'പഞ്ചാബിന്റെ മുൻ മുഖ്യമന്ത്രി ഞാനല്ല; എന്നെ ടാഗ് ചെയുന്നത് നിർത്തൂ'; അപേക്ഷയുമായി ഇന്ത്യൻ ഫുട്ബോൾ താരം
- Published by:Naveen
- news18-malayalam
Last Updated:
പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന കോൺഗ്രസ് നേതാവ് അമരീന്ദർ സിങ്ങിനെയും തന്റെ പേരും ഒന്നായതാണ് താരത്തിന് തലവേദന സൃഷ്ടിച്ചിരിക്കുന്നത്
പഞ്ചാബിൽ കോൺഗ്രസ് പാർട്ടിയിൽ പ്രശ്‌നങ്ങള്‍ രൂക്ഷമായിക്കൊണ്ടിരിക്കെ പുലിവാല് പിടിച്ചിരിക്കുകയാണ് ഇന്ത്യൻ ഫുട്ബോൾ ടീം ഗോൾകീപ്പർ അമരീന്ദർ സിങ്. പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന കോൺഗ്രസ് നേതാവ് അമരീന്ദർ സിങ്ങിനെയും തന്റെ പേരും ഒന്നായതാണ് താരത്തിന് തലവേദന സൃഷ്ടിച്ചിരിക്കുന്നത്. ഇരുവരുടെയും പേര് ഒന്നായത് മൂലം പഞ്ചാബ് കോൺഗ്രസുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകളിൽ അമരീന്ദർ സിങ്ങിനെ മാധ്യമങ്ങൾ ടാഗ് ചെയ്തിരുന്നു. ഇങ്ങനെ തന്നെ ടാഗ് ചെയ്യുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ടാണ് അമരീന്ദർ രംഗത്ത് എത്തിയിരിക്കുന്നത്. തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് താരം തന്റെ പ്രതികരണം അറിയിച്ചത്.
'പ്രിയപ്പെട്ട വാര്‍ത്താ മാധ്യമങ്ങളെ, മാധ്യമപ്രവര്‍ത്തകരേ, ഞാന്‍ അമരീന്ദര്‍ സിങ്, ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ ഗോള്‍ കീപ്പര്‍. പഞ്ചാബിന്റെ മുന്‍ മുഖ്യമന്ത്രിയല്ല. എന്നെ ടാഗ് ചെയ്യുന്നത് ദയവായി നിര്‍ത്തൂ.'-ട്വിറ്ററില്‍ അമരീന്ദര്‍ സിങ് കുറിച്ചു.
അമരീന്ദർ ഇത്തരത്തിൽ ട്വീറ്റ് ചെയ്തതിന് പിന്നാലെ പഞ്ചാബിന്റെ മുൻ മുഖ്യമന്ത്രിയായ അമരീന്ദർ സിങ് ഇന്ത്യൻ താരത്തിന്റെ ട്വീറ്റിന് മറുപടി നൽകിക്കൊണ്ട് രംഗത്ത് വരികയും ചെയ്തതോടെ സംഭവം സമൂഹ മാധ്യമങ്ങളിൽ തരംഗമായിട്ടുണ്ട്. ' പ്രിയ സുഹൃത്തേ, നിന്റെ അവസ്ഥ ഞാൻ മനസിലാക്കുന്നു, ഭാവിയിലെ മത്സരങ്ങൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു' - പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് മറുപടിയായി കുറിച്ചു.
advertisement
I empathise with you, my young friend. Good luck for your games ahead. https://t.co/MRy4aodJMx
— Capt.Amarinder Singh (@capt_amarinder) September 30, 2021
പഞ്ചാബിലെ മഹില്‍പൂരില്‍ നിന്നുള്ള ഫുട്‌ബോള്‍ താരമാണ് അമരീന്ദർ സിങ്. ഐഎസ്‌എല്ലില്‍ എടികെ മോഹന്‍ ബഗാന്റെ താരമാണ്. 2017 മുതല്‍ 2021 വരെ മുംബൈ സിറ്റിയുടെ ഗോൾകീപ്പറായിരുന്ന താരം ഈ സീസണിലാണ് എടികെ മോഹന്‍ ബഗാനിലേക്ക് എത്തിയത്. എഎഫ്‌സി എഷ്യാ കപ്പില്‍ എടികെയ്ക്ക് വേണ്ടി നാല് മത്സരങ്ങളില്‍ കളിച്ചു. പിന്നീട് കോവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് സാഫ് കപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് പുറത്തായിരുന്നു. കോവിഡ് പോസിറ്റീവ് ആയിരുന്ന അമരീന്ദറിന് പകരം യുവ ഗോൾകീപ്പർ ധീരജ് സിങാണ് ടീമിലിടം നേടിയത്.
advertisement
അതേസമയം, മുൻ പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന അമരീന്ദർ സിങ് അപമാനം സഹിച്ച് കോൺഗ്രസിൽ തുടരില്ലെന്ന് വ്യക്തമാക്കി. കോൺഗ്രസ് വിടുമെന്ന് സ്ഥിരീകരിച്ച് മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കോൺഗ്രസ് വിടുമെന്ന നിലപാട് അമരീന്ദർ വ്യക്തമാക്കിയത്. എന്നാൽ ഇപ്പോൾ ബിജെപിയിലേക്ക് ഇല്ലെന്നും അമരീന്ദർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയ അമരീന്ദർ സിംഗ് ആഭ്യന്തര മന്ത്രി അമിത് ഷായുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അമരീന്ദർ നിലപാട് വ്യക്തമാക്കിയത്. അമരീന്ദർ പുതിയ പാർട്ടി രൂപീകരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 30, 2021 4:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'പഞ്ചാബിന്റെ മുൻ മുഖ്യമന്ത്രി ഞാനല്ല; എന്നെ ടാഗ് ചെയുന്നത് നിർത്തൂ'; അപേക്ഷയുമായി ഇന്ത്യൻ ഫുട്ബോൾ താരം