India VS South Africa 1st Test : കെ.എൽ രാഹുലിന്‍റെ ചെറുത്തുനിൽപ്പ്; റബാഡയ്ക്ക് അഞ്ച് വിക്കറ്റ്; ആദ്യദിനം ഇന്ത്യ എട്ടിന് 208
- Published by:Anuraj GR
- news18-malayalam
Last Updated:
44 റൺസ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത കാഗിസോ റബാഡയാണ് ഇന്ത്യൻ ബാറ്റിങ് നിരയെ തകർത്തത്
സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ബോക്‌സിങ് ഡേ ടെസ്റ്റിൽ ആദ്യദിനം ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച. മഴ കാരണം മത്സരം നേരത്തെ നിർത്തുമ്പോൾ ഇന്ത്യ എട്ടിന് 208 എന്ന നിലയിലാണ്. പുറത്താകാതെ 70 റൺസെടുത്ത കെ.എൽ രാഹുലിന്‍റെ മികച്ച ബാറ്റിങ്ങാണ് ഇന്ത്യൻ സ്കോർ 200 കടത്തിയത്. 44 റൺസ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത കാഗിസോ റബാഡയാണ് ഇന്ത്യൻ ബാറ്റിങ് നിരയെ തകർത്തത്. ഇന്ത്യയ്ക്കുവേണ്ടി വിരാട് കോഹ്ലി 38 റൺസും ശ്രേയസ് അയ്യർ 31 റൺസും നേടി.
നേരത്തെ പിച്ചിലെ ഈര്‍പ്പം കാരണം വൈകിയാണ് കളി തുടങ്ങിയത്. ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ടെംബ ബവുമ ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. പരിക്കേറ്റതിനാല്‍ രവീന്ദ്ര ജഡേജ ടീമിൽ ഇല്ല. ആര്‍ അശ്വിനാണ് ടീമിലെ സ്പിന്നര്‍.
അഞ്ച് റൺസെടുത്ത നായകൻ രോഹിത് ശർമ്മയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. കാഗിസോ റബാഡയാണ് രോഹിത് ശർമയെ പുറത്താക്കിയത്. 17 റൺസെടുത്ത യശ്വസ്വീ ജയ്സ്വാളിനെയും രണ്ട് റൺസെടുത്ത ശുഭ്മാൻ ഗില്ലിനെയും ബർഗർ പുറത്താക്കി. ഇതോടെ ഇന്ത്യയുടെ സ്കോർ മൂന്നിന് 24 എന്ന നിലയിലായി. തുടർന്ന് ക്രീസിൽ ഒത്തുചേർന്ന കോഹ്ലി-അയ്യർ സഖ്യം വൻതകർച്ചയിൽനിന്ന് ഇന്ത്യയെ കരകയറ്റി. എന്നാൽ ശ്രേയസ് അയ്യരുടെ സ്റ്റംപ് പിഴുത് കാഗിസോ റബാഡ വീണ്ടും ആതിഥേയർക്ക് ബ്രേക്ക് സമ്മാനിച്ചു. മൂന്നാം വിക്കറ്റിൽ 68 റൺസ് കൂട്ടിച്ചേർത്തു. അധികം വൈകാതെ കോഹ്ലിയെയും റബാഡ പുറത്താക്കി. ഇതോടെ ഇന്ത്യൻ അഞ്ചിന് 107 എന്ന നിലയിലായി.
advertisement
ശ്രേയസ് അയ്യർക്ക് പകരക്കാരനായി ക്രീസിലെത്തിയ കെ എൽ രാഹുലാണ് ഇന്ത്യയെ വലിയ തകർച്ചയിൽനിന്ന് രക്ഷിച്ചത്. ഏഴാം വിക്കറ്റിൽ ശർദുൽ താക്കൂറിനെ കൂട്ടിപിടിച്ച് രാഹുൽ ഇന്ത്യയുടെ സ്കോർ 150 കടത്തി. ഇരുവരും ചേർന്ന് ഏഴാം വിക്കറ്റിൽ 43 റൺസ് കൂട്ടിച്ചേർത്തു. ശർദുൽ താക്കൂർ 24 റൺസെടുത്തു. ആദ്യദിനം കളി നിർത്തുമ്പോൾ 70 റൺസെടുത്ത രാഹുലിനൊപ്പം റൺസൊന്നുമെടുക്കാതെ മൊഹമ്മദ് സിറാജാണ് ക്രീസിൽ. ആർ അശ്വിൻ എട്ട് റൺസും ജസ്പ്രിത് ബുംറ ഒരു റൺസുമെടുത്ത് പുറത്തായി. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി നന്ദ്രെ ബർഗർ രണ്ടു വിക്കറ്റും മാർക്കോ യാൻസെൻ ഒരു വിക്കറ്റും നേടി.
advertisement
ഇന്ത്യക്കായി പേസര്‍ പ്രസിദ്ധ് കൃഷ്ണ ടെസ്റ്റില്‍ അരങ്ങേറി. താരത്തിനു ടെസ്റ്റ് ക്യാപ് പേസര്‍ ജസ്പ്രിത് ബുമ്ര കൈമാറി. ദക്ഷിണാഫ്രിക്കക്കായി നാന്ദ്രെ ബര്‍ഗര്‍, ഡേവിഡ് ബെഡിങ്ഹാം എന്നിവര്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചു.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, ആര്‍ അശ്വിന്‍, ശാര്‍ദുല്‍ ഠാക്കൂര്‍, പ്രസിദ്ധ് കൃഷ്ണ, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്.
ദക്ഷിണാഫ്രിക്കൻ ടീം: ഡീൻ എൽഗർ, ഐഡൻ മാർക്രം, ടോണി ഡി സോർസി, ടെംബ ബാവുമ (ക്യാപ്റ്റൻ), കീഗൻ പീറ്റേഴ്‌സൺ, ഡേവിഡ് ബെഡിംഗ്ഹാം, കെയ്ൽ വെറെയ്‌നെ (വിക്കറ്റ് കീപ്പർ), മാർക്കോ ജാൻസെൻ, ജെറാൾഡ് കോറ്റ്‌സി, കാഗിസോ റബാഡ, കാഗിസോ റബാഡ, നാന്ദ്രെ ബർഗർ
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
December 26, 2023 8:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
India VS South Africa 1st Test : കെ.എൽ രാഹുലിന്‍റെ ചെറുത്തുനിൽപ്പ്; റബാഡയ്ക്ക് അഞ്ച് വിക്കറ്റ്; ആദ്യദിനം ഇന്ത്യ എട്ടിന് 208