• HOME
  • »
  • NEWS
  • »
  • sports
  • »
  • India Vs England 2nd Test| ചെന്നൈയിൽ താരമായി അശ്വിൻ; അക്സര്‍ പട്ടേലിന് 5 വിക്കറ്റ്; ഇംഗ്ലണ്ടിനെ 317 റണ്‍സിന് തകര്‍ത്ത് ഇന്ത്യ

India Vs England 2nd Test| ചെന്നൈയിൽ താരമായി അശ്വിൻ; അക്സര്‍ പട്ടേലിന് 5 വിക്കറ്റ്; ഇംഗ്ലണ്ടിനെ 317 റണ്‍സിന് തകര്‍ത്ത് ഇന്ത്യ

21 ഓവറിൽ 60 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് പിഴുത അക്സർ പട്ടേലിന്റെ നേതൃത്വത്തിലാണ് രണ്ടാം ഇന്നിങ്സിൽ ഇന്ത്യ ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത്.

News18 Malayalam

News18 Malayalam

  • Share this:
    ചെന്നൈ: രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 317 റണ്‍സിന് തകര്‍ത്ത് ഇന്ത്യ പരമ്പരയില്‍ ഒപ്പമെത്തി. സ്‌കോര്‍: ഇന്ത്യ - 329/10, 286/10, ഇംഗ്ലണ്ട് - 134/10, 164/10. ഇന്ത്യ ഉയര്‍ത്തിയ 482 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 164 റണ്‍സിന് പുറത്തായി. രണ്ടാം ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റ് വീഴ്ത്തിയ അക്സര്‍ പട്ടേലാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. അശ്വിന്‍ മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കുല്‍ദീപ് രണ്ടു വിക്കറ്റെടുത്തു.

    21 ഓവറിൽ 60 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് പിഴുത അക്സർ പട്ടേലിന്റെ നേതൃത്വത്തിലാണ് രണ്ടാം ഇന്നിങ്സിൽ ഇന്ത്യ ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത്. രണ്ട് ഇന്നിങ്സിലുമായി പട്ടേൽ ഏഴു വിക്കറ്റെടുത്തു. ഒന്നാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റെടുത്ത അശ്വിൻ, ഇത്തവണ 18 ഓവറിൽ 53 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. കുൽദീപ് യാദവ് 6.2 ഓവറിൽ 25 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. അവസാന നിമിഷങ്ങളിൽ ആളിക്കത്തിയ മോയിൻ അലി 18 പന്തിൽ മൂന്നു ഫോറും അഞ്ച് സിക്സും സഹിതം 43 റൺസെടുത്ത് ഇംഗ്ലണ്ടിന്റെ ടോപ് സ്കോററായി. 92 പന്തുകൾ നേരിട്ട ക്യാപ്റ്റൻ ജോ റൂട്ട്, മൂന്നു ഫോറുകൾ സഹിതം 33 റൺസെടുത്തു.

    Also Read- ഇന്ത്യാ-ദക്ഷിണാഫ്രിക്ക വനിത ക്രിക്കറ്റ് ഗ്രീൻഫീൽഡിൽ നടക്കില്ല

    മൂന്നു വിക്കറ്റ് നഷ്ടത്തിൽ 53 റൺസ് എന്ന നിലയിൽ നാലാം ദിനമായ ഇന്ന് ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിന്, ആദ്യ സെഷനിൽ നാലു വിക്കറ്റുകൾ കൂടി നഷ്ടമായി. ഉച്ചഭക്ഷണത്തിനു തൊട്ടുപിന്നാലെ ശേഷിച്ച വിക്കറ്റുകളും വീണു. ആദ്യ രണ്ടു വിക്കറ്റും അശ്വിൻ സ്വന്തമാക്കി. പോപ്പിനെ അക്സർ പട്ടേലും ഫോക്സിനെ കുൽദീപ് യാദവും പുറത്താക്കി. ഓപ്പണർമാരായ റോറി ബേൺസ് (42 പന്തിൽ 25), ഡൊമിനിക് സിബ്‍ലി (25 പന്തിൽ മൂന്ന്), നൈറ്റ് വാച്ച്മാൻ ജാക്ക് ലീച്ച് (0) എന്നിവർ മൂന്നാം ദിനം തന്നെ പുറത്തായിരുന്നു.

