കൊല്‍ക്കത്ത: ഏകദിന പരമ്പരയ്ക്ക് പിന്നാലെ വെസ്റ്റിന്‍ഡീസിനെതിരായ (West Indies) ട്വന്റി 20 പരമ്പരയും തൂത്തുവാരി ഇന്ത്യ (India). ഈഡൻഗാര്‍ഡൻസിൽ നടന്ന ട്വന്റി 20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ 17 റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം. ഇന്ത്യ ഉയര്‍ത്തിയ 185 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റിന്‍ഡീസിന് 9 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും അര്‍ധ സെഞ്ചുറി നേടിയ നിക്കോളാസ് പുരാനാണ് വിന്‍ഡീസ് ബാറ്റർമാരിൽ ടോപ് സ്‌കോറര്‍. 47 പന്തുകള്‍ നേരിട്ട താരം ഒരു സിക്‌സും എട്ട് ഫോറുമടക്കം 61 റണ്‍സെടുത്തു. ഇന്ത്യക്കായി ഹർഷൽ പട്ടേൽ മൂന്നും ദീപക് ചഹാർ, വെങ്കിടേഷ് അയ്യർ, ശാർദൂൽ ഠാക്കൂര്‍ എന്നിവർ രണ്ടു വീക്കറ്റ് വീതവും നേടി.
185 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ കൈല്‍ മില്‍സിനെ (6) നഷ്ടമായി. ദീപക് ചഹാറിനായിരുന്നു വിക്കറ്റ്. പിന്നാലെ മൂന്നാം ഓവറില്‍ ഷായ് ഹോപ്പിനെയും (8) ചഹാര്‍ മടക്കി. നിക്കോളാസ് പുരന്‍ - റോവ്മാന്‍ പവല്‍ സഖ്യം ക്രീസിൽ ഒരുമിച്ചതോടെ വിൻഡീസ് പ്രതീക്ഷകൾ ഉണർന്നു. ഇരുവരും അതിവേഗം 47 റണ്‍സ് വിന്‍ഡീസ് സ്‌കോര്‍ബോര്‍ഡിലെത്തിച്ചു. 14 പന്തില്‍ നിന്ന് 25 റണ്‍സെടുത്ത പവലിനെ മടക്കി ഹര്‍ഷല്‍ പട്ടേലാണ് ഇന്ത്യയ്ക്ക് ബ്രേക് ത്രൂ സമ്മാനിച്ചത്.
തുടര്‍ന്ന് ക്യാപ്റ്റന്‍ കിറോണ്‍ പൊള്ളാര്‍ഡ് (5), ജേസണ്‍ ഹോള്‍ഡര്‍ (2) എന്നിവരെ മടക്കി വെങ്കടേഷ് അയ്യര്‍ വിന്‍ഡീസിനെ പ്രതിരോധത്തിലാക്കി. റോസ്റ്റന്‍ ചേസിനും (12) കാര്യമായ സംഭാവന നല്‍കാനായില്ല. ഏഴാം വിക്കറ്റില്‍ ഒന്നിച്ച പുരാന്‍ - റൊമാരിയോ ഷെപ്പേര്‍ഡ് സഖ്യം ഇന്ത്യയ്ക്ക് വെല്ലുവിളിയാകുമെന്ന് തോന്നലുണര്‍ത്തി. 48 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഈ സഖ്യം 18-ാം ഓവറില്‍ ശാര്‍ദുല്‍ താക്കൂര്‍ പൊളിച്ചു. 21 പന്തുകള്‍ നേരിട്ട ഷെപ്പേര്‍ഡ് 3 സിക്‌സും 1 ഫോറുമടക്കം 29 റണ്‍സെടുത്തു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുത്തിരുന്നു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച സൂര്യകുമാര്‍ യാദവ് - വെങ്കടേഷ് അയ്യര്‍ സഖ്യമാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
31 പന്തില്‍ നിന്ന് ഏഴ് സിക്സും ഒരു ഫോറുമടക്കം 65 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. ട്വന്റി 20-യില്‍ താരത്തിന്റെ നാലാം അര്‍ധ സെഞ്ചുറിയാണിത്. വെങ്കടേഷ് അയ്യര്‍ 19 പന്തില്‍ നിന്ന് രണ്ട് സിക്സും നാല് ഫോറുമടക്കം 35 റണ്‍സോടെ പുറത്താകാതെ നിന്നു. അഞ്ചാം വിക്കറ്റില്‍ 37 പന്തില്‍ നിന്ന് 91 റണ്‍സാണ് ഈ സഖ്യം അടിച്ചുകൂട്ടിയത്.
ഇഷാന്‍ കിഷനും ഋതുരാജുമാണ് ഇന്ത്യയ്ക്കായി ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത്. മൂന്നാം ഓവറില്‍ തന്നെ ഓപ്പണര്‍ ഋതുരാജ് ഗെയ്ക്വാദിനെ (4) നഷ്ടമായ ഇന്ത്യയ്ക്കായി രണ്ടാം വിക്കറ്റില്‍ ഇഷാന്‍ കിഷന്‍ - ശ്രേയസ് അയ്യര്‍ സഖ്യം 53 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ എട്ടു പന്തുകള്‍ക്കിടെ ഇരുവരും പുറത്തായത് ഇന്ത്യയുടെ റണ്‍റേറ്റിനെ ബാധിച്ചു.
16 പന്തില്‍ നിന്ന് നാല് ഫോറടക്കം 25 റണ്‍സെടുത്ത ശ്രേയസിനെ മടക്കി ഹെയ്ഡന്‍ വാല്‍ഷാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ 31 പന്തില്‍ നിന്ന് അഞ്ച് ഫോറടക്കം 34 റണ്‍സെടുത്ത കിഷനെ റോസ്റ്റന്‍ ചേസും പുറത്താക്കി. നാലാം നമ്പറില്‍ ബാറ്റിങ്ങിനെത്തിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് കാര്യമായ സംഭാവന നല്‍കാനായില്ല. 15 പന്തില്‍ നിന്ന് വെറും ഏഴ് റണ്‍സ് മാത്രമായിരുന്നു രോഹിത്തിന്റെ സമ്പാദ്യം. എന്നാല്‍ തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച സൂര്യകുമാര്‍ യാദവ് - വെങ്കടേഷ് അയ്യര്‍ സഖ്യം അവസാന ഓവറുകളിലെ വെടിക്കെട്ടിലൂടെ ഇന്ത്യന്‍ സ്‌കോര്‍ 184-ല്‍ എത്തിക്കുകയായിരുന്നു.
നേരത്തെ ടോസ് നേടിയ വെസ്റ്റിന്‍ഡീസ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ ടീമില്‍ വിരാട് കോലി, ഋഷഭ് പന്ത്, ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചാഹല്‍ എന്നിവര്‍ക്ക് പകരം ഋതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍, ശാര്‍ദുല്‍ താക്കൂര്‍, ആവേശ് ഖാന്‍ എന്നിവര്‍ ഇടംനേടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.