'ടീം ഇന്ത്യയാണ്, തിരിച്ചടിക്കുമെന്നറിയാം, ഞങ്ങളും കരുതി തന്നെയാണ് ഇരിക്കുന്നത്': ഇംഗ്ലണ്ട് പരിശീലകന്‍
- Published by:Sarath Mohanan
- news18-malayalam
Last Updated:
'കളിക്കളത്തിലെ അക്രമണോത്സുകതയുടെ കാര്യത്തില്‍ ഇപ്പോഴത്തെ ഇന്ത്യന്‍ ടീം മുന്‍ ഓസ്‌ട്രേലിയന്‍ ടീമിനെപ്പോലെ കുറച്ച് കടുപ്പമാണ്.'
ലോഡ്സിലെ ഐതിഹാസിക വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ മൂന്നാം ടെസ്റ്റ് മത്സരത്തിനിറങ്ങിയ ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടിയാണ് ലീഡ്‌സില്‍ നേരിട്ടത്. മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ഇന്ത്യയെ ഇന്നിങ്‌സിനും 76 റണ്‍സിനുമാണ് തോല്‍പ്പിച്ചത്. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഇന്ത്യയും ഇംഗ്ലണ്ടും ഓരോ കളികള്‍ വീതം ജയിച്ച് സമനില പാലിക്കുകയാണ്. ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചിരുന്നു.
ഇപ്പോഴിതാ ലീഡ്സിലേറ്റ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടീം ഓവലില്‍ ശക്തമായി തിരിച്ചടിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് വെളിപ്പെടുത്തുകയാണ് ഇംഗ്ലണ്ട് സഹപരിശീലകന്‍ പോള്‍ കോളിംഗ്‌വുഡ്. അത് നേരിടാന്‍ 100 ശതമാനം തയ്യാറായാണ് ഇംഗ്ലണ്ട് ഇറങ്ങുന്നതെന്നും കോളിംഗ്‌വുഡ് വ്യക്തമാക്കി.
'ഇന്ത്യയെ പോലെ ഉന്നതനിലവാരമുള്ളൊരു ടീമില്‍ നിന്നും തിരിച്ചടി ഉണ്ടാകുമെന്ന് ഞങ്ങള്‍ക്കറിയാം. കളിക്കളത്തിലെ അക്രമണോത്സുകതയുടെ കാര്യത്തില്‍ ഇപ്പോഴത്തെ ഇന്ത്യന്‍ ടീം മുന്‍ ഓസ്‌ട്രേലിയന്‍ ടീമിനെപ്പോലെ കുറച്ച് കടുപ്പമാണ്. പരമ്പരയില്‍ ഇന്ത്യയും ഇംഗ്ലണ്ടും ഒരു ഇഞ്ചുപോലും വിട്ടുകൊടുക്കാതെയാണ് പോരാടുന്നത്. ലീഡ്സില്‍ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യന്‍ ബാറ്റിങ് തകര്‍ന്നതില്‍ കുറ്റപ്പെടുത്തേണ്ട കാര്യമില്ല. ഇംഗ്ലണ്ട് സാഹചര്യങ്ങളില്‍ മികച്ച ലൈനിലും ലെംഗ്ത്തിലും പന്തെറിഞ്ഞ ഇംഗ്ലീഷ് ബൗളര്‍മാര്‍ മത്സരം ഇന്ത്യക്ക് കാര്യങ്ങള്‍ കടുപ്പമാക്കുകയായിരുന്നു.'- കോളിംഗ്‌വുഡ് പറഞ്ഞു.
advertisement
അതേസമയം നാളെ ആരംഭിക്കുന്ന നാലാം ടെസ്റ്റില്‍ ആര്‍ അശ്വിനെ നേരിടാന്‍ ഇംഗ്ലണ്ട് തയാറായിക്കഴിഞ്ഞുവെന്ന് നായകന്‍ ജോ റൂട്ട് പറഞ്ഞു. ഇന്ത്യ തങ്ങളുടെ ടീം കോമ്പിനേഷനില്‍ എന്തുമാറ്റം വരുത്തിയാലും അതിനെ നേരിടാന്‍ തയ്യാറാണെന്ന് റൂട്ട് പറഞ്ഞു. ഓവലില്‍ അശ്വിനെ ഇന്ത്യ കളിപ്പിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് റൂട്ട് ഇങ്ങനെ പറഞ്ഞത്.
ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിനുള്ള 15 അംഗ ടീമിനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കുമൂലം മൂന്നാം ടെസ്റ്റില്‍ കളിക്കാതിരുന്ന മാര്‍ക്ക് വുഡ് തിരിച്ചെത്തിയപ്പോള്‍ ആദ്യ മൂന്ന് ടെസ്റ്റിലും കളിക്കാതിരുന്ന പേസര്‍ ക്രിസ് വോക്സും 15 അംഗ ടീമിലെത്തി. ജോസ് ബട്‌ലര്‍ നാലാം ടെസ്റ്റില്‍ കളിക്കാത്ത സാഹചര്യത്തില്‍ ഓള്‍ റൗണ്ടര്‍ മൊയീന്‍ അലിയെ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ വൈസ് ക്യാപ്റ്റനായും തെരഞ്ഞെടുത്തിട്ടുണ്ട്. ജോസ് ബട്‌ലറുടെ അഭാവത്തില്‍ ജോണി ബെയര്‍സ്റ്റോ ആവും നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പറാകുക. ഭാര്യയുടെ പ്രസവുമായി ബന്ധപ്പെട്ടാണ് ജോസ് ബട്‌ലര്‍ നാലാം ടെസ്റ്റില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്.
advertisement
ഓവല്‍ ടെസ്റ്റിനുള്ള ഇംഗ്ലണ്ടിന്റെ 15 അംഗ ടീം:
ജോ റൂട്ട് (captain), മോയീന്‍ അലി (vice-captain), ജെയിംസ് ആന്‍ഡേഴ്സണ്‍, ജോണി ബെയര്‍സ്റ്റോ, സാം ബില്ലിങ്ങ്സ്, റോറി ബേണ്‍സ്, സാം കറന്‍, ഹസീബ് ഹമീദ്, ഡാന്‍ ലോറന്‍സ്, ഡേവിഡ് മലന്‍, ക്രെഗ് ഓവര്‍ട്ടന്‍, ഒലി പോപ്പ്, ഒലി റോബിന്‍സണ്‍, ക്രിസ് വോക്സ്, മാര്‍ക്ക് വുഡ്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 01, 2021 8:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ടീം ഇന്ത്യയാണ്, തിരിച്ചടിക്കുമെന്നറിയാം, ഞങ്ങളും കരുതി തന്നെയാണ് ഇരിക്കുന്നത്': ഇംഗ്ലണ്ട് പരിശീലകന്‍