ഐസിസി വനിതാ ട്വന്‍റി 20 ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം ജയവുമായി ഇന്ത്യ. വിന്‍ഡീസ് മുന്നോട്ടുവെച്ച 119 റണ്‍സ് വിജയലക്ഷ്യം 18.1 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടപ്പെടുത്തി ഇന്ത്യ സ്വന്തമാക്കി. 15 റണ്‍സിന് മൂന്ന് വിക്കറ്റുമായി ദീപ്‌തിയാണ് കളിയിലെ താരം.സ്‌കോര്‍: വെസ്റ്റ് ഇന്‍ഡീസ് 20 ഓവറില്‍ ആറിന് 118, ഇന്ത്യ18.1 ഓവറില്‍ നാലിന് 119.
പുറത്താവാതെ 44 റണ്‍സെടുത്ത റിച്ച ഘോഷാണ് ഇന്ത്യയുടെ വിജയശില്‍പ്പി. തകർച്ചയിലേക്ക് വഴുതിപ്പൊക്കോണ്ടിരുന്ന ടീമിനെ നായിക ഹര്‍മന്‍പ്രീത് കൗറും വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷും ചേര്‍ന്ന് രക്ഷിക്കുകയായിരുന്നു. ഇരുവരും നാലാം വിക്കറ്റില്‍ 72 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന് ടീമിന് തുടക്കം തന്നെ മന്ദാനയെ നഷ്ടമായി. പിന്നാലെ വന്ന കഴിഞ്ഞ മത്സരത്തിലെ താരം ജെമീമ റോഡ്രിഗസ് ഒരു റണ്‍ മാത്രമെടുത്ത് മടങ്ങി. സ്കോർ ഉയർത്താൻ ശ്രമിച്ച ഷഫാലിയും 23 റൺസെടുത്ത് പുറത്തായതോടെ ഇന്ത്യയ്ക്ക് തിരിച്ചടിയായി. ഷഫാലി പുറത്താകുമ്പോള്‍ മൂന്നിന് 43 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ.
എന്നാല്‍ അവിടെ നിന്ന് ഒത്തുചേര്‍ന്ന റിച്ച ഘോഷ്-ഹര്‍മന്‍പ്രീത് സഖ്യം ഇന്ത്യയെ രക്ഷിച്ചു. വിജയത്തിന് 4 റണ്‍സ് അകലെ ഹര്‍മന്‍ പുറത്തായത് ബാധിച്ചില്ല. ഹര്‍മന്‍ 42 പന്തില്‍ 33 നേടി. റിച്ച 32 പന്തില്‍ 44* ഉം ദേവിക വൈദ്യ 0* റണ്‍സുമായും പുറത്താവാതെ നിന്നു.
വിന്‍ഡീസിനായി സ്റ്റെഫനീ ടെയ്‌ലറും ഷിമൈന്‍ കാംപ്‌ബെല്ലും തിളങ്ങി. ഇരുവരുടേയും വിക്കറ്റ് ദീപ്‌തി ശര്‍മ്മയ്‌ക്കായിരുന്നു. ഇന്ത്യക്കായി രേണുക സിംഗ് ഠാക്കൂറും പൂജ വസ്‌ത്രക്കറും ഓരോ വിക്കറ്റ് നേടി. വിജയത്തോടെ ഇന്ത്യ സെമി ഫൈനല്‍ സാധ്യകള്‍ സജീവമാക്കി. ആദ്യ മത്സരത്തില്‍ ഇന്ത്യ പാകിസ്താനെ ഏഴുവിക്കറ്റിന് തകര്‍ത്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.