റ് പരമ്പരയിലെ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ ന്യൂസിലൻഡ് (New Zealand) ആധിപത്യം. കാൺപൂരിൽ നടക്കുന്ന ടെസ്റ്റിൽ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 345 റൺസ് പിന്തുടരുന്ന കിവീസ് രണ്ടാം ദിനത്തിൽ കളി നിർത്തുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 129 റൺസ് എന്ന ശക്തമായ നിലയിലാണ്. 50 റണ്‍സോടെ ടോം ലാഥമും (Tom Latham) 75 റണ്‍സോടെ വില്‍ യങ്ങുമാണ് (Will Young) ക്രീസില്‍. 10 വിക്കറ്റും കയ്യിലിരിക്കെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനേക്കാൾ 216 റൺസ് മാത്രം പിന്നിലാണ് ന്യൂസിലൻഡ്.
അഞ്ച് വർഷത്തിനിടെ ആദ്യമായാണ് ഇന്ത്യൻ മണ്ണിൽ സന്ദർശക ടീമിന്റെ ഓപ്പണര്‍മാര്‍ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തുന്നത്. 2016-ല്‍ ഇംഗ്ലണ്ടിന്റെ അലസ്റ്റയര്‍ കുക്ക് - ഹസീബ് ഹമീദ് സഖ്യം ചെന്നൈയില്‍ 103 റണ്‍സ് കണ്ടെത്തിയതിന് ശേഷം പിന്നീട് ഇന്ത്യൻ മണ്ണിൽ പര്യടനം നടത്തിയ ടീമുകളുടെ ഓപ്പണർമാർക്ക് മൂന്നക്കം കടക്കാൻ കഴിഞ്ഞിരുന്നില്ല. ഇന്ത്യൻ മണ്ണിൽ ന്യൂസീലന്‍ഡ് ഓപ്പണര്‍മാരുടെ ഏഴാമത്തെ മാത്രം സെഞ്ചുറി കൂട്ടുകെട്ടാണിത്. ഇതിൽ രണ്ടെണ്ണത്തിൽ ലാഥ൦ പങ്കാളിയായിട്ടുണ്ട്.
സ്പിന്നർമാരെ വെച്ച് എതിരാളികളെ കറക്കി വീഴ്ത്താമെന്ന ഇന്ത്യൻ തന്ത്രം പൊളിച്ചെഴുതിയാണ് കിവീസ് ഓപ്പണർമാർ സെഞ്ചുറി കൂട്ടുകെട്ട് തീർത്തത്. 57 ഓവറുകളിൽ നിന്നാണ് ഇരുവരും ഒന്നാം വിക്കറ്റിൽ 129 റൺസ് ചേർത്തിരിക്കുന്നത്. അശ്വിൻ - ജഡേജ - അക്‌സർ സ്പിൻ ത്രയം ഇതുവരെ 41 ഓവറുകൾ എറിഞ്ഞെങ്കിലും കിവീസ് ഓപ്പണർമാരുടെ പ്രതിരോധക്കോട്ട തകർത്ത് വിക്കറ്റ് നേടാൻ അവർക്ക് കഴിഞ്ഞില്ല.
advertisement
നാളെ നേരത്തെ തന്നെ വിക്കറ്റുകൾ നേടി മത്സരത്തിലേക്ക് തിരിച്ചുവരാനാകും രഹാനെയും സംഘവും ശ്രമിക്കുക. രണ്ടാം ദിനത്തിലെ പ്രകടനം കിവീസ് മൂന്നാം ദിനത്തിലും ആവർത്തിച്ചാൽ മത്സരം ഇന്ത്യയുടെ കൈയിൽ നിന്നും വിട്ടുപോയേക്കാം.
ഇന്ത്യക്ക് 'ശ്രേയസ്സ്' പകർന്ന് അയ്യരുടെ സെഞ്ചുറി
നേരത്തെ അരങ്ങേറ്റ മത്സരം മികച്ചതാക്കിയ ശ്രേയസ് അയ്യരുടെ സെഞ്ചുറിക്കരുത്തിലാണ് ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 345 റണ്സെടുത്തത്. അരങ്ങേറ്റ മത്സരത്തിൽ സെഞ്ചുറി നേടി 105 റൺസോടെ അയ്യർ ഇന്ത്യയുടെ ടോപ് സ്‌കോറർ ആവുകയായിരുന്നു. 171 പന്തുകളിൽ 13 ഫോറും രണ്ട് സിക്‌സും സഹിതമാണ് അയ്യർ 105 റൺസെടുത്തത്. ന്യൂസിലൻഡിനായി ബൗളിങ്ങിൽ ടി൦ സൗത്തി അഞ്ച് വിക്കറ്റ് വീഴ്ത്തി. കൈൽ ജാമിസൻ മൂന്നും അജാസ് പട്ടേൽ രണ്ട് വിക്കറ്റുകളും വീഴ്ത്തി.