    അശ്വിനെ കയറിക്കളിക്കാനുള്ള ശ്രമത്തിൽ ലോറൻസിനെ ഋഷഭ് പന്ത് തന്ത്രപരമായി സ്റ്റംപ് ചെയ്ത് പുറത്താക്കി. 53 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 26 റൺസെടുത്താണ് ലോറൻസ് മടങ്ങിയത്. ക്യാപ്റ്റൻ ജോ റൂട്ടിനൊപ്പം നിലയുറപ്പിച്ച് കളിക്കാൻ ശ്രമിച്ച ബെൻ സ്റ്റോക്സിനെയും അശ്വിൻ തന്നെ വീഴ്ത്തി. അശ്വിന്റെ പന്ത് ടേൺ ചെയ്യുമെന്ന പ്രതീക്ഷയിൽ മുന്നോട്ടാഞ്ഞ് പ്രതിരോധിക്കാൻ ശ്രമിച്ച സ്റ്റോക്സിന് പിഴച്ചു. ബാറ്റിലും പാഡിലും തട്ടിയ പന്ത് സ്ലിപ്പിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ കൈകളിലൊതുങ്ങി.

    Also Read- ലൈവ് ചാറ്റിനിടെ ജാതിയധിക്ഷേപം; ക്രിക്കറ്റർ യുവരാജ് സിങിനെതിരെ കേസ്

    ഒലി പോപ്പിനെ, അക്സർ പട്ടേലാണ് വീഴ്ത്തിയത്. 20 പന്തിൽ ഒരു ഫോർ സഹിതം 12 റൺസെടുത്ത പോപ്പിനെ അക്സറിന്റെ പന്തിൽ ഇഷാന്ത് ശർമ ക്യാച്ചെടുത്ത് പുറത്താക്കി. ഇതോടെ ആറു വിക്കറ്റിന് 110 റൺസ് എന്ന നിലയിലായി ഇംഗ്ലണ്ട്. ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് തൊട്ടുമുൻപ് ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന്റെ ടോപ് സ്കോററായിരുന്ന ബെൻ ഫോക്സിനെ കുൽദീപ് യാദവ് വീഴ്ത്തി. ഉച്ചഭക്ഷണത്തിനു തൊട്ടുപിന്നാലെ ഇംഗ്ലണ്ട് നായകൻ ജോ റൂട്ടിന്റെ പ്രതിരോധം അക്സർ പട്ടേൽ തകർത്തതോടെ ഇന്ത്യൻ വിജയത്തിന് അരങ്ങൊരുങ്ങി. 92 പന്തിൽ മൂന്നു ഫോറുകൾ സഹിതം 33 റൺസെടുത്ത റൂട്ടിനെ അക്സർ പട്ടേൽ അജിങ്ക്യ രഹാനെയുടെ കൈകളിലെത്തിച്ചു. തൊട്ടു പിന്നാലെ ഒലി സ്റ്റോണിനെയും (0) പുറത്താക്കി അക്സർ പട്ടേൽ അഞ്ച് വിക്കറ്റ് നേട്ടം പൂർത്തിയാക്കി. അഞ്ച് പന്ത് മാത്രം നേരിട്ട സ്റ്റോൺ പട്ടേലിന്റെ പന്തിൽ എൽബിയിൽ കുരുങ്ങി. ഒടുവിൽ ട്വന്റി20 ശൈലിയിൽ തകർത്തടിച്ച മോയിൻ അലിയെ (18 പന്തിൽ മൂന്നു ഫോറും അഞ്ച് സിക്സും സഹിതം 43) പുറത്താക്കി കുൽദീപ് യാദവാണ് ഇംഗ്ലിഷ് ഇന്നിങ്സിന് വിരാമമിട്ടത്.

    അഞ്ചാം ടെസ്റ്റ് സെഞ്ചുറിയുമായി ആർ അശ്വിനും അർധ സെഞ്ചുറിയുമായി ക്യാപ്റ്റൻ വിരാട് കോഹ്ലിയും നിറ‍ഞ്ഞുനിന്ന  മൂന്നാം ദിനം കഴിഞ്ഞപ്പോഴേക്കും ഇന്ത്യ വിജയത്തിനരികെ എത്തിയിരുന്നു. 482 റൺസ് എന്ന ദുഷ്ക്കരമായ വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ ഇംഗ്ലണ്ടിന് മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ രണ്ടാം ഇന്നിങ്സിൽ 53 റൺസിനിടെ 3 വിക്കറ്റുകൾ നഷ്ടമായതോടെ ഇന്ത്യ വിജയം ഏറെക്കുറെ ഉറപ്പിച്ചിരുന്നു.
    Published by:Rajesh V
    First published: