ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരമായ മാഞ്ചസ്റ്റർ ടെസ്റ്റ് പരമ്പരയുടെ ഭാഗമായി തന്നെ നടത്തണമെന്നും പ്രത്യേക മത്സരമായി നടത്താനാകില്ലെന്നും ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. ഇന്ത്യൻ ക്യാമ്പിലെ കോവിഡ് പ്രതിസന്ധി മൂലം അവസാന നിമിഷം മത്സരം ഉപേക്ഷിക്കുകയായിരുന്നു. ഇത് വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കുമാണ് വഴിവെച്ചത്. മത്സരത്തിൽ ഐസിസിയുടെ ഇടപെടൽ വരെയുണ്ടാകും എന്ന നിലയിലാണ് നിലവിൽ കാര്യങ്ങളുടെ കിടപ്പ്. ഇതിനിടയിലാണ് ഗാംഗുലി ബിസിസിഐയുടെ പ്രതികരണം അറിയിച്ചത്.
ഈ മത്സരം പരമ്പരയുടെ ഭാഗമായി തന്നെ നടത്തിയാല്‍ 2007 ശേഷം ഇംഗ്ലണ്ടിലെ ഇന്ത്യയുടെ ആദ്യ പരമ്പര വിജയമായി ഇത് മാറുമെന്നും വാർത്താ ഏജൻസിയായ പിടിഐക്ക് അനുവദിച്ച അഭിമുഖത്തില്‍ ഗാംഗുലി പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റ് സുപ്രധാന മത്സരമായാണ് ബിസിസിഐ കാണുന്നതെന്നും അതിനാല്‍ ഒരു കാര്യത്തിന് വേണ്ടിയും അവ ബലികഴിക്കില്ലെന്നും മുന്‍ ഇന്ത്യന്‍ നായകന്‍ പറഞ്ഞു. ഐപിഎല്ലിന് വേണ്ടിയാണ് മാഞ്ചസ്റ്റർ ടെസ്റ്റ് ഉപേക്ഷിച്ചത് എന്ന വാദത്തിന് മറുപടി നൽകുന്നതായി ഗാംഗുലിയുടെ ഈ പ്രതികരണം.
നേരത്തെ കോവിഡ് ഭീതി കാരണം ഇന്ത്യന്‍ താരങ്ങള്‍ പിന്‍മാറിയതാണ് മത്സരം റദ്ദാക്കാന്‍ കാരണമെന്ന് ഗാംഗുലി പറഞ്ഞു. 'താരങ്ങള്‍ കളിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. എന്നാല്‍ അവരെ അതിന് കുറ്റപ്പെടുത്താന്‍ കഴിയില്ല. അസിസ്റ്റന്റ് ഫിസിയോ യോഗേഷ് പര്‍മാറിന് താരങ്ങളുമായി അടുത്ത സമ്പര്‍ക്കമുണ്ടായിരുന്നു. കോവിഡ് ടെസ്റ്റ് നടത്തുന്ന സാഹചര്യത്തിലും അദ്ദേഹം താരങ്ങളുമായി അടുത്ത് ഇടപഴകിയിരുന്നു. അദേഹമാണ് താരങ്ങള്‍ക്ക് മസാജ് ചെയ്യാറുള്ളത്. താരങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ് പര്‍മാര്‍. യോഗേഷ് പര്‍മാറിന് കോവിഡ് സ്ഥിരീകരിച്ചത് താരങ്ങളെ തകര്‍ത്തു. രോഗം പകര്‍ന്നിരിക്കാം എന്ന് താരങ്ങള്‍ ഭയപ്പെട്ടു' എന്നും ഗാംഗുലി പറഞ്ഞിരുന്നു.
എന്നാല്‍ മത്സരം ഒഴിവാക്കിയതിനെതിരെ ദി ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് (ഇസിബി) ഐസിസിയുടെ പരാതി പരിഹാര കമ്മിറ്റിയെ സമീപിച്ചിരുന്നു. മത്സരം ഉപേക്ഷിച്ചതോടെ ഇംഗ്ലണ്ടിന് വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ഇതിന്റെ കാര്യത്തിൽ തീരുമാനമാക്കുന്നതിന് വേണ്ടിയാണ് ഇസിബി ഐസിസിയെ സമീപിച്ചത്. ടെസ്റ്റിൽ ഇന്ത്യയെ തോറ്റതായി പ്രഖ്യാപിച്ചാൽ അവർക്ക് നഷ്ടമായ തുക ഇൻഷുറൻസ് പരിരക്ഷയുടെ ഭാഗമായി ലഭിക്കും. ഇതിൽ ഐസിസിയുടെ ഭാഗത്ത് നിന്നും ഇതുവരെ പ്രതികരണം വന്നിട്ടില്ല.
