തിരുവനന്തപുരം: ഇന്ത്യ- ശ്രീലങ്ക ഏകദിനത്തിനായി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം ഒരുങ്ങി. തിരുവനന്തപുരം നഗരത്തിൽ തന്നെയുള്ള രണ്ട് ഹോട്ടലുകളിലായാണ് ഇരു ടീമുകൾക്കും താമസ സൗകര്യമൊരിക്കിയിരിക്കുന്നത്. ടീമുകളുടെ ഭക്ഷണക്രമത്തിന്റെ വിശദാംശങ്ങളും ഹോട്ടലുകൾക്ക് കൈമാറി. ടീം ഇന്ത്യ ഹലാൽ മാംസഭക്ഷണമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
നവീകരണത്തിന് ശേഷം തുറന്നിരിക്കുന്ന ഹയാത്ത് റീജസൻസി ഹോട്ടലിലാണ് ഇന്ത്യൻ ടീമിന് താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്. ഹോട്ടലിലെ രണ്ടുനിലകൾ പൂർണമായും ഇന്ത്യൻ ടീമിനും ഒഫീഷ്യലുകൾക്കുമായി നീക്കിവെച്ചു. ആകെ 50 മുറികളാണ് മാറ്റിവെച്ചിരിക്കുന്നത്. ഈ നിലകളിലേക്ക് മറ്റ് അതിഥികൾക്ക് പ്രവേശന വിലക്കുണ്ട്. ഇന്നു മുതൽ ഇവിടെ കനത്ത സുരക്ഷാ വലയത്തിലായിരിക്കും. ശ്രീലങ്കൻ ടീമിന് താമസ സൗകര്യമൊരുക്കിയിരിക്കുന്നത് താജ് വിവാന്തയിലാണ്. 40 റൂമുകൾ ടീമിനും ഒഫീഷ്യലുകൾക്കുമായി നീക്കിവെച്ചു.
Also Read- ഷെട്ടി വീട്ടിൽ കല്യാണ മേളം; സുനിൽ ഷെട്ടിയുടെ മകൾ അതിയ ഷെട്ടിയും കെ.എൽ. രാഹുലും ഈ മാസം വിവാഹിതരാകും
ഇരുടീമുകളും ഇന്ന് വൈകിട്ട് നാലോടെ കൊല്‍ക്കത്തയില്‍നിന്ന് എയര്‍ വിസ്താരയുടെ പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തെത്തും. ശനിയാഴ്ച ടീമുകൾ സ്റ്റേഡിയത്തില്‍ പരിശീലനം നടത്തും. ഉച്ചക്ക് ഒന്ന് മുതല്‍ നാലുവരെ ശ്രീലങ്കക്കും വൈകിട്ട് അഞ്ചുമുതല്‍ എട്ടുവരെ ഇന്ത്യന്‍ ടീമിനുമാണ് പരിശീലനം. ഞായറാഴ്ചത്തേത് പകൽ-രാത്രി മത്സരമാണ്.
ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാമത്തെ അന്താരാഷ്ട്ര ഏകദിനമാണിത്. 2018 നവംബര്‍ ഒന്നിന് സ്റ്റേഡിയത്തിലെ ആദ്യ ഏകദിനത്തിൽ വെസ്റ്റിന്‍ഡീസിനെതിരായി ഇന്ത്യ ജയിച്ചു. ടിക്കറ്റ് വില്പന പുരോഗമിക്കുകയാണ്. വിദ്യാര്‍ഥികള്‍ക്കുള്ള ടിക്കറ്റുകള്‍ ബന്ധപ്പെട്ട വിദ്യാഭ്യാസസ്ഥാപനങ്ങള്‍ മുഖേനയാണ് വാങ്ങേണ്ടത്. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ലെറ്റര്‍ ഹെഡില്‍ ടിക്കറ്റ് ആവശ്യമുള്ളവരുടെ പേരും ഐ.ഡി നമ്പറും ഉള്‍പ്പെടുത്തി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെടണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.