മൊഹാലി: ഇന്ത്യയ്ക്കെതിരായ ആദ്യ ടി20 മത്സരത്തിൽ ഓസ്ട്രേലിയയ്ക്ക് തകർപ്പൻ ജയം. 209 റൺസിന്‍റെ വിജയലക്ഷ്യം തേടി ബാറ്റുചെയ്ത ഓസ്ട്രേലിയ 19.2 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. പുറത്താകാതെ 45 റൺസെടുത്ത മാത്യു വെയ്ഡാണ് ഓസ്ട്രേലിയയെ അനായാസം ലക്ഷ്യത്തിലെത്തിച്ചത്. 30 പന്തിൽ 61 റൺസെടുത്ത കാമറൂൺ ഗ്രീനാണ് ഓസീസിന്‍റെ ടോപ് സ്കോറർ. സ്റ്റീവൻ സ്മിത്ത് 35 റൺസെടുത്തു. ഇന്ത്യയ്ക്കുവേണ്ടി അക്ഷർ പട്ടേൽ മൂന്നു വിക്കറ്റും ഉമേഷ് യാദവ് രണ്ടു വിക്കറ്റും നേടി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 208 റൺസെടുത്തു. വെറും 30 പന്തിൽ പുറത്താകാതെ 71 റൺസെടുത്ത ഹർദ്ദിക് പാണ്ഡ്യയുടെ തകർപ്പൻ ബാറ്റിങ്ങാണ് ഇന്ത്യയുടെ സ്കോർ 200 കടത്തിയത്. കെ. എൽ രാഹുൽ 35 പന്തിൽ 55 റൺസെടുത്തു. 25 പന്തിൽ 46 റൺസെടുത്ത സൂര്യകുമാർ യാദവും ബാറ്റിങ്ങിൽ തിളങ്ങി.
അഞ്ച് പടുകൂറ്റൻ സിക്സറും ഏഴ് ഫോറും ഉൾപ്പെടുന്നതാണ് പാണ്ഡ്യയുടെ ഇന്നിംഗ്സ്. രാഹുൽ മൂന്ന് സിക്സറും നാല് ഫോറും അടിച്ചു. സൂര്യകുമാർ യാദവ് നാല് സിക്സറും രണ്ട് ഫോറുമാണ് നേടിയത്. അതേസമയം രോഹിത് ശർമ്മ(11), വിരാട് കോഹ്ലി(രണ്ട്) എന്നിവർ നിരാശപ്പെടുത്തി. ഓസീസിന് വേണ്ടി നഥാൻ എല്ലിസ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ജോഷ് ഹാസിൽവുഡ് രണ്ട് വിക്കറ്റ് നേടി.
ഏഷ്യാകപ്പിൽ മോശം ഫോമിലായിരുന്ന റിഷഭ് പന്തും, പരിക്ക് മാറിയെത്തിയ ജസ്പ്രിത് ബുംറയും ഇന്ന് പ്ലേയിങ് ഇലവനിൽ ഇടംനേടിയില്ല. ജസ്പ്രിത് ബുംറ രണ്ടാമത്തെയും മൂന്നാമത്തെയും മത്സരങ്ങളിൽ കളിക്കുമെന്ന് നായകൻ രോഹിത് ശർമ്മ പറഞ്ഞു. അടുത്ത മാസം ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായുള്ള അവസാനവട്ട തയ്യാറെടുപ്പാണ് ഇരു ടീമുകൾക്കും ഈ പരമ്പര.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: India vs australia