India Women Cricket| 435 റൺസ്! ഏകദിനത്തിൽ പുരുഷ ടീമിന്റെ റെക്കോഡും തകർത്തു; 304 റൺസിന്റെ റെക്കോഡ് വിജയവുമായി വനിതാ ടീം
- Published by:Rajesh V
- news18-malayalam
Last Updated:
ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ പുരുഷ, വനിതാ ടീമുകളെ പരിഗണിച്ചാൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോറാണിത്. 2011ൽ വെസ്റ്റിൻഡീസിനെതിരെ പുരുഷ ടീം നേടിയ 5ന് 418 റൺസെന്ന റെക്കോർഡ് സ്കോറാണ് ഇന്ത്യൻ വനിതകൾ തകർത്തത്
അയർലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ റെക്കോഡ് വിജയവുമായി ഇന്ത്യൻ വനിതാ ടീം. രാജ്കോട്ടിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 435 റൺസെടുത്തു. ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ പുരുഷ, വനിതാ ടീമുകളെ പരിഗണിച്ചാൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോറാണിത്. 2011ൽ വെസ്റ്റിൻഡീസിനെതിരെ പുരുഷ ടീം നേടിയ 5ന് 418 റൺസെന്ന റെക്കോർഡ് സ്കോറാണ് ഇന്ത്യൻ വനിതകൾ തകർത്തത്.
ഓപ്പണർമാരായ ക്യാപ്റ്റൻ സ്മൃതി മന്ദാന, പ്രതിക റാവൽ എന്നിവര്‍ സെഞ്ചുറി പ്രകടനവുമായി തിളങ്ങിയതോടെയാണ് ഇന്ത്യ വമ്പൻ സ്കോറിലേക്ക് എത്തിയത്. മറുപടി ബാറ്റിങ്ങിൽ അയർലൻഡ് വനിതകൾ 31.4 ഓവറിൽ 131 റൺസിന് പുറത്തായതോടെ ഇന്ത്യ 304 റൺസിന്റെ വൻ വിജയവും സ്വന്തമാക്കി. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയും ഇന്ത്യ തൂത്തുവാരി.
ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്. വനിതാ ഏകദിനത്തിൽ റൺ അടിസ്ഥാനത്തിൽ ഉയർന്ന ഏഴാമത്തെ വിജയമാണിത്. 3 വിക്കറ്റ് വീഴ്ത്തിയ ദീപ്തി ശർമ, 3 വിക്കറ്റ് വീഴ്ത്തിയ തനൂജ കൻവാർ എന്നിവർ ചേർന്നാണ് അയർലൻഡിനെ 131ൽ ഒതുക്കിയത്. ടൈറ്റസ് സന്ധു, സയാലി സാത്ഗരെ, മലയാളി താരം മിന്നു മണി എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി. 43 പന്തിൽ ആറു ഫോറുകളോടെ 36 റൺസെടുത്ത ഓർല പ്രെൻഡർഗാസ്റ്റാണ് അയര്‍ലൻഡിന്റെ ടോപ് സ്കോറർ.
advertisement
70 പന്തുകളിൽനിന്നാണ് സ്മൃതി രാജ്യാന്തര ഏകദിനത്തിലെ പത്താം സെഞ്ചുറി സ്വന്തമാക്കിയത്. 80 പന്തുകളിൽ 135 റൺസെടുത്ത് സ്മൃതി പുറത്തായി. 7 സിക്സുകളും 12 ഫോറുകളും സഹിതമാണ് ഇന്ത്യൻ ക്യാപ്റ്റൻ 135 റൺസെടുത്തത്. 70 പന്തുകളിൽ സെഞ്ചുറി പിന്നിട്ട സ്മൃതി, ഇന്ത്യൻ വനിതകളിലെ വേഗമേറിയ ഏകദിന സെഞ്ചറിയെന്ന റെക്കോർഡും സ്വന്തമാക്കി. കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 87 പന്തിൽ സെഞ്ചുറി പിന്നിട്ട ഹർമൻപ്രീത് കൗറിന്റെ റെക്കോർഡാണ് സ്മൃതി തകർത്തത്.
മത്സരത്തിൽ സ്മൃതി നേടിയ ഏഴു സിക്സറുകൾ ഇന്ത്യൻ താരങ്ങളിൽ റെക്കോർഡാണ്. ഇതിനു മുൻപ് ഒരു ഇന്നിങ്സിൽ കൂടുതൽ സിക്സർ നേടിയ താരം ഹർമൻപ്രീത് കൗറാണ്. 2017 ലോകകപ്പിൽ ഓസ്ട്രേലിയയ്‌ക്കെതിരെ 115 പന്തിൽ പുറത്താകാതെ 171 റൺസ് നേടിയ മത്സരത്തിൽ ഹർമൻപ്രീതും 7 സിക്സർ നേടി. ഏകദിനത്തിൽ കൂടുതൽ സിക്സർ നേടുന്ന ഇന്ത്യൻ താരങ്ങളിൽ (52) സ്മൃതി ഹർമൻപ്രീതിനൊപ്പമെത്തി.
advertisement
129 പന്തുകൾ നേരിട്ട പ്രതിക 154 റൺസെടുത്തും പുറത്തായി. 20 ഫോറും ഒരു സിക്സും സഹിതമാണ് പ്രതിക 154 റൺസെടുത്തത്. ഓപ്പണിങ് വിക്കറ്റിൽ സ്മൃതി – പ്രതിക സഖ്യം ഇരട്ടസെഞ്ചറി കൂട്ടുകെട്ടു തീർത്തു. 26.4 ഓവർ (160 പന്ത്) ക്രീസിൽ നിന്ന ഇരുവരും അടിച്ചുകൂട്ടിയത് 233 റൺസാണ്. വനിതാ ഏകദിനത്തിൽ ഒരേ മത്സരത്തിൽ ഇന്ത്യൻ ഓപ്പണർമാർ സെഞ്ചുറി നേടുന്നത് ഇത് മൂന്നാം തവണ മാത്രം. 1999ൽ മിതാലി രാജ്, രേഷ്മ ഗാന്ധി എന്നിവരും 2017ൽ ദീപ്തി ശർമ പൂനം റാവത്ത് എന്നിവരുമാണ് മുൻഗാമികൾ. മൂന്നു തവണയും എതിരാളികൾ അയർലൻഡ് ആയിരുന്നുവെന്ന പ്രത്യേകതയുമുണ്ട്.
advertisement
Summary: Pratika Rawal and Smriti Mandhana smashed centuries on a record-breaking day for India as the hosts beat Ireland by a mammoth 304 runs to clinch a 3-0 series victory at the Niranjan Shah Stadium on Wednesday.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Rajkot,Rajkot,Gujarat
First Published :
January 16, 2025 9:34 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
India Women Cricket| 435 റൺസ്! ഏകദിനത്തിൽ പുരുഷ ടീമിന്റെ റെക്കോഡും തകർത്തു; 304 റൺസിന്റെ റെക്കോഡ് വിജയവുമായി വനിതാ ടീം