നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • T20 World Cup |ഇത്തവണത്തെ ലോകകപ്പ് കിരീടം ഞങ്ങള്‍ക്കുള്ളതാണ്, ഇന്ത്യ ചരിത്രം ആവര്‍ത്തിക്കും: രോഹിത് ശര്‍മ്മ

  T20 World Cup |ഇത്തവണത്തെ ലോകകപ്പ് കിരീടം ഞങ്ങള്‍ക്കുള്ളതാണ്, ഇന്ത്യ ചരിത്രം ആവര്‍ത്തിക്കും: രോഹിത് ശര്‍മ്മ

  ചരിത്രം ആവര്‍ത്തിക്കാനായി എന്തും ചെയ്യാന്‍ തയ്യാറായാണ് ഇന്ത്യന്‍ താരങ്ങള്‍ വരുന്നതെന്നും രോഹിത് ശര്‍മ്മ പറഞ്ഞു.

  News18

  News18

  • Share this:
   ഐപിഎല്ലിന് ശേഷം യുഎഈയില്‍ ആരംഭിക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പ് ഇന്ത്യ നേടുമെന്ന് ഇന്ത്യന്‍ ടീം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. 2007ല്‍ ധോണിയുടെ നേതൃത്വത്തില്‍ ഇന്ത്യ പ്രഥമ ഐസിസി ടി20 ലോകകപ്പ് കിരീടം നേടിയതുപോലെ ഇക്കുറി ചരിത്രം ആവര്‍ത്തിക്കുമെന്നും ഹിറ്റ്മാന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

   2007 ല്‍ പ്രഥമ ഐസിസി ടി20 ലോകകപ്പ് കിരീടം നേടിയശേഷം 2014 ല്‍ ഫൈനലിനും 2016 ല്‍ സെമിഫൈനലിലും ഇന്ത്യ പ്രവേശിച്ചുരുന്നുവെങ്കിലും കിരീടം നേടുവാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ ടി20 ലോകകപ്പ് കിരീടം ഇന്ത്യ നേടുമെന്ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ രോഹിത് ശര്‍മ്മ കുറിച്ചു. ചരിത്രം ആവര്‍ത്തിക്കാനായി എന്തും ചെയ്യാന്‍ തയ്യാറായാണ് ഇന്ത്യന്‍ താരങ്ങള്‍ വരുന്നതെന്നും രോഹിത് ശര്‍മ്മ പറഞ്ഞു.

   'സെപ്റ്റംബര്‍ 24, ജോഹനാസ്ബര്‍ഗ്. അന്നാണ് കോടിക്കണക്കിന് സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമായത്. ഞങ്ങളെ പോലെ എക്‌സ്പീരിയന്‍സ് ഇല്ലാത്ത യുവനിരയുള്ള ടീം ചരിത്രം സൃഷ്ടിക്കുമെന്ന് ആരും കരുതിക്കാണില്ല. അതിനുശേഷം 14 വര്‍ഷങ്ങള്‍ കഴിഞ്ഞു. ഞങ്ങള്‍ ഒരുപാട് സഞ്ചരിച്ചു. ഒരുപാട് ചരിത്രങ്ങള്‍ സൃഷ്ടിച്ചു. ഞങ്ങള്‍ക്കും തിരിച്ചടികളുണ്ടായി. ഞങ്ങളും ബുദ്ധിമുട്ടി, എന്നാല്‍ ഞങ്ങളുടെ മനോബലം തകര്‍ന്നിട്ടില്ല. കാരണം ഞങ്ങളൊരിക്കലും തോല്‍ക്കാന്‍ തയ്യാറല്ല. ഈ ഐസിസി ലോകകപ്പില്‍ ഞങ്ങളില്‍ ഓരോരുത്തരും കഴിവിന്റെ അങ്ങേയറ്റം ടീമിന് വേണ്ടി നല്‍കും. ഞങ്ങള്‍ വരുന്നുണ്ട്, ഈ ട്രോഫി ഞങ്ങളുടെയാണ്. ഇന്ത്യ, നമുക്കത് നേടാം.'- രോഹിത് ശര്‍മ്മ കുറിച്ചു.

   ടൂര്‍ണമെന്റില്‍ വിരാട് കോഹ്ലിയാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. 2007 ല്‍ ഇന്ത്യയ്ക്ക് ടി20 ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റന്‍ എം എസ് ധോണിയെ ലോകകപ്പിനുള്ള ടീമിന്റെ മെന്ററായും ഇന്ത്യ നിയമിച്ചിട്ടുണ്ട്. ഈ ലോകകപ്പിന് ശേഷം ടി20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാനൊരുങ്ങുകയാണ് വിരാട് കോഹ്ലി. വഴിത്തിരിവുകളൊന്നും ഉണ്ടായില്ലയെങ്കില്‍ ലോകകപ്പിന് ശേഷം രോഹിത് ശര്‍മ്മയാകും ടി20 ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുക. ടി20 ക്രിക്കറ്റില്‍ ക്യാപ്റ്റനായി മികച്ച റെക്കോര്‍ഡാണ് രോഹിത് ശര്‍മ്മയ്ക്കുള്ളത്.

   ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ കിരീടനേട്ടത്തിലെത്തിച്ച രോഹിത് ഇന്ത്യന്‍ ക്യാപ്റ്റനായും മികച്ച പ്രകടനമാണ് പുറത്തെടുത്തിട്ടുള്ളത്.

   ഒക്ടോബര്‍ 17ന് യോഗ്യതാ മത്സരങ്ങളോടെയാണ് ടി20 ലോകകപ്പിന് തുടക്കമാകുന്നത്. സൂപ്പര്‍ 12 മത്സരങ്ങള്‍ ഒക്ടോബര്‍ 23 ന് ആരംഭിക്കും. നവംബര്‍ 14 നാണ് ഫൈനല്‍. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം ചിരവൈരികളായ പാകിസ്ഥാനെതിരെയാണ്. ഒക്ടോബര്‍ 24 നാണ് ഈ മത്സരം.

   ഇന്ത്യയില്‍ നടക്കേണ്ടിയിരുന്ന ലോകകപ്പ്, കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് അറേബ്യന്‍ മണ്ണിലേക്ക് മാറ്റിയത്. 2016ന് ശേഷം ഇതാദ്യമായാണ് ടി20 ലോകകപ്പ് നടക്കുന്നത് എന്ന പ്രത്യേകതയുണ്ട്. 2020ല്‍ ഓസ്ട്രേലിയ ആതിഥേയത്വം വഹിക്കേണ്ടിയിരുന്ന ടൂര്‍ണമെന്റാണ് കോവിഡ് വ്യാപനം മൂലം ആദ്യം ഇന്ത്യയിലേക്ക് മാറ്റുകയും പിന്നീട് അവിടുന്ന് യുഎഇയിലേക്ക് മാറ്റുകയായിരുന്നു.
   Published by:Sarath Mohanan
   First published:
   )}