നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • SA vs IND |രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച; ഒന്നാം ഇന്നിങ്‌സില്‍ 202ന് ഓള്‍ ഔട്ട്

  SA vs IND |രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച; ഒന്നാം ഇന്നിങ്‌സില്‍ 202ന് ഓള്‍ ഔട്ട്

  അര്‍ധസെഞ്ചുറി നേടിയ ക്യാപ്റ്റന്‍ കെ എല്‍ രാഹുലും 46 റണ്‍സെടുത്ത ആര്‍ ആശ്വിനും മാത്രമാണ് ഇന്ത്യക്കായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.

  • Share this:
   ദക്ഷിണാഫ്രിക്കക്കെതിരെ(South Africa) നടക്കുന്ന രണ്ടാം ടെസ്റ്റില്‍ ടീം ഇന്ത്യക്ക്(India) ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ആദ്യം ബാറ്റ് ചെയത ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 202 റണ്‍സിന് ഓള്‍ ഔട്ടായി. ദക്ഷിണാഫ്രിക്കക്കായി മാര്‍ക്കോ ജാന്‍സണ്‍ നാലും ഡുനേന്‍ ഒലിവറും കാഗിസോ റബാഡയും മൂന്ന് വിക്കറ്റ് വീതവും വീഴ്ത്തി.

   അര്‍ധസെഞ്ചുറി നേടിയ ക്യാപ്റ്റന്‍ കെ എല്‍ രാഹുലും 46 റണ്‍സെടുത്ത ആര്‍ ആശ്വിനും മാത്രമാണ് ഇന്ത്യക്കായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. പരിക്കേറ്റ നായകന്‍ വിരാട് കോഹ്ലിയില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്.


   വിരാട് കോഹ്ലിയുടെ അഭാവത്തില്‍ നായകനായി ആദ്യ ടെസ്റ്റിനിറങ്ങിയ കെ എല്‍ രാഹുലും മായങ്ക് അഗര്‍വാളും ചേര്‍ന്ന് ഇന്ത്യക്ക് മോശമല്ലാത്ത തുടക്കമാണ് നല്‍കിയത്. പേസും ബൗണ്‍സുമുള്ള പിച്ചില്‍ ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 36 റണ്‍സടിച്ചു. രാഹുല്‍ പ്രതിരോധിച്ചു നിന്നപ്പോള്‍ കൂടുതല്‍ ആക്രമിച്ചു കളിച്ചത് മായങ്ക് ആയിരുന്നു. എന്നാല്‍ 26 റണ്‍സെടുത്ത മായങ്കിനെ മാര്‍ക്കോ ജാന്‍സണ്‍ വിക്കറ്റ് കീപ്പര്‍ വെറേനെയുടെ കൈളിലെത്തിച്ചതിന് പിന്നാലെ ഇന്ത്യയുടെ തകര്‍ച്ചയും തുടങ്ങി.

   മായങ്കിന് പകരമെത്തിയ ചേതേശ്വര്‍ പൂജാര 33 പന്തുകള്‍ തടുത്തിട്ടെങ്കിലും മൂന്ന് റണ്‍സുമായി മടങ്ങി. പകരമെത്തിയ അജിന്‍ക്യ രഹാനെ തൊട്ടടുത്ത പന്തില്‍ സ്ലിപ്പില്‍ ബാവുമക്ക് ക്യാച്ച് നല്‍കി മടങ്ങി.

   പിന്നീട് കെ എല്‍ രാഹുലും കോഹ്ലിയുടെ പകരക്കാരനായി എത്തിയ ഹനുമാ വിഹാരിയും അവസരോചിതമായി ബാറ്റ് വീശിയെങ്കിലും സ്‌കോര്‍ 91ല്‍ നില്‍ക്കെ വിഹാരിയെ വീഴ്ത്തി കാഗിസോ റബാഡ ഇന്ത്യക്ക് അടുത്ത പ്രഹരമേല്‍പ്പിച്ചു. നേരത്തെ വിഹാരി നല്‍കിയ ക്യാച്ച് ബാവുമ നിലത്തിട്ടിരുന്നു. എന്നാല്‍ ഇത്തവണ വിഹാരിയെ വാന്‍ഡര്‍ ഡസ്സന്‍ മനോഹരമായ ക്യാച്ചിലൂടെ പുറത്താക്കി. സ്‌കോര്‍ 116ല്‍ നില്‍ക്കെ 50 റണ്‍സെടുത്ത് നായകന്‍ കെ എല്‍ രാഹുലും മടങ്ങി.

   പിന്നീട് ക്രീസിലൊന്നിച്ച അശ്വിന്‍- പന്ത് സഖ്യം പ്രതീക്ഷ നല്‍കിയെങ്കിലും അതിന് അധികം ആയുസുണ്ടായിരുന്നില്ല. 17 റണ്‍സെടുത്ത പന്ത് മാര്‍ക്കോ ജാന്‍സന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങി. വാലറ്റത്തെ കൂട്ടുപിടിച്ച് അശ്വിന്‍ സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും താരത്തെ മാര്‍ക്കോ ജാന്‍സണ്‍ വീഴ്ത്തി. അവസാനം ജസ്പ്രീത് ബുമ്ര(11 പന്തില്‍ 14*) നടത്തിയ മിന്നലടികളാണ് ഇന്ത്യയെ 200 കടത്തിയത്.

   വാണ്ടറേഴ്‌സില്‍ വിജയിച്ചാല്‍ ടീം ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയില്‍ ചരിത്രത്തിലാദ്യമായി ടെസ്റ്റ് പരമ്പര കൈവശമാകും. 1992/93 സീസണ്‍ മുതലിങ്ങോട്ട് ടീം ഇന്ത്യ ഏഴ് ദക്ഷിണാഫ്രിക്കന്‍ പര്യടനം നടത്തിയപ്പോള്‍ ആറ് പരമ്പര ജയങ്ങള്‍ പ്രോട്ടീസിനൊപ്പം നിന്നു. 2010/11 സീസണില്‍ എം എസ് ധോണിക്ക് കീഴില്‍ ടെസ്റ്റ് പരമ്പര സമനിലയിലാക്കിയതാണ് ഇന്ത്യയുടെ ഇതുവരെയുള്ള മികച്ച പ്രകടനവും ഏക ആശ്വാസവും. മൂന്ന് വര്‍ഷം മുമ്പ് വിരാട് കോഹ്ലിയുടെ നേതൃത്വത്തില്‍ ടീം ഇന്ത്യ ദക്ഷിണാഫ്രിക്കയിലെത്തിയപ്പോള്‍ ടെസ്റ്റ് പരമ്പരയില്‍ 1-2ന്റെ തോല്‍വി നേരിട്ടിരുന്നു.
   Published by:Sarath Mohanan
   First published: