ചരിത്ര വിജയം നേടിയ അഫ്ഗാനിസ്ഥാന് ആശംസകളുമായി ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ
- Published by:Sarika KP
- news18-malayalam
Last Updated:
അഫ്ഗാനിസ്ഥാന്റെ സെമി പ്രവേശനത്തിൽ ആശംസകളുമായി നിരവധി ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ രംഗത്ത് വന്നിട്ടുണ്ട്.
ടി20 പുരുഷ ലോകകപ്പ് മത്സരത്തിലെ വിജയക്കുതിപ്പ് തുടർന്ന് അഫ്ഗാനിസ്ഥാൻ. ചൊവ്വാഴ്ച കിങ്‌സ്ടൗണിൽ നടന്ന സൂപ്പർ എട്ട് മത്സരത്തിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയാണ് അഫ്ഗാനിസ്ഥാൻ സെമി പ്രവേശനം ഉറപ്പിച്ചത്. മഴമൂലം ഡിഎൽഎസ് നിയമം അനുസരിച്ച് നടന്ന കളിയിൽ എട്ട് റൺസിനാണ് അഫ്ഗാന്റെ വിജയം. 115 റൺസിൽ ഒതുങ്ങേണ്ടി വന്നെങ്കിലും ചരിത്ര വിജയം നേടി അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. അഫ്ഗാനിസ്ഥാന്റെ വിജയത്തോടെ ഓസ്ട്രേലിയ സെമി കാണാതെ പുറത്തായി.
41 ബോളിൽ അർധ സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന ലിട്ടൺ ദാസ് ബംഗ്ലാദേശിന് വിജയ പ്രതീക്ഷ നൽകിയിരുന്നു. മഴ പലതവണ കളി തടസ്സപ്പെടുത്തിയതിനെത്തുടർന്ന് ഡിഎൽഎസ് നിയമം അനുസരിച്ച് ബംഗ്ലാദേശിന് 19 ഓവറിൽ 114 റൺസ് നേടേണ്ടിയിരുന്നു. ഒൻപത് പന്തിൽ ഒൻപത് റൺസ് വേണമെന്നിരിക്കെ അഫ്ഗാൻ താരം നവീൻ ഉൾ ഹഖ് ബംഗ്ലാദേശിന്റെ ടസ്കിൻ അഹമ്മദിനെയും മുസ്താഫിസുർ റഹ്മാനെയും മടക്കിയയച്ചുകൊണ്ട് അഫ്ഗാനിസ്ഥാന് ചരിത്ര വിജയം സമ്മാനിച്ചു.
advertisement
ഇതോടെ ഓസ്ട്രേലിയ പുറത്താവുകയും അഫ്ഗാനിസ്ഥാൻ സെമി ഫൈനൽ മത്സരത്തിന് യോഗ്യത നേടുകയും ചെയ്തു. അതേസമയം ഓസ്ട്രേലിയയുടെ പുറത്താകൽ ഇന്ത്യക്ക് ആശ്വാസം പകരുന്നതാണ്. 2007 ലെ ടി20 സെമി ഫൈനൽ, 2016 ലെ ടി20 ക്വാർട്ടർ ഫൈനൽ പോലുള്ള പ്രധാന മത്സരങ്ങളിൽ ഓസ്ട്രേലിയയെ ഇന്ത്യ പരാജയപ്പെടുത്തിയിട്ടുണ്ടെങ്കിലും 2003 മുതൽ 2023 വരെ നടന്നിട്ടുള്ള ഇന്ത്യ - ഓസ്ട്രേലിയ ലോകകപ്പ് ഫൈനൽ മത്സരങ്ങളിൽ അവസാന നിമിഷം ഇന്ത്യക്ക് പരാജയപ്പെടേണ്ടി വന്നിട്ടുണ്ട്.
Oohh what a win for Afghanistan!!! A much deserved win for a brilliant team and a beautiful country. Kabul celebrates today... So does the world. pic.twitter.com/n2Tr8GXAuw
— Suniel Shetty (@SunielVShetty) June 25, 2024
advertisement
തുടർച്ചയായി അഫ്ഗാനിസ്ഥാനോടും ഇന്ത്യയോടും തോറ്റ ശേഷമാണ് ഓസ്ട്രേലിയ പുറത്താകുന്നത്. രോഹിത് ശർമ്മ നേടിയ 92 റൺസിന്റെ പിൻബലത്തിൽ 24 റൺസിനാണ് ഇന്ത്യ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയത്. 43 പന്തിൽ 76 റൺസുമായി പുറത്താകാതെ നിന്ന ട്രാവിസ് ഹെഡ് ഇടയ്ക്ക് ഇന്ത്യയെ സമ്മർദ്ദത്തിലാക്കിയെങ്കിലും ജസ്‌പ്രിത് ബുംറയുടെ പന്തിൽ ട്രാവിസ് ഹെഡിന്റെ വിക്കറ്റും നേടി ഇന്ത്യ സെമിയിലേക്ക് പ്രവേശിച്ചു. അഫ്ഗാനിസ്ഥാന്റെ സെമി പ്രവേശനത്തിൽ ആശംസകളുമായി നിരവധി ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ രംഗത്ത് വന്നിട്ടുണ്ട്. അഫ്ഗാനിസ്ഥാന്റെ പ്രകടനത്തെ പ്രകീർത്തിച്ചുകൊണ്ടുള്ള നിരവധി പോസ്റ്റുകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
June 25, 2024 5:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ചരിത്ര വിജയം നേടിയ അഫ്ഗാനിസ്ഥാന് ആശംസകളുമായി ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