India vs Australia 2nd Test: രണ്ടാം ഇന്നിങ്‌സിലും ഇന്ത്യക്ക് ബാറ്റിങ് തകർച്ച; 5 വിക്കറ്റ് നഷ്ടം; ഓസ്ട്രേലിയ വിജയത്തിലേക്ക്
- Published by:Rajesh V
- news18-malayalam
Last Updated:
ഓസ്‌ട്രേലിയയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറിനൊപ്പമെത്താന്‍ ഇന്ത്യക്ക് ഇനിയും 29 റണ്‍സ് വേണം. മൂന്നു ദിവസം ശേഷിക്കെ ഓസീസ് ഡ്രൈവിങ് സീറ്റിലാണ്
അഡ്ലെയ്ഡ്: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയ വിജയത്തിലേക്ക്. രണ്ടാം ഇന്നിങ്‌സിലും ഇന്ത്യൻ ബാറ്റിങ് നിര തകർന്നു. രണ്ടാം ദിവസത്തെ മത്സരം അവസാനിക്കുമ്പോള്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സെന്ന നിലയിലാണ്. ഓസ്‌ട്രേലിയയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറിനൊപ്പമെത്താന്‍ ഇന്ത്യക്ക് ഇനിയും 29 റണ്‍സ് വേണം. മൂന്നു ദിവസം ശേഷിക്കെ ഓസീസ് ഡ്രൈവിങ് സീറ്റിലാണ്. നിലവില്‍ രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ 15 റണ്‍സോടെ നിതീഷ് കുമാര്‍ റെഡ്ഡിയും 28 റണ്‍സുമായി ഋഷഭ് പന്തുമാണ് ക്രീസില്‍.
നേരത്തെ ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് 180 റണ്‍സിന് അവസാനിച്ചിരുന്നു. മറുപടി ബാറ്റിങ്ങില്‍ 337 റൺസ് നേടിയ ഓസ്ട്രേലിയ 157 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡും സ്വന്തമാക്കി. ഏകദിനശൈലിയിൽ ബാറ്റ് വീശിയ ട്രാവിസ് ഹെഡിന്റെ 140 റണ്‍സാണ് ഓസീസ് ഇന്നിങ്‌സിന് കരുത്തായത്.
രണ്ടാം ഇന്നിങ്സിലും ഓപ്പണര്‍മാരായ കെ എല്‍ രാഹുലും യശസ്വി ജയ്‌സ്വാളും നിരാശപ്പെടുത്തി. ഏഴ് റണ്‍സായിരുന്നു രാഹുലിന്റെ സമ്പാദ്യം. 24 റണ്‍സോടെ യശസ്വിയും പുറത്തായി. വിരാട് കോഹ്ലിക്കും അധികനേരം പിടിച്ചുനിൽക്കാനായില്ല. 21 പന്തില്‍ 11 റണ്‍സിന് കോഹ്ലി പുറത്തായി. ശുഭ്മാന്‍ ഗില്‍ 28 റണ്‍സിനും രോഹിത് ശര്‍മ 6 റണ്‍സിനും മടങ്ങി. രണ്ട് പേരും ബൗള്‍ഡാകുകയായിരുന്നു. പാറ്റ് കമ്മിന്‍സും സ്‌കോട്ട് ബോളണ്ടും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മിച്ചല്‍ സ്റ്റാര്‍ക്ക് ഒരു വിക്കറ്റ് നേടി.
advertisement
രണ്ടാംദിനം ഒരുവിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സ് എന്നനിലയില്‍ ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയ 337 റണ്‍സിന് ഓള്‍ഔട്ടായി. 141 പന്തുകളില്‍നിന്ന് 140 റണ്‍സ് നേടിയ ട്രാവിസ് ഹെഡ്ഡിന്റെ മികവിലാണ് ഓസ്ട്രേലിയ 337 റണ്‍സിലേക്കെത്തിയത്. ട്രാവിസ് ഹെഡ്ഡിന് പുറമേ മാര്‍നസ് ലബുഷെയ്ന്‍(64) നഥാന്‍ മക്സീനി(39) എന്നിവരും ഓസ്ട്രേലിയന്‍ ബാറ്റിങ് നിരയില്‍ തിളങ്ങി.
ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും 4 വിക്കറ്റ് വീതം വീഴ്ത്തി. നിതീഷ് കുമാര്‍ റെഡ്ഡി, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
December 07, 2024 6:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
India vs Australia 2nd Test: രണ്ടാം ഇന്നിങ്‌സിലും ഇന്ത്യക്ക് ബാറ്റിങ് തകർച്ച; 5 വിക്കറ്റ് നഷ്ടം; ഓസ്ട്രേലിയ വിജയത്തിലേക്ക്