മത്സരം പിന്നീട് എപ്പോഴെങ്കിലും നടത്താനുള്ള ചർച്ചകൾക്കാണ് ബിസിസിഐ ഇപ്പോൾ മുൻകൈയെടുക്കുന്നത്. ടെസ്റ്റിന് പകരമായി അടുത്ത വർഷം ജൂലൈയിലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ രണ്ട് ടി20 കളിക്കാമെന്ന് സമ്മതിച്ചിട്ടുണ്ടേയെന്ന ചോദ്യത്തിന് അധിക ഏകദിനമോ ടി20യോ കളിക്കാന്‍ ഇന്ത്യ ഒരുക്കമാണെന്നും പ്രശ്‌നം അതല്ലെന്നും ഗാംഗുലി പറഞ്ഞു.
മത്സരം തുടര്‍ന്ന് നടത്തുകയാണെങ്കില്‍ പരമ്പരയിലെ അവസാന ടെസ്റ്റായി നടത്തണം. അല്ലെങ്കില്‍ കോവിഡ് മൂലം മത്സരം മുടങ്ങിയതായി ഐസിസി പ്രഖ്യാപിക്കണം, അങ്ങനെയെങ്കിൽ ഇന്ത്യ 2-1 വിജയിച്ചതായി പരിഗണിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് മൂലം കഴിഞ്ഞ 18 മാസത്തിനിടെ നിരവധി പരമ്പരകൾ മുടങ്ങിയിട്ടുണ്ടെന്നും കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ നടക്കേണ്ടിയിരുന്ന പരമ്പര ഇന്ത്യക്ക് നഷ്ടമായെന്നും ഗാംഗുലി ചൂണ്ടിക്കാണിച്ചു. ഭാവിയില്‍ കോവിഡ് കേസുകളുണ്ടയാലും മത്സരം തുടരാനാകുമെന്ന ആരോഗ്യ നിര്‍ദേശങ്ങള്‍ ഉണ്ടാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
മത്സരം മുടങ്ങുന്നത് ടിവി, ഒടിടി താല്‍പര്യങ്ങള്‍ക്ക് ഏത്രത്തോളം ആഘാതമാണ് ഉണ്ടാക്കുന്നതെന്ന് നാം മനസ്സിലാക്കുന്നുവെന്നും മികച്ച മത്സരമായാല്‍ അതിന്റെ തീവ്രത കൂടുമെന്നും അദ്ദേഹം പറഞ്ഞു. മത്സരം മുടങ്ങിയതില്‍ ബിസിസിഐക്ക് നിരാശയുണ്ടെന്നും എന്നാല്‍ ഒരു പരിധിക്കപ്പുറം കളിക്കാരെ നിര്‍ബന്ധിക്കാന്‍ ആവില്ലെന്നും അദ്ദേഹം പറഞ്ഞു.
സീനിയര്‍ താരങ്ങള്‍ക്ക് പകരം മറ്റുള്ളവരെ ഇറക്കാമായിരുന്നില്ലേയെന്ന ചോദ്യത്തിന് അതിന് കഴിയില്ലെന്നും മത്സരത്തിന് തൊട്ടുമുൻപ് കോവിഡ് സ്ഥിരീകരിച്ച ജൂനിയര്‍ ഫിസിയോ യോഗേഷ് പാര്‍മറിന് എല്ലാ താരങ്ങളുമായും സമ്പർക്കമുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. താരങ്ങളുടെ കുടുംബം അവരുടെ ഒപ്പം തന്നെ യാത്ര ചെയ്യുന്നവരാണെന്നും ടീമിന്റെ ആശങ്ക വ്യക്തമാക്കി അദ്ദേഹം പറഞ്ഞു.
അതേസമയം, താരങ്ങള്‍ക്ക് സഞ്ചരിക്കാന്‍ എല്ലാ സൗകര്യവും ഒരുക്കിയിരുന്നുവെന്നും പക്ഷേ എന്തോ സംഭവിക്കുമെന്ന ഭയം കളി മുടക്കിയെന്നുമാണ് ഇസിബി സിഇഒ ടോം ഹാരിസണ്‍ പറഞ്ഞത്.
പ്രശ്‌നം സൗഹാര്‍ദ്ദപൂര്‍വം പറഞ്ഞവസാനിപ്പിക്കുമോയെന്ന ചോദ്യത്തിന് സെപ്റ്റംബർ 23 ന് ലണ്ടനില്‍ പോകുന്നുണ്ടെന്നും ഹാരിസണുമായും ഇസിബി തലവന്‍ ഇയാന്‍ വാട്‌മോറുമായും സംസാരിക്കുമെന്നും ഗാംഗുലി വ്യക്തമാക്കി. പരസ്പരം ചർച്ച ചെയ്തതിന് ശേഷമാണ് ടെസ്റ്റ് മാറ്റിവെച്ചത്. ഇതിനെ സംബന്ധിക്കുന്ന കാര്യങ്ങളിൽ ഇംഗ്ലണ്ടിലെത്തി ബാക്കി കാര്യങ്ങള്‍ വ്യക്തമാകുമെന്നും ഗാംഗുലി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.