ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ(South Africa) ആദ്യ ടെസ്റ്റില്‍ ടോസ്സ് നേടിയ വിരാട് കോഹ്ലി ബാറ്റിംഗ് തിരഞ്ഞെടുത്തു. സെഞ്ചൂറിയനില്‍ അഞ്ച് ബൗള്‍മാരുമായിട്ടാണ് ഇന്ത്യ(India) ഇറങ്ങുന്നത്. ഇതില്‍ നാല് പേരും പേസര്‍മാരാണ്. സീനിയര്‍ താരം ഇഷാന്ത് ശര്‍മയ്ക്ക് അവസരം നഷ്ടമായി.
ഓള്‍റൗണ്ട് മികവ് കണക്കിലെടുത്ത് ഷാര്‍ദുല്‍ താക്കൂര്‍ ടീമിലെത്തി. മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവരാണ് മറ്റു പേസര്‍മാര്‍. ആര് അശ്വിന് ഏക സ്പിന്നറായി ടീമിലെത്തി.
ബാറ്റിംഗില്‍ പ്രതീക്ഷിച്ചത് പോലെ അജിന്‍ക്യ രഹാനെയ്ക്ക് പരിചയസമ്പത്ത് ഗുണം ചെയ്തു. മോശം ഫോമിലുള്ള താരത്തിന് പകരം ശ്രേയസ് അയ്യരോ, ഹനുമ വിഹാരിയോ കളിക്കണമെന്ന വാദമുണ്ടായിരുന്നുവെങ്കിലും രഹാനെയെ തന്നെ നിലനിര്‍ത്തുകയായിരുന്നു. ചേതേശ്വര്‍ പൂജാരയും ടീമില്‍ സ്ഥാനം നിലനിര്‍ത്തി. കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും.
സൗത്ത് ആഫ്രിക്കയില്‍ പരമ്പര നേടാനുള്ള സുവര്‍ണാവസരമാണ് ഇന്ത്യക്കിത്. എന്നാല്‍ സെഞ്ചൂറിയനിലെ സൗത്ത് ആഫ്രിക്കയുടെ കോട്ട തകര്‍ക്കുക ഇന്ത്യക്ക് വെല്ലുവിളിയാണ്. ആറ് മാസത്തെ ഇടവേളക്ക് ശേഷമാണ് സൗത്ത് ആഫ്രിക്ക ടെസ്റ്റ് കളിക്കുന്നത്. പുതിയ ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗറിനെ ഇന്ത്യയെ പിടിച്ചുകെട്ടുക എളുപ്പമാവില്ല. ഫാസ്റ്റ് ബൗളര്‍ നോര്‍ജേ പരിക്കേറ്റ് പരമ്പരയില്‍ നിന്ന് പുറത്തായത് ആതിഥേയര്‍ക്ക് കനത്ത തിരിച്ചടിയാണ്. തന്റെ രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തെ തുടര്‍ന്ന് പരമ്പരയിലെ മൂന്നാമത്തെ ടെസ്റ്റ് ഡികോക്കും കളിച്ചേക്കില്ല.
സെഞ്ചൂറിയന്‍ തങ്ങളുടെ ഉരുക്കുകോട്ടയാണെന്നതാണ് സൗത്ത് ആഫ്രിക്കയുടെ ആത്മവിശ്വാസം. സെഞ്ചൂറിയനില്‍ 26 ടെസ്റ്റ് കളിച്ചപ്പോള്‍ 21 ടെസ്റ്റിലും സൗത്ത് ആഫ്രിക്ക ജയം പിടിച്ചു. ഇവിടെ മൂന്ന് മത്സരങ്ങള്‍ സമനിലയിലായപ്പോള്‍ രണ്ട് ടെസ്റ്റിലാണ് തോല്‍വി വഴങ്ങിയത്. സെഞ്ചൂറിയനില്‍ കളിച്ച രണ്ട് ടെസ്റ്റിലും ഇന്ത്യ തോറ്റിരുന്നു.
ടീം ഇന്ത്യ: കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്ലി, അജിന്‍ക്യ രഹാനെ, റിഷഭ് പന്ത്, ആര് അശ്വിന്, ഷാര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.