advertisement
നാല് വിക്കറ്റിന് 258 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ വിക്കറ്റ് നഷ്ടപ്പെട്ടു. ഒന്നാം ദിനത്തിൽ അർധസെഞ്ചുറി നേടി നിൽക്കുകയായിരുന്ന ജഡേജ (50) തലേന്നത്തെ സ്കോറിലേക്ക് റൺസ് ചേർക്കും മുൻപേ പുറത്താവുകയായിരുന്നു. സൗത്തിയുടെ പന്തിൽ ബൗൾഡ് ആയിട്ടായിരുന്നു ജഡേജയുടെ മടക്കം.
ജഡേജയ്ക്ക് പിന്നാലെ വൃദ്ധിമാന്‍ സാഹ ക്രീസിലെത്തി. സാഹയെ മറുവശത്ത് നിർത്തി അയ്യർ മനോഹരമായ രീതിയിൽ ബാറ്റിംഗ് തുടർന്നു, വൈകാതെ തന്നെ താരം ടെസ്റ്റിൽ തന്റെ കന്നി സെഞ്ചുറി നേട്ടം സ്വന്തമാക്കുകയും ചെയ്തു. ഇന്ത്യക്ക് വേണ്ടി ടെസ്റ്റിൽ അരങ്ങേറ്റ മത്സരത്തിൽ തന്നെ സെഞ്ചുറി നേടുന്ന 16-ാം ഇന്ത്യന്‍ താരം എന്ന റെക്കോർഡ് കൂടി അയ്യർ ഇതിനോടൊപ്പം സ്വന്തമാക്കി.
advertisement
അയ്യർ മികച്ച രീതിയിൽ മുന്നേറിയപ്പോൾ മറുവശത്ത് സാഹയ്ക്ക് താളം കണ്ടെത്താൻ കഴിഞ്ഞില്ല. ഒരു റൺ മാത്രമെടുത്ത താരം ടിം സൗത്തിയുടെ പന്തിൽ വിക്കറ്റ് കീപ്പർ ടോം ബ്ലണ്ടലിന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. സാഹയ്ക്ക് പകരം ക്രീസിലെത്തിയ അശ്വിൻ മികച്ച രീതിയിൽ ബാറ്റ് ചെയ്തതോടെ ഇന്ത്യൻ സ്കോർബോർഡിലേക്ക് റൺസ് എത്തിത്തുടങ്ങി. അശ്വിനെ കൂട്ടുപിടിച്ച് അയ്യർ ടീം സ്‌കോര്‍ 300 കടത്തി. എന്നാല്‍ പിന്നാലെ തന്നെ ടിം സൗത്തിയുടെ പന്തില്‍ അയ്യർ പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. 171 പന്തുകളില്‍ നിന്ന് 105 റണ്‍സെടുത്ത അയ്യരെ സൗത്തി വില്‍ യങ്ങിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു.
advertisement
അയ്യർക്ക് പകരം ക്രീസിലെത്തിയ അക്‌സർ പട്ടേൽ മൂന്ന് റൺസെടുത്ത് മടങ്ങിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. എന്നാൽ ഒമ്പതാം വിക്കറ്റിൽ ഉമേഷ് യാദവിനെ കൂട്ടുപിടിച്ച് അശ്വിൻ ഇന്ത്യൻ സ്കോർ ബോർഡ് മുന്നോട്ട് ചലിപ്പിച്ചു. മികച്ച രീതിയിൽ മുന്നേറുകയായിരുന്ന അശ്വിനെ അജാസ് പട്ടേല്‍ ക്ലീന്‍ ബൗള്‍ഡാക്കിയതോടെ ഇന്ത്യൻ പോരാട്ടം ഏറെക്കുറെ അവസാനിച്ചു. 56 പന്തുകളിൽ 38 റൺസ് നേടിയാണ് അശ്വിൻ പുറത്തായത്. പിന്നാലെ വന്ന ഇഷാന്തിനെയും (0) അജാസ് മടക്കിയതോടെ ഇന്ത്യൻ ഇന്നിങ്സിന് അവസാനമാവുകയായിരുന്നു. 10 റൺസോടെ ഉമേഷ് യാദവ് പുറത്താകാതെ നിന്നു.
മലയാളം വാർത്തകൾ/ വാർത്ത/Sports/
IND vs NZ | രണ്ടാം ദിനത്തിൽ കിവീസ് ആധിപത്യം; ഒന്നാം ഇന്നിങ്സിൽ വിക്കറ്റ് നഷ്ടമില്ലാതെ 129 റൺസ്
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement