2025ലെ ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് ഇന്ത്യ വേദിയാകും
- Published by:Nandu Krishnan
- news18-malayalam
Last Updated:
ചാമ്പ്യൻഷിപ്പിൽ 100ൽ അധികം രാജ്യങ്ങളിലെ കായികതാരങ്ങൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ
2025ൽ നടക്കുന്ന ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് ആദ്യമായി ഇന്ത്യ വേദിയാകും. 2025 നവംബറിൽ ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് നടക്കുക. പാരാലിംപിക് കമ്മറ്റി ഓഫ് ഇന്ത്യയും ലോക പാരാലിംപിക് കമ്മിറ്റിയുടെ ഒരു ശാഖയായ വേൾഡ് പാര അത്ലറ്റിക്സും ഇതിനായി കരാറിൽ ഏർപ്പെട്ടതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ചാമ്പ്യൻഷിപ്പിൽ 100ൽ അധികം രാജ്യങ്ങളിലെ കായികതാരങ്ങൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.
ചാമ്പ്യൻഷിപ്പിനായി 40 മുതൽ 50 കോടി രൂപ വരെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ചാമ്പ്യൽഷിപ്പിന് ആതിഥേയത്വം വഹക്കുന്നതിന്റെ ഭാഗമായി അടുത്ത ആറുമാസം കൊണ്ട് ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിന്റെ നവീകരണ പ്രവർത്തനങ്ങളും നടക്കും. ഒരു പുതിയ സിന്തറ്റിക് ട്രാക്ക് പാരാ അത്ലറ്റിക്സ് സ്റ്റാൻഡേർഡ് അനുസരിച്ച് നിർമ്മിക്കുമെന്നും റിപ്പോർട്ടൽ പറയുന്നു.
ആയിരത്തിലധികം പാരാ കായിക താരങ്ങൾ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ ഇന്ത്യയിൽ എത്തുമെന്നും കഴിഞ്ഞവർഷം പാരാ ഷൂട്ടിംഗ് ലോകകപ്പ് ന്യൂഡൽഹിയിൽ വച്ചു നടത്തിയത് വൻ വിജയമായിരുന്നു എന്നും ഒരു പിസിഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
advertisement
ചാമ്പ്യൻഷിപ്പിന്റെ തയ്യാറെടുപ്പിനായി സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിന്റെ നവീകരണത്തിന് കരാർ നൽകിയതായി റിപ്പോർട്ടുകളുണ്ട്. ഇന്ത്യയുടെ സ്വന്തം പാര അത്ലറ്റിക്സ് ടീമും മത്സര രംഗത്ത് ഉണ്ടാവും. 2024ൽ ജപ്പാനിൽ നടന്ന പാര അത്ലറ്റിക്സ് ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ പട്ടികയിൽ ഇന്ത്യയ്ക്ക് ആറാം സ്ഥാനമായിരുന്നു. ആറ് സ്വർണവും അഞ്ച് വെള്ളിയും ആറ് വെങ്കലവും ഉൾപ്പെടെ മൊത്തം 17 മെഡലുകൾ ഇന്ത്യൻ ടീം നേടി.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
November 15, 2024 3:04 PM IST